
ദില്ലി: സ്റ്റീൽ, അലൂമിനിയം, കോപ്പർ തുടങ്ങിയ ലോഹങ്ങൾക്ക് അമേരിക്ക ചുമത്തുന്ന തീരുവയുടെ കാര്യത്തിൽ ഇന്ത്യയും മറ്റ് രാജ്യങ്ങളും ഒരേ നിലയിലാണെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യയും യുഎസും തമ്മിലുള്ള പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ കയറ്റുമതി രംഗത്തുണ്ടായ ചില ആശങ്കകൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ഗോയൽ ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ് ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി (സെക്ഷൻ 232 പ്രകാരം) സ്റ്റീൽ, അലൂമിനിയം, കോപ്പർ എന്നിവയ്ക്ക് 50% തീരുവ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യയെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ല, മറിച്ച് ലോകത്തെ എല്ലാ രാജ്യങ്ങൾക്കും ബാധകമാണ്. അതുകൊണ്ടുതന്നെ, അമേരിക്കൻ വിപണിയിൽ മറ്റ് രാജ്യങ്ങളുമായി മത്സരിക്കുമ്പോൾ ഇന്ത്യക്ക് ഇതൊരു പ്രത്യേക തിരിച്ചടിയാകില്ലെന്നും പിയൂഷ് ഗോയൽ വിശദീകരിച്ചു.
പുതിയ കരാർ പ്രകാരം മറ്റ് നിരവധി ഇന്ത്യൻ ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാൻ യുഎസ് സമ്മതിച്ചിട്ടുണ്ട്. അതേസമയം, ലോഹങ്ങളും ചില വാഹന ഭാഗങ്ങളും ഉൾപ്പെടെ ഏകദേശം 12 ബില്യൺ ഡോളറിന്റെ ഇന്ത്യൻ കയറ്റുമതിക്ക് നിലവിലെ തീരുവയിൽ മാറ്റമുണ്ടാകില്ല. ദേശീയ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് 2025 ഓഗസ്റ്റിലാണ് അമേരിക്ക സെക്ഷൻ 232 പ്രകാരം സ്റ്റീൽ, അലൂമിനിയം, ചില കോപ്പർ ഉത്പന്നങ്ങൾ എന്നിവയ്ക്ക് 50% ഇറക്കുമതി തീരുവ വർധിപ്പിച്ചത്.
യുഎസുമായുള്ള ചർച്ചകളെ തുടർന്ന്, ഇന്ത്യയിൽ നിർമ്മിക്കുന്ന ഉയർന്ന മൂല്യമുള്ള ഉത്പന്നങ്ങൾക്ക് കാര്യമായ ഇളവുകൾ നേടിയെടുക്കാൻ സാധിച്ചതായി പിയൂഷ് ഗോയൽ ചൂണ്ടിക്കാട്ടി. അസംസ്കൃത ലോഹങ്ങൾക്ക് സെക്ഷൻ 232 പ്രകാരമുള്ള തീരുവ ബാധകമാകാമെങ്കിലും, ഈ ലോഹങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വിമാന ഭാഗങ്ങൾ, വാഹന ഘടകങ്ങൾ പോലുള്ള പ്രത്യേക ഉത്പന്നങ്ങൾക്ക് ഈ തീരുവ തനിയെ ബാധകമാകില്ല. ഇത് ഇന്ത്യയുടെ നിർമ്മാണ മേഖലയ്ക്ക് വലിയ ഉത്തേജനം നൽകുമെന്നും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.
പുതിയ ധാരണ പ്രകാരം തുണിത്തരങ്ങൾ, രത്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുൾപ്പെടെ ഏകദേശം 44 ബില്യൺ ഡോളർ വിലമതിക്കുന്ന ഇന്ത്യൻ കയറ്റുമതിക്ക് ഇനി പൂജ്യം തീരുവയായിരിക്കും. ഫാർമ പോലുള്ള മറ്റ് മേഖലകളെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും പിയൂഷ് ഗോയൽ അറിയിച്ചു.