ബ്ലാക്ക് ഫംഗസ്; രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,717 പേര്‍ക്ക്; കൂടുതല്‍ രോഗികള്‍ ഈ സംസ്ഥാനത്ത്...

Published : May 26, 2021, 05:33 PM ISTUpdated : May 26, 2021, 05:37 PM IST
ബ്ലാക്ക് ഫംഗസ്; രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 11,717 പേര്‍ക്ക്; കൂടുതല്‍ രോഗികള്‍ ഈ സംസ്ഥാനത്ത്...

Synopsis

രാജ്യത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത് 11,717 പേര്‍ക്കെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.  ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.

ഇന്ത്യയിൽ കൊവിഡ് രോഗികൾക്കിടയിൽ 'മ്യൂക്കോര്‍മൈക്കോസിസ്' അഥവാ ബ്ലാക്ക് ഫംഗസ് ബാധ വ്യാപിക്കുകയാണ്. രാജ്യത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത് 11,717 പേര്‍ക്കെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗികളെ കണ്ടെത്തിയത്.

ഗുജറാത്തില്‍ ഇതുവരെ 2,859 പേര്‍ക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 2,770 പേര്‍ക്കും ആന്ധ്രാപ്രദേശില്‍ 768 പേര്‍ക്കും ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മേയ് 25 രാവിലെ 9.36 വരെയുള്ള കണക്ക് അനുസരിച്ചാണിത്.

കേരളത്തില്‍ ഇതുവരെ 36 ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് ബാധ വ്യാപകമായി സ്ഥിരീകരിക്കപ്പെട്ടതിനു പിന്നാലെ ബ്ലാക്ക് ഫംഗസിനെ എപ്പിഡെമിക് ആയി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

അതേസമയം, ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിന്റെ 29,250 വയലുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ട്വിറ്ററിലൂടെ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ബ്ലാക്ക് ഫംഗസ് ബാധിതരുടെ കണക്കുകളും സദാനന്ദ ഗൗഡ ട്വിറ്ററില്‍ പങ്കുവച്ചു.

 

 

 

കൊവിഡ് രോഗികള്‍ക്ക് ഭീഷണി ആവുന്ന ബ്ലാക്ക് ഫംഗസ് ബാധ നിസ്സാരമായി അവഗണിച്ചാൽ മരണകാരണമായേക്കാമെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

ബ്ലാക്ക് ഫംഗസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍... 

കണ്ണ്, മൂക്ക് എന്നിവയ്ക്കു ചുറ്റും ചുവന്നിരിക്കുന്നതും വേദനയും. പനി, തലവേദന, ചുമ, ശ്വാസംമുട്ടൽ, രക്തം ഛർദിക്കൽ, മാനസിക നിലയിൽ മാറ്റമുണ്ടാകുക തുടങ്ങിയവ അനുബന്ധമായി വരാം. അനിയന്ത്രിത പ്രമേഹ രോഗമുള്ളവർ, പ്രതിരോധ ശേഷി കുറഞ്ഞവർ, ദീർഘനാൾ ആശുപത്രി ഐസിയുവിൽ കഴിഞ്ഞവർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവര്‍, തുടങ്ങിയര്‍ പ്രത്യേകം ശ്രദ്ധക്കണമെന്നും  ഐസിഎംആർ മുന്നറിയിപ്പ് നല്‍കി. 

 

Also Read: ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ 'യെല്ലോ' ഫംഗസ്?

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?