ആരോ​ഗ്യം കാത്ത് സൂക്ഷിക്കാൻ ഇതാ 10 വഴികൾ....

By Dr P P Mohammed MusthafaFirst Published Aug 29, 2019, 6:13 PM IST
Highlights

ഓരോ ദിവസവും ഒരു പഴം കൊണ്ടാകട്ടെ നിങ്ങളുടെ തുടക്കം. ഓട്സ് പോലെയുള്ള ധാന്യങ്ങള്‍, അവില്‍, തവിട് കളയാത്ത ഗോതമ്പ് തുടങ്ങിയവ രാവിലെ കഴിക്കുന്നത് മനസിനും ശരീരത്തിനും ഊര്‍ജം പകരുന്നതാണ്.

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. 'ഹൃദ്യം' എന്ന ഭാഷാ പ്രയോഗം തന്നെ മനുഷ്യ ശരീരത്തില്‍ ഹൃദയത്തിനുള്ള സ്ഥാനത്തെയാണ് സൂചിപ്പിക്കുന്നത്. നാം പൂര്‍ണ ആരോഗ്യത്തോടെ സംരക്ഷിക്കേണ്ട അവയവമാണ് ഹൃദയം. ഹൃദയ പരിപാലനം ഇപ്പോഴും മലയാളികളുടെ പ്രധാന ആരോഗ്യ അജണ്ടയായി  മാറിയിട്ടില്ല.

ഹൃദയ രോഗത്തിനു ചികിത്സ എന്നതിനു പകരം രോഗമില്ലാത്ത, ആരോഗ്യ ഹൃദയം എന്ന സങ്കല്‍പത്തിലേക്ക് നമ്മുടെ ആരോഗ്യ ചിന്ത ഇനിയും വികസിക്കേണ്ടതുണ്ട്. ജീവിത രീതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക എന്നതാണ് ഏറ്റവു പ്രധാനം.

ഡോക്ടറുടെ നിര്‍ദേശാനുസരണം ജീവിത രീതിയിലും ഭക്ഷണ ക്രമത്തിലും ഹൃദയാരോഗ്യത്തിനനുസൃതമായ മാറ്റങ്ങളാണ് വരുത്തേണ്ടത്. വിദഗ്ധനായ ഡോക്ടറുടെ നിര്‍ദേശമില്ലാതെ സ്വയം ചികിത്സ അപകടം വരുത്തും. ആസൂത്രണത്തോടെ വേണം ജീവിത രീതിയില്‍ മാറ്റം വരുത്താന്‍.  

രക്തസമ്മര്‍ദം കൊളസ്‌ട്രോള്‍ തുടങ്ങിയവ ശരീരത്തെ ബാധിച്ചു തുടങ്ങുമ്പോഴാണ് നാം പലപ്പോഴും ആരോഗ്യ ജീവിതത്തെക്കുറിച്ചും ഹൃദയ പരിപാലനത്തെ കുറിച്ചും ചിന്തിക്കുക. ഹൃദയസ്തംഭനം, സ്‌ട്രോക്ക് എന്നിവ നമ്മുടെ ജീവിത ശൈലിയില്‍ മാറ്റം വരുത്താന്‍ പലപ്പോഴും നമ്മെ നിര്‍ബന്ധിക്കുന്ന ഘടകങ്ങളാണ്.

എന്നാല്‍ ചിലര്‍ കഠിന പരിശീലനത്തിലൂടെയും ഡയറ്റ് ചെയ്തും അനാരോഗ്യകരമായ ശീലങ്ങളിലൂടെയും ഇത്തരം രോഗങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ശ്രമങ്ങള്‍ എല്ലായ്‌പ്പോഴും വിജയിക്കണമെന്നിമില്ല. ചിലപ്പോഴെങ്കിലും അപകടവും വരുത്തും.

എന്നാല്‍ വലിയ പരിശീലനങ്ങളൊന്നുമില്ലാതെ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ചില വഴികളുണ്ട്. ജീവിത ശൈലിയിലെ മാറ്റമാണ് ഇതില്‍ പ്രധാനം. ഇതിനു സമയമെടുക്കുമെങ്കിലും ജീവിതത്തില്‍ ചില വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഇത്  ഒരു പക്ഷേ നിങ്ങളെ പ്രേരിപ്പിക്കും.

വര്‍ഷത്തിലൊരിക്കല്‍, സാധ്യമാണെങ്കില്‍ മാസത്തില്‍ ഒരു തവണയെങ്കിലും ചെക്കപ്പ് നടത്തുന്നത് ആരോഗ്യത്തിന്റെ സ്ഥിതിയെക്കുറിച്ച് ബോധവാന്മാരാകാന്‍ നിങ്ങളെ സഹായിക്കും. രക്തസമ്മര്‍ദം, ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കേണ്ടത്. അതു പോലെ സമയത്തുള്ള ഉറക്കവും ഹൃദായാരോഗ്യത്തെ നിലനിര്‍ത്തുന്നതില്‍ പ്രധാന  ഘടകമാണ്.

കൃത്യമായ ഉറക്കമാണ് മനുഷ്യന്റെ എല്ലാ നല്ല മാറ്റങ്ങളുടെയും അടിസ്ഥാനം. നമ്മുടെ ദൈനംദിന ജീവിതത്തിനായുള്ള ഊര്‍ജം സംഭരിക്കുന്നത് പലപ്പോഴും കൃത്യ സമയത്തുള്ള ഉറക്കത്തിലൂടെയാണ്. നമ്മുടെ ശാരീരിക പ്രവര്‍ത്തനക്ഷമതയ്ക്കു വേണ്ട ഊര്‍ജം ഉറക്കത്തിൽ നിന്നാണ് ലഭിക്കുന്നത്. 

എന്നാല്‍ പകല്‍സമയം കൂടുതല്‍ ഇരിക്കുന്നതും ആരോഗ്യത്തിന് അത്ര നല്ലതല്ല. വ്യായാമം ചെയ്യാതെ ദിവസവും എട്ടു മണിക്കൂര്‍ ഇരിക്കുന്നവര്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ മരണം അതിവിദൂരമല്ലാതെ സംഭവിക്കുന്നുവെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.  നിങ്ങള്‍ ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ഇരിക്കാന്‍ തീരുമാനിക്കുന്നുവെങ്കില്‍ അതില്‍ അഞ്ചു മി‌നിട്ടെങ്കിലും എഴുന്നേറ്റ് നില്‍ക്കുകയെങ്കിലും വേണം.

മികച്ച ആരോഗ്യത്തിന് ഇതാ 10 വഴികൾ....

1) നടത്തം

നിങ്ങള്‍ വ്യായാമം തീരെ ചെയ്യാത്ത ഒരു വ്യക്തിയാണെങ്കില്‍  ഒരു ഹ്രസ്വ നടത്തം ഇന്നു മുതല്‍ തുടങ്ങുക. ഹൃദയാരോഗ്യത്തിനു മികച്ചൊരു മാര്‍ഗമാണ് നടത്തം. നടത്തം നമ്മുടെ പേശികളെ ഉണര്‍ത്തുന്നതോടൊപ്പം നല്ല ബലവും ശക്തിയും ശരീരത്തിനാകമാനം നല്‍കും.

2) ഭാരമുള്ളത് ഉയര്‍ത്തുക

ഒരു കട്ടിയുള്ള പുസ്തകമോ അല്ലെങ്കില്‍ ഭാരമുള്ള മറ്റു വസ്തുക്കളോ അല്‍പസമയം ഉയര്‍ത്തുന്നത് കൈപേശികളുടെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും. നിശ്ചിത ഭാരം ഉയര്‍ത്തുന്നത് എളുപ്പമായാല്‍ അല്‍പം കൂടി ഭാരം കൂടിയ ഇനങ്ങളിലേക്ക് പോകുക. കഴിയുമെങ്കില്‍  വിദഗ്ധ പരിശീലകരുള്ള ജിമ്മിലും ചേര്‍ന്ന് ആരോഗ്യം സംരക്ഷിക്കാം.

3) പഴം, പച്ചക്കറി

പച്ചക്കറിയോ പഴങ്ങളോ കഴിക്കുന്നത് പതിവാക്കുക, പച്ചക്കറികള്‍ നമ്മുടെ തലച്ചോര്‍ മുതല്‍ കുടല്‍ വരെയുള്ള എല്ലാ ഭാഗങ്ങള്‍ക്കും നല്ലതാണ്.

4) പ്രഭാതഭക്ഷണം 

ഓരോ ദിവസവും ഒരു പഴം കൊണ്ടാകട്ടെ നിങ്ങളുടെ തുടക്കം. ഓട്സ് പോലെയുള്ള ധാന്യങ്ങള്‍, അവില്‍, തവിട് കളയാത്ത ഗോതമ്പ് തുടങ്ങിയവ രാവിലെ കഴിക്കുന്നത് മനസിനും ശരീരത്തിനും ഊര്‍ജം പകരുന്നതാണ്.

5) മധുരം ഒഴിവാക്കുക

മധുര ഭക്ഷണ പാനീയങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക. മധുരത്തില്‍ കൂടുതല്‍ കലോറിന്‍ അടങ്ങിയതിനാല്‍ അത് ശരീരത്തെ ഉപദ്രവമായി ബാധിക്കും. മധുരം ഒഴിവാക്കുന്നതുമൂലം ഒരുദിവസം 100 കലോറി വരെ സേവ് ചെയ്യാം. 

6) നട്‌സ് കഴിക്കുക

 ബദാം, കപ്പലണ്ടി തുടങ്ങിയ നട്‌സുകള്‍ കഴിക്കുന്നത് ഹൃദയാരോഗ്യത്തിനു നല്ലതാണ്. ലഘുഭക്ഷണം ആവശ്യമുള്ളപ്പോള്‍ സ്‌നാക്‌സുകള്‍ കഴിക്കാതെ പകരം ഇത്തരം നട്‌സുകള്‍ സലാഡുകളില്‍ ചേര്‍ത്ത് കഴിക്കുക.

7) മത്സ്യങ്ങള്‍

മത്സ്യങ്ങള്‍ പോലെ കടലില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങള്‍ ആരോഗ്യത്തിനു നല്ലതാണ്. ഇത് ഹൃദയത്തിനു പുറമെ ബ്രെയിന്‍, ഇടുപ്പ് എന്നിവയുടെ ആരോഗ്യത്തിനും മികച്ചതാണ്.

8) ആഴത്തില്‍ ശ്വാസമെടുക്കുക

ദിവസവും അല്‍പസമയം സാവധാനത്തിലും ആഴത്തിലും ശ്വാസമെടുക്കുന്നത് മനസമാധാനത്തിനും രക്തസമ്മര്‍ദം കുറയ്ക്കാനും സഹായിക്കും.

9) കൈ വൃത്തിയായി കഴുകുക

എല്ലാ ദിവസവും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകണം. പനി, ന്യൂമോണിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ തടയാന്‍ ഇതുകൊണ്ട് സഹായിക്കും.

10) അനുഗ്രഹങ്ങളെ ഓര്‍ക്കുക

ജീവിതത്തില്‍ കഴിഞ്ഞുപോയ പോസിറ്റീവായ കാര്യങ്ങളെ നിരന്തരം ഓര്‍ക്കുന്നത് ജീവിതായുസിനും ആരോഗ്യത്തിനും പോസിറ്റിവായ ആലോചനകള്‍ക്കും ഉപകരിക്കും. വിട്ടുമാറാത്ത കോപം, ആധി, വിദ്വേഷം എന്നിവയെ ഇത്തരം ഓര്‍മകള്‍ അകറ്റിനിര്‍ത്തും.

കടപ്പാട്:
Dr. P. P Mohammed Musthafa, 
M D Metromed International Cardiac Centre

click me!