
'ഒരു ജോലി, ഒരു ശമ്പളം' എന്ന പരമ്പരാഗത ചിന്താ ഒഴിവാക്കി, ജെന്‍ സി ഇപ്പോള്‍ പുതിയൊരു പാതയിലാണ്. ഒന്നിലധികം വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുള്ള ഈ താല്‍പ്പര്യം, വെറുമൊരു താല്‍ക്കാലിക ട്രെന്‍ഡല്ല, മറിച്ച് ജോലി, വരുമാനം എന്നിവ എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടാണ് മാറ്റിയെഴുതുന്നത്. സാമ്പത്തിക വിവര വിശകലന സ്ഥാപനമായ 'ഇന്‍ട്യൂട്ട്' നടത്തിയ ഒരു സര്‍വേ പ്രകാരം, 18നും 35നും ഇടയില്‍ പ്രായമുള്ളവരില്‍ മൂന്നില്‍ രണ്ട് ഭാഗം (ഏകദേശം 66%) പേരും ഒരു പ്രധാന വരുമാന സ്രോതസ്സിനൊപ്പം ഒരു 'സൈഡ് ബിസിനസ്' ആരംഭിച്ചിട്ടുണ്ട്, അല്ലെങ്കില്‍ തുടങ്ങാന്‍ പദ്ധതിയിടുന്നു. അതില്‍ 65% പേരും ഈ സംരംഭങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നവരാണ്.
'സൈഡ് ബിസിനസ്' എന്നത് അധിക വരുമാനത്തിനായുള്ള ഒരു ശ്രമം മാത്രമല്ല, അത് സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള വഴികൂടിയാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയോളം (49%) പേര്‍ തങ്ങളുടെ പ്രധാന ലക്ഷ്യം സ്വന്തം 'ബോസ്' ആകുക എന്നതാണ് എന്ന് വ്യക്തമാക്കി. 42% പേര്‍ തങ്ങളുടെ അഭിലാഷങ്ങളും ഇഷ്ടങ്ങളും പിന്തുടരാനുള്ള മാര്‍ഗമാണ് ഇതിന് പിന്നിലെന്ന് പറയുന്നു. പരമ്പരാഗതമായ 9 മണി മുതല്‍ 5 മണി വരെയുള്ള ജോലി, ഇപ്പോള്‍ യുവതലമുറയുടെ സ്വാതന്ത്ര്യത്തെയും ലക്ഷ്യബോധത്തെയും തൃപ്തിപ്പെടുത്തുന്നില്ലെന്ന് ചുരുക്കം
എന്നാല്‍ ഈ സ്വാതന്ത്ര്യം പുതിയ വെല്ലുവിളികളും കൊണ്ടുവരുന്നുണ്ട്. അധിക ജോലി ചെയ്യുന്നവരില്‍ 44% ചെയ്യുന്നവരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സമയമില്ലായ്മ ആണ്. ജോലികളും സംരംഭങ്ങളും വ്യക്തിപരമായ ജീവിതവും ഒരുമിച്ച് കൊണ്ടുപോകാന്‍ വലിയ ശ്രദ്ധയും പൊരുത്തപ്പെടാനുള്ള കഴിവും ആവശ്യമാണ്. അതേ സമയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഓട്ടോമേഷനും ദൈനംദിന ടൂളുകളില്‍ വന്നതോടെ, യുവ സംരംഭകര്‍ക്ക് പതിവ് ജോലികളില്‍ നഷ്ടമായിരുന്ന സമയം തിരികെ നേടാനും കൂടുതല്‍ സ്മാര്‍ട്ടായി ജോലി ചെയ്യാനും കഴിയുന്നുണ്ട്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 44% പേരും ഇന്‍സ്റ്റാഗ്രാം, ലിങ്ക്ഡ്ഇന്‍ പോലുള്ള പ്ലാറ്റ്‌ഫോമുകളാണ് തങ്ങളുടെ പ്രധാന മാര്‍ക്കറ്റിംഗ് ചാനലായി ഉപയോഗിക്കുന്നത്. ഏതാണ്ട് മൂന്നിലൊന്ന് പേര്‍ തങ്ങളുടെ ബിസിനസ് വിജയത്തിന് ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് ഈ പ്ലാറ്റ്‌ഫോമുകളാണെന്നും പറയുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ വെറും 3% പേര്‍ മാത്രമാണ് തങ്ങളുടെ സംരംഭങ്ങള്‍ പരാജയപ്പെട്ടതായി പറഞ്ഞത്. മിക്ക സംരംഭങ്ങളിലും മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ ലാഭകരമായി മാറാന്‍ കഴിഞ്ഞു.യുവതലമുറ വെറുതെ അധിക പണം നേടുക മാത്രമല്ല ചെയ്യുന്നത്, അവര്‍ ജോലിയുടെ സ്വഭാവത്തെ തന്നെ മാറ്റിമറിക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് സര്‍വേ