ഓഫീസ്, യാത്രകൾ തുടങ്ങി വീട്ടിലിരിക്കുമ്പോൾ പോലും ഇയർഫോൺ ഉപയോഗിക്കുന്നത് ഇന്ന് സാധാരണമായി മാറിയിരിക്കുന്നു.

ഇയർഫോൺ ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഇയർഫോണിന്റെ ദീർഘകാല ഉപയോഗം നിങ്ങളുടെ കേൾവിയെ ദോഷകരമായി ബാധിക്കാം. ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇയർഫോണുകൾ വളരെ സഹായകരമാണെങ്കിലും ഉയർന്ന ശബ്ദത്തിലോ ദീർഘനേരത്തേക്കോ ഉപയോഗിക്കുന്നത് കേൾവിക്ക് നല്ലതല്ല. ഓഫീസ്, യാത്രകൾ തുടങ്ങി വീട്ടിലിരിക്കുമ്പോൾ പോലും ഇയർഫോൺ ഉപയോഗിക്കുന്നത് ഇന്ന് സാധാരണമായി മാറിയിരിക്കുന്നു. ചുറ്റുമുള്ള ശബ്ദത്തിൽ നിന്ന് സ്വയം ഒറ്റപ്പെടാനും അതുവഴി തലച്ചോറിനെ ശ്രദ്ധ കേന്ദ്രീകരിക്കാനും പലരും ഇയർഫോണുകൾ ഉപയോഗിക്കുന്നു. സ്ഥിരമായി ഇയർഫോൺ ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.

കേൾവിയെ ബാധിക്കുന്നു

ഉയർന്ന ശബ്ദത്തിൽ ദീർഘനേരം ഇയർഫോൺ ഉപയോഗിക്കുന്നത് കേൾവിക്കുറവിന് കാരണമാകാം. ഇത് ചെവിയുടെ ഉൾഭാഗത്തിന് സ്ഥിരമായ കേടുപാടുകൾ വരുത്താനും സാധ്യത കൂടുതലാണ്.

ചെവിയിൽ നിന്ന് ശബ്ദം കേൾക്കൽ

ചെവിയിൽ നിന്ന് തുടർച്ചയായി മുഴക്കം കേൾക്കുന്നതും ദീർഘനേരം ഉയർന്ന ശബ്ദത്തിൽ ഹെഡ്‌ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് സംഭവിക്കുന്നതാണ്.

ക്ഷീണം അനുഭവപ്പെടാം

ഇയർഫോൺ ദീർഘനേരം ഉപയോഗിക്കുന്നത് ചെവിക്കും തലച്ചോറിനും ക്ഷീണം ഉണ്ടാക്കാം. ഇയർഫോൺ ഉപയോഗിച്ചതിന് ശേഷം ശ്രദ്ധ കേന്ദ്രീകരിക്കാനോ, സംസാരം വേർതിരിച്ചറിയാനോ കഴിയാത്ത അവസ്ഥയാണിത്.

ഇയർ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. ചെവിക്കുള്ളിൽ ശബ്ദം നേരിട്ട് എത്തിക്കുന്ന ഇയർബഡുകൾക്ക് പകരം ചെവിക്ക് മുകളിൽ വച്ചോ ശബ്ദം കുറയ്ക്കുന്നതോ ആയ ഹെഡ്‌ഫോണുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കാം.

2. ഉയർന്ന ശബ്ദമുള്ള അന്തരീക്ഷത്തിൽ കേൾക്കുന്നത് ഒഴിവാക്കാം. ഉദാഹരണത്തിന് വാഹനങ്ങളുടെ ശബ്ദത്തെ മറികടക്കാൻ പരമാവധി ശബ്ദം കൂട്ടുമ്പോൾ കേൾവിക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത വർദ്ധിക്കുന്നു.

3. ഇടയ്ക്കിടെ ശ്രവണ പരിശോധനകൾ നടത്താം. ബോധവൽക്കരണവും നേരത്തെയുള്ള രോഗനിർണയവും വളരെ പ്രധാനമാണ്.