കേരളമുള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ സെറോടൈപ്പ് 2 ഡെങ്കി; അറിയേണ്ട ചിലത്...

By Web TeamFirst Published Sep 20, 2021, 8:11 PM IST
Highlights

നിലവില്‍ കേരളത്തിന് പുറമെ ആന്ധ്ര പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, തമിഴ് നാട്, തെലങ്കാന ഒഡീഷ, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് സെറോടൈപ്പ് 2 ഡെങ്കു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്

മഴക്കാലത്ത് പടരാറുള്ള അസുഖങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ഗൗരവമുള്ള ഒന്നാണ് ഡെങ്കിപ്പനി. നമുക്കറിയാം 'ഈഡിസ്'  എന്നപ്രത്യേകയിനത്തില്‍ പെട്ട കൊതുകുകളാണ് ഇവ പരത്തുന്നത്. ഓരോ വര്‍ഷവും രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും ഡെങ്കു സീസണ്‍ ഉണ്ടാകാറുണ്ട്. രോഗം മൂര്‍ച്ഛിച്ച് ജീവന്‍ നഷ്ടമാകുന്നവരും ഇക്കൂട്ടത്തിലുണ്ട്. 

ഇക്കുറിയും രാജ്യത്ത് മഴക്കാലത്തിന്റെ തുടക്കം മുതല്‍ തന്നെ ഡെങ്കു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിരുന്നു. ഇപ്പോഴിതാ കേരളമുള്‍പ്പെടെ 11 സംസ്ഥാനങ്ങളില്‍ സെറോടൈപ്പ് 2 ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. 

ഡെങ്കിപ്പനിക്ക് ഇടയാക്കുന്ന വൈറസിന് നാല് വകഭേദങ്ങളുണ്ട്. നാല് സെറോടൈപ്പ് എന്നും പറയാം. ഇതില്‍ സെറോടൈപ്പ് 2 ആണ് കൂട്ടത്തിലേറ്റവും തീവ്രതയേറിയതായി കണക്കാക്കപ്പെടുന്നത്. ഡെങ്കിപ്പനി മൂര്‍ച്ഛിച്ച് 'ഡെങ്കു ഹെമറേജിക് ഫീവര്‍' എന്ന അവസ്ഥയിലെത്തുന്നതിന് കാരണമാകാറുള്ളത് സെറോടൈപ്പ് 2 ആണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

 

 

'ഡെങ്കു ഹെമറേജിക് ഫീവര്‍' ഗൗരവതരമായ രക്തസ്രാവത്തിനും (ബ്ലീഡിംഗ്) ബിപി (രക്തസമ്മര്‍ദ്ദം) പെട്ടെന്ന് താഴുന്നതിലേക്കുമെല്ലാം രോഗിയെ നയിക്കാറുണ്ട്. ഇത് രോഗിയില്‍ ഗുരുതരമായ 'ഷോക്ക്' ഉണ്ടാക്കുകയോ മരണത്തിലേക്ക് വരെ എത്തിക്കുകയോ ചെയ്‌തേക്കാം. 

പനി, തലവേദന, കണ്ണിന് പിറകില്‍ വേദന, ഓക്കാനം, തളര്‍ച്ച, മേലുവേദന, സന്ധിവേദന, ചര്‍മ്മത്തില്‍ നിറവ്യത്യാസം/ പാട് എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് സാധാരണഗതിയില്‍ ഡെങ്കിപ്പനിക്ക് കാണാറ്. എന്നാല്‍ സെറോടൈപ്പ് 2 ഡെങ്കു ആണെങ്കില്‍ ഈ ലക്ഷണങ്ങളില്‍ ചില വ്യത്യാസങ്ങള്‍ വരാം. 

പനി (ഉയര്‍ന്ന താപനില), ജലദോഷം, ചര്‍മ്മം തണുത്ത് ഒട്ടിപ്പിടിക്കുന്ന അവസ്ഥ, മൂക്കില്‍ നിന്നോ ചര്‍മ്മത്തിനകത്ത് നിന്നോ രക്തസ്രാവം, ആന്തരീക രക്തസ്രാവം, കരള്‍ വീര്‍ത്തുവരുന്ന അവസ്ഥ, ബിപി താഴുക, അസ്വസ്ഥത, പള്‍സ് താഴുക എന്നിവയെല്ലാം സെറോടൈപ്പ് 2 ഡെങ്കുവിന്റെ ലക്ഷണങ്ങളായി വരും. 

 

 

സമയബന്ധിതമായ ചികിത്സ ഈ ഘട്ടത്തില്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം രോഗിയുടെ ജീവന്‍ തന്നെ നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. 

നിലവില്‍ കേരളത്തിന് പുറമെ ആന്ധ്ര പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, തമിഴ് നാട്, തെലങ്കാന ഒഡീഷ, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് സെറോടൈപ്പ് 2 ഡെങ്കു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read:- കൊതുകുകളെ അകറ്റിനിര്‍ത്താന്‍ മൂന്ന് മാര്‍ഗങ്ങള്‍...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!