
യൂറോപ്യൻ യൂണിയൻ, യുകെ, യുഎഇ, യുഎസ് തുടങ്ങിയവയുമായുള്ള വ്യാപാരക്കരാറുകൾ ഇന്ത്യക്ക് മുന്നിൽ വലിയ അവസരങ്ങളാണ് തുറന്നുതരുന്നതെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. തമിഴ്‌നാട്ടിൽ ടാറ്റ മോട്ടോഴ്‌സിന്റെയും ജാഗ്വാർ ലാൻഡ് റോവറിന്റെയും പുതിയ നിർമാണശാലയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായയിരുന്നു ടാറ്റ സൺസ് ചെയർമാൻ.
ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയ മോഡലുകളും ജാഗ്വാർ ലാൻഡ് റോവർ മോഡലുകളും നിർമിക്കാനാണ് തമിഴ്‌നാട്ടിൽ ഈ പ്ലാന്റ് സ്ഥാപിച്ചതെന്ന് എൻ. ചന്ദ്രശേഖരൻ വ്യക്തമാക്കി. മിഴ്‌നാട്ടിൽ ടാറ്റയുടെ 9000 കോടിയുടെ പ്ലാന്റ് വരുമ്പോൾ 5000 പേർക്ക് ജോലി സാധ്യത കൂടിയാണ് ഉണ്ടാകുന്നതെന്ന് എൻ. ചന്ദ്രശേഖരൻ പറഞ്ഞു. വർഷം 3 ലക്ഷം വാഹനങ്ങൾ നിർമിക്കാൻ ശേഷിയുള്ള പ്ലാന്റാണിത്. ഉയർന്ന നിലവാരത്തിലുള്ള വാഹനങ്ങൾ നിർമിക്കുന്നതിന്റെ ഒരു തുടക്കമായിരിക്കും ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ഫാക്ടറി
റാണിപ്പേട്ടിലെ ഈ പുതിയ ഫാക്ടറി, ജാഗ്വാർ ലാൻഡ് റോവറിൻ്റെ ആഭ്യന്തര ഉത്പാദന ശേഷി ഗണ്യമായി വർധിപ്പിക്കും. ഇന്ത്യയിലെ വിതരണ ശൃംഖല ശക്തിപ്പെടുത്താനും ഇത് സഹായിക്കും. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, 9,000 കോടി രൂപ മുതൽമുടക്കിലാണ് ഈ ഗ്രീൻഫീൽഡ് പ്രോജക്ട് ഒരുക്കിയിരിക്കുന്നത്. സാധാരണ പെട്രോൾ/ഡീസൽ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഇവിടെ നിർമ്മിക്കും. ഭാവിയിലെ വാഹന വ്യവസായ രംഗത്ത് തമിഴ്‌നാടിൻ്റെ പ്രാധാന്യം വർധിപ്പിക്കുന്നതാണ് ഈ നീക്കം. റാണിപ്പേട്ട് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾക്കും വ്യവസായ വളർച്ചയ്ക്കും ഇത് വഴിവെക്കുമെന്നാണ് പ്രതീക്ഷ