
ആരോഗ്യകരമായ ജീവിതത്തിന് എല്ലുകളുടെ ബലം അത്യന്താപേക്ഷിതമാണ്. എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെട്ടാല്‍ അവ എളുപ്പം പൊട്ടാന്‍ കാരണമാകും. പ്രായം കൂടുമ്പോള്‍, അസ്ഥികളുടെ സാന്ദ്രതയിലും സന്ധികളുടെ വഴക്കത്തിലും മാറ്റങ്ങൾ വരാം. ജീവിതശൈലിയില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ എല്ലുകളുടെയും പേശികളുടെയും ആരോഗ്യം സംരക്ഷിക്കാം.
അത്തരത്തില്‍ എല്ലുകളുടെ ബലം കൂട്ടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
പതിവായി വ്യായാമം ചെയ്യുക. എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വ്യായാമം ചെയ്യുന്നത് നല്ലതാണ്. നടത്തം, നീന്തൽ, യോഗ തുടങ്ങിയവ ജീവിതത്തിന്‍റെ ഭാഗമാക്കുക.
രണ്ട്...
എല്ലുകളുടെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ആദ്യം ചെയ്യേണ്ടത്.
മൂന്ന്...
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, കൈകാലുകളിൽ തളർച്ച, നടുവേദന തുടങ്ങിയ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ കാത്സ്യം അടങ്ങിയ പാലുല്‍പ്പന്നങ്ങള്‍, ഇലക്കറികള്‍, നട്സ്, സീഡുകള്‍ തുടങ്ങിയവ കഴിക്കാം.
നാല്...
കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡിയാണ്. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതിനായി മത്സ്യം, മുട്ട, മഷ്റൂം തുടങ്ങിയവ കഴിക്കാം.
അഞ്ച്...
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. ഇതിനായി സാല്‍മണ്‍ ഫാറ്റി ഫിഷ്, ഫ്ലക്സ് സീഡ്, വാള്‍നട്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
ആറ്...
സംസ്കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. സോഡിയം ധാരാളം അടങ്ങിയ ഇവ എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം.
ഏഴ്...
ഉയർന്ന യൂറിക് ആസിഡാണ് സന്ധി വേദനയ്ക്കുള്ള ഒരു കാരണം. ധാരാളം മാംസവും മദ്യവും കഴിക്കുന്നവരിലാണ് ഉയര്‍ന്ന യൂറിക് ആസിഡ് കാണപ്പെടുന്നത്. അതിനാല്‍ ഇവ കഴിക്കുന്നത് ഒഴിവാക്കുക.
എട്ട്...
വെള്ളം ധാരാളം കുടിക്കുക. അതും എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.
ഒമ്പത്...
ശരീരഭാരം കൂടാതെ നോക്കേണ്ടതും എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. ഭാരം കൂടുമ്പോള്‍ മുട്ടുവേദനയും മറ്റുമൊക്കെ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.
പത്ത്...
പുകവലി അസ്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഇത് അസ്ഥികളുടെ സാന്ദ്രത കുറയ്ക്കുകയും അസ്ഥികളുടെ ശക്തിക്ക് ആവശ്യമായ കാത്സ്യം ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യും. അതിനാല്‍ പുകവലി ഉപേക്ഷിക്കുക.
Also read: രാത്രി ഏഴ് മണിക്കൂറിൽ താഴെയാണോ ഉറക്കം? എങ്കില്‍, നിങ്ങള്‍ ഇതറിയണം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam