
പ്രായമാകും തോറും ആരോഗ്യകാര്യങ്ങളില്‍ പല തരത്തിലുള്ള പ്രതിസന്ധികളും നേരിടാം. ഇതില്‍ ഏറ്റവും പ്രധാനം തന്നെയാണ് കായികക്ഷമത കുറയുന്നത്. മിക്കവര്‍ക്കും പ്രായമാകുമ്പോള്‍ അധികം നടക്കാനോ, ഓടാനോ, പടികള്‍ കയറാനോ ഒന്നും സാധിച്ചേക്കില്ല.
അതുപോലെ തന്നെ ഫിറ്റ്നസിന്‍റെ കാര്യത്തിലും പ്രായമാകുമ്പോള്‍ ആളുകളില്‍ ശ്രദ്ധയും താല്‍പര്യവും കുറയാറുണ്ട്. അസുഖങ്ങള്‍ പിടിപെടുന്നതിന്‍റെ തോത് വര്‍ധിക്കുന്നതോടെ തന്നെ അധികപേരും വാര്‍ധക്യത്തോട് കീഴ്പ്പെടുകയാണ് ചെയ്യുക. എന്നാല്‍ ചിലരുണ്ട് പ്രായത്തിന്‍റെ അവശതകള്‍ക്ക് സ്വയം വിട്ടുകൊടുക്കാതെ പോരാടിക്കൊണ്ട് തുടരുന്നവര്‍.
അത്തരത്തിലൊരു വ്യക്തിത്വത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മുംബൈയില്‍ വച്ചുനടന്ന ഒരു മാരത്തണില്‍ മിന്നും പ്രകടനം നടത്തി ഏവരുടെയും മനസ് കീഴടക്കിയ എണ്‍പതുകാരിയായ ഭാരതി എന്ന അമ്മൂമ്മയെ കുറിച്ചാണ് പറയുന്നത്. ഇവരുടെ പേരമകള്‍ ഡിമ്പിള്‍ സോഷ്യല്‍ മീഡിയിയലൂടെ പങ്കുവച്ചതാണ് ഇവരുടെ വീഡിയോ.
ഈ വീഡിയോയിലൂടെയാണ് ഭാരതി ശ്രദ്ധിക്കപ്പെട്ടത്. പതിനെട്ടാമത് ഐക്കോണിക് ടാറ്റ മുംബൈ മാരത്തണിലാണ് ഭാരതി പങ്കെടുത്തത്. യുവാക്കള്‍ മാത്രമല്ല ഈ മാരത്തണില്‍ പങ്കെടുത്തിരുന്നത്. കുട്ടികളും ഭിന്നശേഷിക്കാരും വിവിധ പ്രായക്കാരുമടക്കം ധാരാളം പേര്‍ വ്യത്യസ്തമായ സാമൂഹികലക്ഷ്യങ്ങളുമായി സംഘടിപ്പിച്ച മാരത്തണില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ ഭാരതിയെ പോലെ ഇത്രയും പ്രായമായവര്‍ അപൂര്‍വം, അല്ലെങ്കില്‍ കാഴ്ചയിലേ പതിയാത്ത അത്രയും കുറവ് മാത്രമാണ് മാരത്തണില്‍ പങ്കെടുത്തത്. സാരിയുടുത്ത് സ്നീക്കേഴ്സും ധരിച്ച് മറ്റുള്ളവര്‍ക്ക് ഉന്മേഷവതിയായി ഓടിയെത്തുന്ന ഭാരതി കാഴ്ചക്കാരിലെല്ലാം അത്ഭുതം നിറയ്ക്കുന്നത് ഡിമ്പിള്‍ പങ്കുവച്ച വീഡിയോയില്‍ തന്നെ കാണാവുന്നതാണ്.
51 മിനുറ്റില്‍ 4.2 കിലോമീറ്ററാണ് ഭാരതി ഓടിയിരിക്കുന്നത്. ഈ പ്രായത്തില്‍ ഇതുപോലൊരു മാരത്തണില്‍ പങ്കെടുക്കുന്നത് തന്നെ വലിയ കാര്യം. അതും സാരി ധരിച്ച് തന്‍റെ തനത് വേഷത്തിലും പകര്‍ച്ചയിലുമൊന്നും മാറ്റം വരാതെ.
മാരത്തണില്‍ പങ്കെടുക്കാൻ വേണ്ടി എല്ലാ ദിവസവും ഭാരതി പരിശീലനം നേടിയിരുന്നുവത്രേ. ഇതില്‍ തന്നെ അഞ്ചാമത്തെ തവണയാണ് ഇവര്‍ ഓടുന്നതും. ഒരു ഇന്ത്യക്കാരി എന്ന നിലയില്‍ അഭിമാനമാണെന്നും അത് ലോകത്തിന് മുമ്പില്‍ പങ്കുവയ്ക്കുന്നതില്‍ സന്തോഷമാണുള്ളതെന്നും ഇവര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. യുവാക്കളോട് ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഉപദേശിക്കുന്നതിനും ഇവര്‍ മറന്നില്ല.
വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam