
കൊവിഡ് 19 രോഗം ( Covid 19 ) പരത്തുന്ന ഏറ്റവും പുതിയ വൈറസ് വകഭേദമായ ഒമിക്രോണ്‍ (Omicron India ) ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്. നിലവില്‍ നൂറിലധികം ഒമിക്രോണ്‍ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ അതിശക്തമായ കൊവിഡ് രണ്ടാം തരംഗത്തിന് കാരണമായ ഡെല്‍റ്റ വകഭേദത്തെക്കാളും ഇരട്ടിയിലധികം വേഗത്തിലാണ് ഒമിക്രോണ്‍ രോഗവ്യാപനം നടത്തുന്നത്. അതുകൊണ്ട് തന്നെ ഒമിക്രോണ്‍ കൂടുതല്‍ പേരിലേക്ക് എത്തിയാല്‍ ഇത് പുതിയ ക്ലസ്റ്ററുകളായി മാറുമെന്നതാണ് ആശങ്ക.
ഇതുവരെയും കൊവിഡ് കേസുകള്‍ രാജ്യത്ത് ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ്. ഇപ്പോള്‍ ഒമിക്രോണ്‍ കേസുകളും ഏറ്റവുമധികം സ്ഥിരീകരിച്ചിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. അതിനാല്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ആരോഗ്യവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
ഇതിനിടെ ഇന്ന് നവി മുംബൈയില്‍ ഒരു സ്‌കൂളിലെ 18 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൂട്ട പരിശോധന നടത്താനാണ് ആരോഗ്യപ്രവര്‍ത്തകരുടെ തീരുമാനം. സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ എല്ലാം ഇതനുസരിച്ച് പരിശോധനയ്ക്ക് വിധേയരാക്കിയിരിക്കുകയാണ്.
ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ ഒരാളുടെ മകനാണ് ഇക്കൂട്ടത്തില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും പിന്നീട് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗമെത്തിയതെന്ന് കരുതപ്പെടുന്നുണ്ട്.
വെള്ളിയാഴ്ച മാത്രം മഹാരാഷ്ട്രയില്‍ 902 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ എട്ട് പേര്‍ക്ക് ഒമിക്രോണ്‍ വൈറസ് ബാധയാണുള്ളത്. ഇതില്‍ തന്നെ ആറ് കേസുകളും പുണെയില്‍ നിന്നുള്ളതാണ്.
Also Read:- ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു; കടുത്ത ജാഗ്രത വേണമെന്ന് കേന്ദ്രം