സ്വർണത്തിന് ഇൻഷുറൻസ് വേണോ? വില റെക്കോ‍ർഡിൽ; റിസ്ക് ഒഴിവാക്കാം, ഗോൾഡ് ഇൻഷുറൻസ് ഉറപ്പാക്കാം എളുപ്പത്തിൽ

Published : Sep 06, 2025, 01:44 PM IST
gold

Synopsis

സ്വർണ്ണത്തിന്റെ ആകെ മൂല്യത്തിന്റെ 95 ശതമാനം തുകയും ഇത്തരത്തിലുള്ള ഇൻഷുറൻസ് കവറേജിലൂടെ ലഭിക്കും.

സംസ്ഥാനത്ത് ഇന്ന സ്വർണവില റെക്കോർഡിലാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് ഇന്ന് വിപണികളിൽ സ്വർണ വ്യാപാരം നടക്കുന്നത്. പവന് ഇന്ന 79,560 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവില എക്കാലത്തെയും ഉയരുന്ന റെക്കോർഡ് വില ആയ 3600 ഡോളറിലും എത്തിയിട്ടുണ്ട്. 24കാരറ്റ് സ്വർണ്ണക്കട്ടി ഒരു കിലോഗ്രാമിന് ബാങ്ക് നിരക്ക് ഒരു കോടി 5 ലക്ഷം രൂപ ആയിട്ടുണ്ട്. താമസിയാതെ അന്താരാഷ്ട്ര സ്വർണ്ണവില 3800 ഡോളറിലേക്ക് എത്തും എന്നുള്ള സാഹചര്യങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഇങ്ങനെ വരുമ്പോൾ കയ്യിലുള്ള സ്വർണം സൂക്ഷിക്കുന്നതല്ലേ നല്ലത്? ഓരോ ദിവസവും വില കൂടിക്കൊണ്ടിരിക്കുന്നതിനാൽ ഉയർന്ന മൂല്യമുള്ള സ്വർണ്ണത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇതിൽ ഏറ്റവും പ്രധാനം ഇൻഷുറൻസ് ആണ്.

ഇന്ത്യയിലെ വീടുകളിൽ 280 ലക്ഷം കോടി രൂപ മൂല്യമുള്ള 27,000 ടൺ സ്വർണംസൂക്ഷിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ. സാധാരണയായി വീടുകൾക്കുള്ള ഇൻഷുറൻസ് എടുക്കുമ്പോൾ അതിനോടനുബന്ധിച്ചാണ് സ്വർണ്ണത്തിന്റെയും ഇൻഷുറൻസ് കവറേജ്. എന്നാൽ ആകെ ഇൻഷുറൻസ് കവറേജിന്റെ 15 ശതമാനം തുക മാത്രമേ സ്വർണത്തിന് ലഭിക്കുകയുള്ളൂ.

ഈ സാഹചര്യത്തിൽ പല ഇൻഷുറൻസ് കമ്പനികളും സ്വർണത്തിന് പ്രത്യേകമായി ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ജ്വല്ലറി ബ്രാൻഡുകൾ ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ച് കുറഞ്ഞ നിരക്കിൽ ഉള്ള സമഗ്രമായ ഇൻഷുറൻസ് കവറേജ് ആണ് നൽകുന്നത്. പ്രകൃതിക്ഷോഭങ്ങൾ, തീ എന്നിവ മൂലം സ്വർണ്ണം നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ഇൻഷുറൻസ് കവറേജ് ലഭിക്കുക. കൂടാതെ മോഷണം, കലാപങ്ങൾ, വാഹനാപകടങ്ങൾ മുതലായവയിലൂടെ സ്വർണ്ണം നഷ്ടപ്പെടുമ്പോഴും കവറേജ് ലഭിക്കും.

സ്വർണ്ണത്തിന്റെ ആകെ മൂല്യത്തിന്റെ 95 ശതമാനം തുകയും ഇത്തരത്തിലുള്ള ഇൻഷുറൻസ് കവറേജിലൂടെ ലഭിക്കും. ആഭരണത്തിന്റെ നിർമ്മാണ കൂലി, നികുതി എന്നിവ കിഴിച്ചാണ് ഇൻഷുറൻസ് കവറേജ് കണക്കുകൂട്ടുന്നത്. അതേസമയം സ്വർണം വിൽക്കുക, ഏതെങ്കിലും നടപടികളുടെ ഭാഗമായി സർക്കാർ സ്വർണം പിടിച്ചെടുക്കുമ്പോഴോ ഉണ്ടാകുന്ന നഷ്ടത്തിന് ഇൻഷുറൻസ് കവറേജ് ലഭിക്കില്ല. ജ്വല്ലറി ഇൻഷുറൻസ്, ഗോൾഡ് ലോൺ ഇൻഷുറൻസ്, ജ്വല്ലേഴ്സ് ബിസിനസ് ഇൻഷുറൻസ്, ബാങ്ക് ലോക്കർ ഇൻഷുറൻസ് എന്നീ പേരുകളിലാണ് ഇൻഷുറൻസ് കവറേജ് ലഭിക്കുന്നത്. വീടുകൾക്കുള്ള ഇൻഷുറൻസ് എടുക്കുമ്പോൾ ആഡ് ഓൺ ആയും സ്വർണാഭരണങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കും. ജ്വല്ലറികൾ ഏർപ്പെടുത്തുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പോളിസികളുടെ ഭാഗമായി ആഭരണങ്ങൾക്ക് ഇൻഷുറൻസ് കവറേജ് തിരഞ്ഞെടുക്കാനും അവസരമുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

Gold Rate Today: നേരിയ ഇടിവിൽ സ്വർണവില, ഒരു പവന് ഇന്ന് എത്ര നൽകണം?
Gold Rate Today: വീണ്ടും 96,000 കടക്കുമോ? കുത്തനെ ഉയർന്ന് സ്വർണവില; വെള്ളിയും കത്തിക്കയറുന്നു