വാപൊത്തിപ്പിടിക്കാതെ ചുമച്ച യാത്രക്കാരിയെ വിമർശിച്ച് വീഡിയോയിട്ട ഡെട്രോയിറ്റ് ഡ്രൈവർ മരിച്ചത് കൊവിഡ് ബാധിച്ച്

By Babu RamachandranFirst Published Apr 6, 2020, 12:34 PM IST
Highlights

സാധാരണ നിലയ്ക്കുതന്നെ വാപൊത്താതെ ചുമയ്ക്കുന്നത് വളരെ മോശപ്പെട്ട ഒരു കാര്യമായാണ് കരുതുന്നത്. അപ്പോൾ പിന്നെ, നാട്ടിൽ കൊവിഡ് 19 പോലൊരു മഹാമാരി വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സവിശേഷസാഹചര്യത്തിലോ? 

നമ്മുടെ നാട്ടിൽ വളർന്നുവരുന്ന ഏതൊരു കുഞ്ഞിനും അറിയാവുന്ന കാര്യമാണ് വാ പൊത്തിപ്പിടിച്ചെ ചുമയ്ക്കാവൂ എന്നത്. വാ പൊത്തിപ്പിടിക്കാതെ ചുമയ്ക്കുന്നത് ഒരു ദുഃസ്വഭാവമായിട്ടാണ്, 'ബാഡ് മാനേഴ്സ്' ആയിട്ടാണ് നാട്ടിൽ കണക്കാക്കപ്പെടുന്നത്. വിവരവും വിദ്യാഭ്യാസവും വേണ്ടുവോളമില്ലാത്ത പഴയ അമ്മൂമ്മമാർ വരെ ഇക്കാര്യത്തിൽ കൊച്ചു കുട്ടികളെ പറഞ്ഞു വിലക്കുന്നത് കാണാം. 

സാധാരണ നിലയ്ക്കുതന്നെ വാപൊത്താതെ ചുമയ്ക്കുന്നത് വളരെ മോശപ്പെട്ട ഒരു കാര്യമായാണ് കരുതുന്നത്. അപ്പോൾ പിന്നെ, നാട്ടിൽ കൊവിഡ് 19 പോലൊരു മഹാമാരി വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സവിശേഷസാഹചര്യത്തിലോ? രോഗിയുടെ ചുമയുടെ അന്തരീക്ഷത്തിലേക്ക് പറക്കുന്ന സ്രവത്തിലുണ്ടാകുന്ന വൈറസുകൾ സ്പർശനത്തിലൂടെ ചുറ്റുമുള്ളവരുടെ ശരീരത്തിലേക്ക് പകരും എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുള്ളപ്പോൾ ? 

ഡെട്രോയിറ്റിൽ നിന്നൊരു ദൃഷ്ടാന്തം 

മാർച്ച് 21 -ന് അമേരിക്കയിലെ ഡെട്രോയിറ്റിൽ നിന്നൊരു പബ്ലിക് ട്രാൻസ്‌പോർട്ട് ബസ് ഡ്രൈവർ വളരെ ക്ഷുഭിതനായി ഒരു വീഡിയോ റെക്കോർഡ് ചെയ്ത ഫേസ്‌ബുക്കിൽ ഇട്ടിരുന്നു. തന്റെ ബസ്സിൽ വാ പൊത്താതെ അഞ്ചോ ആരോ തവണ ചുമച്ച അമ്പത്തഞ്ച് അറുപത് വയസ്സ് പ്രായമുള്ള ഒരു സ്ത്രീയെ വിമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊറോണാ വൈറസ് നാട്ടിലെങ്ങും സംഹാരതാണ്ഡവം ആടുമ്പോഴും ജനങ്ങളുടെ സൗകര്യം ഉറപ്പുവരുത്താൻ വേണ്ടി ജോലിക്കിറങ്ങിയ തങ്ങളെപോലുള്ള പൊതുജീവനക്കാരെ അപഹസിക്കുന്ന രീതിയിലുള്ളതാണ് ആ സ്ത്രീയുടെ പെരുമാറ്റം എന്നാണ് അദ്ദേഹം വളരെ വേദനയോടെ തന്റെ വിഡിയോയിൽ സൂചിപ്പിച്ചത്.   " ഇങ്ങനെ നിരുത്തരവാദിത്തപരമായ ചില പെരുമാറ്റങ്ങൾ കാണുമ്പോഴാണ്  നാട്ടിൽ ഇങ്ങനെ ആളുകൾ മരിച്ചുവീണിട്ടും ചിലർക്ക് നേരം പുലർന്നിട്ടില്ല എന്നെനിക്ക്  മനസ്സിലാകുന്നത്. " അദ്ദേഹം പറഞ്ഞു. " ഞങ്ങളുടെ,എന്റെയും, ആ ബസ്സിൽ അപ്പോഴുണ്ടായിരുന്ന മറ്റു യാത്രക്കാരുടെയും മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്നെനിക്ക് തോന്നി. " അദ്ദേഹം തുടർന്നു.

 

ആ വീഡിയോ പോസ്റ്റ് ചെയ്ത് കൃത്യം പതിനൊന്നാം നാൾ, ആ ഡെട്രോയ്റ്റ് പബ്ലിക് ട്രാൻസ്‌പോർട്ട് ഡ്രൈവർ, ജെയ്‌സൺ ഹസ്ഗ്രോവ്, മരണപ്പെട്ടു. മരണകാരണം : കൊവിഡ് 19.

"നിങ്ങൾ എല്ലാവരും ഇത് കാണണം" എന്ന അടിക്കുറിപ്പോടെയാണ് ഡെട്രോയിറ്റ് ഗവർണർ ഈ വീഡിയോ പങ്കുവെച്ചത്. 

രോഗബാധിതനായ ഒരു വ്യക്തിയിൽ കെട്ടിക്കിടക്കുന്ന കോടിക്കണക്കായ വൈറസുകൾ അണപൊട്ടി ഒഴുകിവരുന്നത് അവരുടെ ചുമയിലൂടെയാണ്. തുമ്മലിലൂടെയാണ്. ഒരൊറ്റ തുമ്മലിൽ തന്നെ ലക്ഷക്കണക്കിന് വൈറസുകളുണ്ടാകുമെന്നാണ് കണക്ക്. അൽപനേരം ആകാശത്ത് തങ്ങിനിന്ന ശേഷം അവ അടുത്തുള്ള പ്രതലങ്ങളിൽ ചെന്നടിയുന്നു. അവിടെ തുടരുന്നു. പ്രതലങ്ങളിൽ സ്പർശിക്കുന്ന വ്യക്തികൾ അതെ കൈകൾ കൊണ്ട് വായിലും, മൂക്കിലും, കണ്ണിലുമൊക്കെ തൊടുമ്പോൾ വൈറസ് അവരുടെ ശരീരത്തിലേക്ക് പകരുന്നു. 

ഈ സാഹചര്യം ഒഴിവാക്കാൻ പനിയോ, ചുമയോ, തുമ്മലോ, ജലദോഷമോ ഒക്കെയുള്ളവർ പൊതുനിരത്തിലേക്ക് ഇറങ്ങും മുമ്പ് അത്യാവശ്യമായി ചെയ്യേണ്ടത് നല്ലൊരു N95 മാസ്ക് ധരിക്കുക എന്നതാണ്. കഴിവതും പൊതു ഗതാഗതമാർഗങ്ങൾ ഒഴിവാക്കി, ആൾക്കൂട്ടങ്ങൾ ഒഴിവാക്കി കൊവിഡ് 19 പടർന്നുപിടിക്കുന്നത് ഒഴിവാക്കുക എന്നതാണ്. 

അങ്ങനെ ഉത്തരവാദിത്തപ്പെട്ട പൗരന്മാർ ചെയ്യാതിരിക്കുമ്പോൾ എന്ത് സംഭവിക്കും എന്നതാണ് ഡെട്രോയിറ്റിൽ ഈ ദ്രവരുടെ, ജെയ്സൺ ഹോസ്ഗ്രോവിന്റെ കാര്യത്തിൽ സംഭവിച്ചത്. ഈ മുന്നറിയിപ്പ് വീഡിയോയിലൂടെ നൽകിയ ശേഷം ജെയ്‌സൺ നേരെ പോയത് തന്റെ ഡ്യൂട്ടിക്ക് കയറാനാണ്. ആ സ്ത്രീയുടെ ചുമയിൽ നിന്നോ, അല്ലെങ്കിൽ അടുത്ത ഏതെങ്കിലും ഒരു വ്യക്തിയുടെ സമാനമായ അനാസ്ഥയിൽ നിന്നോ ഒക്കെ കൊറോണവൈറസ് അയാളുടെ ശരീരത്തിലേക്ക് എത്തി. അത് അയാളെ രോഗാതുരനാക്കി. രോഗം മൂർച്ഛിച്ച് ഉത്തരവാദിത്തപ്പെട്ട ആ പൊതുസേവകൻ അന്തരിച്ചു. ഇത് നമ്മൾ ഓരോരുത്തരും കണ്ടിരിക്കേണ്ടതാണ്. നമുക്കൊക്കെ ഒരു പദമാണ്. കൊറോണക്കാലത്ത് പൊതുജനങ്ങളോട് എന്തൊക്കെ ഉത്തരവാദിത്തങ്ങളാണ് നമുക്ക് നമ്മുടെ സഹജീവികളോടുള്ളത് എന്ന കാര്യത്തിൽ ഇത് ഒരു വലിയ ദൃഷ്ടാന്തമാണ്.

click me!