
നമ്മുടെ ശരീരത്തില്‍ വിവിധ അവയവങ്ങളില്‍ ( Body Organs ), പല കാരണങ്ങള്‍ കൊണ്ടും അണുബാധകളുണ്ടാകാം( Infections ). പരിക്ക് പറ്റിയതില്‍ നിന്നോ( Injury ), അലര്‍ജിയോ ( Allergy )അങ്ങനെ ഏതുമാകാം അണുബാധയ്ക്ക് വഴിവയ്ക്കുന്ന ഘടകം. അതുപോലെ തന്നെ ചില അസുഖങ്ങളുടെ ഭാഗമായും ഇത്തരത്തില്‍ അണുബാധയുണ്ടാകാം.
പ്രമേഹം ഇതിനുദാഹരണമാണ്. രക്തത്തില്‍ ഷുഗര്‍നില കൂടിയിരിക്കുന്ന സാഹചര്യം തുടരുമ്പോള്‍ ശരീരത്തിന് പുറത്ത് നിന്നെത്തുന്ന അണുക്കളോട് പോരാടാനുള്ള കഴിവ് പതിയെ നഷ്ടമായിത്തുടങ്ങും. ഇങ്ങനെയാണ് പ്രമേഹത്തില്‍ അണുബാധകള്‍ സാധാരണമായി മാറുന്നത്.
മൂത്രാശയം, വൃക്കകള്‍, യോനി, മോണ, പാദങ്ങള്‍, ചര്‍മ്മം എന്നിങ്ങനെ പലയിടങ്ങളിലായി പ്രമേഹത്തിന്റെ ഭാഗമായുള്ള അണുബാധ കാണാം. പലപ്പോഴും ആവര്‍ത്തിച്ച് അണുബാധകള്‍ വരുമ്പോള്‍ മാത്രമാണ് രോഗിയില്‍ പ്രമേഹമുണ്ടെന്ന് പോലും സ്ഥിരീകരിക്കപ്പെടുന്നത്.
അത്തരത്തില്‍ ആവര്‍ത്തിച്ച് കണ്ടേക്കാവുന്ന മൂന്ന് തരം അണുബാധകളെ കുറിച്ച് കൂടി അറിയാം...
ഒന്ന്...
ശരീരത്തിന്റെ പല ഭാഗങ്ങളിലും ഈസ്റ്റ് അണുബാധയുണ്ടാകുന്നത് പ്രമേഹലക്ഷണമാകാം. കക്ഷം, വിരലുകള്‍, വായ, ഗുഹ്യഭാഗം എന്നിവിടങ്ങളിലെല്ലാം ഇങ്ങനെ ഈസ്റ്റ് അണുബാധയുണ്ടാകാം. ഇതില്‍ ചൊറിച്ചിലും അസ്വസ്ഥതയും വേദനയും അനുഭവപ്പെടാം. പ്രത്യേകിച്ച് സ്വകാര്യഭാഗങ്ങളിലാണ് അണുബാധയെങ്കില്‍. ഇത് സ്ത്രീകളിലും പുരുഷന്മാരിലും സമാനം തന്നെ.
രണ്ട്...
മൂത്രാശയ സംബന്ധമായ അണുബാധയും പ്രമേഹത്തിന്റെ ഭാഗമായുണ്ടാകാം. അസഹ്യമായ വേദനയും എരിച്ചിലുമെല്ലാം ഇതിന്റെ ഭാഗമായി അനുഭവപ്പെടാം. മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, എന്നാല്‍ ഇടവിട്ട് മൂത്രശങ്ക, കഞ്ഞിവെള്ളം പോലെയുള്ള മൂത്രം, മൂത്രത്തിന് രൂക്ഷമായ ഗന്ധം എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം മൂത്രാശയ അണുബാധയില്‍ കാണുന്നതാണ്.
മൂന്ന്...
കാല്‍പാദങ്ങളില്‍ വ്രണമുണ്ടാവുകയും അത് പിന്നീട് പഴുക്കുകയും ചെയ്യുന്നതാണ് പ്രമേഹത്തിന്റെ മറ്റൊരു സൂചന.
ഇത് പലപ്പോഴും പ്രമേഹം അധികരിക്കുമ്പോള്‍ മാത്രമാണ് സംഭവിക്കുന്നത്. ആദ്യമേ ചെറിയ മുറിവോ പൊട്ടലോ ഉണ്ടായിരുന്ന ഏതെങ്കിലും ഭാഗങ്ങള്‍ പിടിച്ചാണ് വ്രണം ഉണ്ടാകുന്നത്. ഗുരുതരമാകുന്നതിന് മുമ്പാണെങ്കില്‍ ആന്റിബയോട്ടിക്കുകള്‍ കൊണ്ട് വ്രണം ഭേദപ്പെടുത്താന്‍ സാധിച്ചേക്കാം. എന്നാലിത് ഉറപ്പ് പറയുക സാധ്യമല്ല.
Also Read:- ഉറക്കത്തിനിടയിലും ഉണര്‍ന്ന് ഇടവിട്ട് മൂത്രമൊഴിക്കാന്‍ പോകാറുണ്ടോ? ഇത് സൂചനയാകാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam