
മാനസികാരോഗ്യത്തെ കുറിച്ച് ഏറെ ചര്‍ച്ചകളുയര്‍ന്ന് വന്നൊരു വര്‍ഷമായിരുന്നു 2020. ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ഈ വിഷയത്തെ ഏറെ നാള്‍ മുഖ്യധാരാ ചര്‍ച്ചകളില്‍ പിടിച്ചുനിര്‍ത്താന്‍ കാരണമായി. തീവ്രമായ വിഷാദരോഗമായിരുന്നു സുശാന്ത് നേരിട്ടിരുന്നതെന്നും അതിനെ തുടര്‍ന്നാണ് താരം ആത്മഹത്യ ചെയ്തത് എന്നുമുള്ള വാര്‍ത്തകള്‍ ഞെട്ടലോടെയാണ് സിനിമാലോകവും വരവേറ്റത്.
തുടര്‍ന്ന് പല താരങ്ങളും തങ്ങള്‍ വിഷാദരോഗത്തെ നേരിട്ടതായും എങ്ങനെ അതിനെ അതിജീവിച്ചുവെന്നും തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ സൗത്തിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരിയായ ഗ്ലാമര്‍ താരം നമിതയും താന്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ്.
വിഷാദമാണെന്ന് തിരിച്ചറിയാതെ വര്‍ഷങ്ങളോളമാണ് അതിന്റെ പ്രശ്‌നങ്ങളുമായി ജീവിച്ചതെന്നും ഒടുവില്‍ തന്റേതായ രീതിയില്‍ അതിനെ പരിഹരിക്കാന്‍ കഴിഞ്ഞുവെന്നുമാണ് നമിത പറയുന്നത്. യോഗയും ആത്മീയതയുമാണ് ഇക്കാര്യത്തില്‍ തന്നെ സഹായിച്ചതെന്നാണ് നമിത പറയുന്നത്. വിഷാദം അനുഭവിച്ചിരുന്ന കാലത്തുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കുവച്ചുകൊണ്ടാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നമിത ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുന്നത്.
'വിഷാദത്തെ കുറിച്ച് ബോധവത്കരണം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഞാനിത് പങ്കുവയ്ക്കുന്നത്. വിഷാദത്തിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത് എന്ന തിരിച്ചറിവ് പോലുമില്ലാതെയാണ് ഞാനത് അനുഭവിച്ചത്. എല്ലായ്‌പ്പോഴും അസ്വസ്ഥത തന്നെ, എല്ലാത്തില്‍ നിന്നും മാറിനില്‍ക്കും. രാത്രികളില്‍ ഉറങ്ങാന്‍ സാധിക്കില്ല. ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം ഒളിച്ചോടാന്‍ ഭക്ഷണത്തെയാണ് ഞാനാശ്രയിച്ചത്. എല്ലാ ദിവസവും പിസ ഓര്‍ഡര്‍ ചെയ്ത് കഴിക്കും. അങ്ങനെ വയറ് പ്രശ്‌നമാകാനും, വണ്ണം കൂടാനും തുടങ്ങി...
...ശരീരഭാരം 97 കിലോയില്‍ വരെയെത്തി. എന്റെ മാറ്റം കണ്ടിട്ട് ഞാന്‍ മദ്യത്തില്‍ അഭയം തേടിയെന്ന് ആളുകള്‍ അപവാദം വരെ പറഞ്ഞുപരത്തി. ആ സമയത്ത് തന്നെ എനിക്ക് പിസിഒഡി- തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തി. ആത്മഹത്യ ചെയ്യണമെന്ന തോന്നല്‍ അതിശക്തമായിരുന്നു ആ കാലങ്ങളില്‍. ആരിലും ഒന്നിലും സമാധാനം കണ്ടെത്താന്‍ സാധിച്ചില്ല. അഞ്ച് വര്‍ഷമാണ് ഇതുപോലെ കടന്നുപോയത്...'- നമിത പറയുന്നു.
ഒടുവില്‍ ആത്മീയതയുടെയും യോഗയുടെയും ശക്തിയാണ് തനിക്ക് സമാധാനം നല്‍കിയതെന്നും നമ്മള്‍ നമുക്കുവേണ്ടി പുറത്ത് തിരയുന്നത് എന്തോ അത് നമ്മുടെ അകത്താണുള്ളതെന്നും നമിത പറയുന്നു. നിരവധി ആരാധകരാണ് നമിതയുടെ പോസ്റ്റിന് പ്രതികരണമറിയിച്ച് എത്തിയിരിക്കുന്നത്. വിഷാദത്തെ കുറിച്ച് ബോധത്കരണം ആവശ്യമാണെന്നും മുഖ്യധാരയില്‍ നില്‍ക്കുന്ന വ്യക്തിത്വങ്ങള്‍ ഇത്തരത്തില്‍ അതെക്കുറിച്ച് തുറന്ന് സംസാരിക്കുന്നത് ഏറെ ആശ്വാസകരമാണെന്നും പലരും അഭിപ്രായപ്പെട്ടു.
Also Read:- ദുഖവും ഡിപ്രഷനും വേര്‍തിരിച്ചറിയാം; ഇതാ ചില ലക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam