ഒരു മൂത്രക്കല്ലിന്റെ വലിപ്പം 22 സെ.മീ; അമ്പരന്ന് ഡോക്ടര്‍മാരും...

By Web TeamFirst Published Apr 9, 2019, 6:37 PM IST
Highlights

'റോബോട്ട്' സര്‍ജറിയാണ് യുവതിക്കായി ഡോക്ടര്‍മാര്‍ നിശ്ചയിച്ചത്. വലിയ രീതിയില്‍ വയറ് കീറുകയോ, അത്തരത്തിലുള്ള 'ഓപ്പണ്‍' ശസ്ത്രക്രിയയോ ആവശ്യമില്ലാത്ത നൂതനമായ രീതി. അല്‍പം വലിയ കല്ല് തന്നെയാണ് അകത്തുള്ളതെന്ന് അറിയാമായിരുന്നെങ്കിലും ഇത് പുറത്തെടുത്തപ്പോള്‍ ഡോക്ടര്‍മാര്‍ ശരിക്കും അമ്പരന്നു
 

വളരെ സര്‍വസാധാരണയായി കേള്‍ക്കാറുള്ള ഒരു അസുഖമാണ് മൂത്രക്കല്ല്. മിക്കവാറും മരുന്ന് കൊണ്ടും ജീവിതചര്യകളിലെ കരുതലുകള്‍ കൊണ്ടുമെല്ലാം ഇത് മാറ്റാവുന്നതേയുള്ളൂ. എന്നാല്‍ ചില കേസുകളില്‍ മാത്രം ഈ കല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവരാറുണ്ട്. 

ഇത്തരമൊരു പ്രശ്‌നവുമായാണ് ഉത്തര്‍പ്രദേശിലെ സഹരാന്‍പൂര്‍ സ്വദേശിയായ മുപ്പത്തിയഞ്ചുകാരി ദില്ലിയിലെ സര്‍ ഗംഗ രാം ആശുപത്രിയിലെത്തിയത്. സ്ഥിതി അല്‍പം ഗുരുതരമായിരുന്നതിനാല്‍ തന്നെ വൈകാതെ ഡോക്ടര്‍മാര്‍ സര്‍ജറി നിശ്ചയിച്ചു. 

'റോബോട്ട്' സര്‍ജറിയാണ് യുവതിക്കായി ഡോക്ടര്‍മാര്‍ നിശ്ചയിച്ചത്. വലിയ രീതിയില്‍ വയറ് കീറുകയോ, അത്തരത്തിലുള്ള 'ഓപ്പണ്‍' ശസ്ത്രക്രിയയോ ആവശ്യമില്ലാത്ത നൂതനമായ രീതി. അല്‍പം വലിയ കല്ല് തന്നെയാണ് അകത്തുള്ളതെന്ന് അറിയാമായിരുന്നെങ്കിലും ഇത് പുറത്തെടുത്തപ്പോള്‍ ഡോക്ടര്‍മാര്‍ ശരിക്കും അമ്പരന്നു. 

22 സെന്റിമീറ്ററായിരുന്നു ഇതിന്റെ നീളം. അതായത്, ഏതാണ്ട് കിഡ്‌നിയില്‍ നിന്ന് മൂത്രാശയത്തിലേക്ക് നീളുന്ന നാളിയുടെ അത്രയും തന്നെ നീളമുള്ള കല്ല്! 25 സെന്റിമീറ്ററാണ് ഈ നാളിയുടെ ശരാശരി നീളം. 60 ഗ്രാം തൂക്കവുമുണ്ടായിരുന്നു ഇതിന്. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിലാണ് കല്ല് പുറത്തെടുത്തത്. 

സര്‍ജറിയിലൂടെ സർ ഗംഗ രാം ആശുപത്രിയിൽ പുറത്തെടുത്ത ഏറ്റവും വലിപ്പമുള്ള മൂത്രക്കല്ലാണ് ഇത്. ഇതിന് മുമ്പ് 21.5 സെ.മീ നീളമുള്ള കല്ല് ഇതേ രീതിയുപയോഗിച്ച് പുറത്തെടുത്തിട്ടുണ്ട്. രാജ്യത്ത് തന്നെ വളരെ അപൂർവ്വമായ സംഭവമാണിതെന്ന് ഡോക്ടമാരും പ്രതികരിച്ചു.

click me!