
നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടാം. ഇവ എല്ലാം തന്നെ ഗൗരവമായ പ്രശ്നങ്ങള്‍ ആയിരിക്കണമെന്നില്ല. അതേസമയം ഇവയെ നിസാരമായി കാണാനും നമുക്ക് സാധിക്കില്ല. പല ആരോഗ്യപ്രശ്നങ്ങളും എന്തെങ്കിലും അസുഖങ്ങളുടെ ലക്ഷണമായി വരുന്നവയാകാം. അതിനാല്‍ തന്നെ നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങളുടെ കാരണം പരിശോധനയിലൂടെ മനസിലാക്കിയെടുത്ത് സമയബന്ധിതമായി പരിഹാരം തേടേണ്ടതുണ്ട്.
എന്തായാലും ഇത്തരത്തില്‍ നിത്യജീവിതത്തില്‍ നിരവധി പേര്‍ നേരിടാറുള്ളൊരു പ്രശ്നമാണ് ക്ഷീണം. എപ്പോഴും അകാരണമായി ക്ഷീണം അനുഭവപ്പെട്ട്, അത് മറ്റ് കാര്യങ്ങളെയെല്ലാം പ്രതികൂലമായി ബാധിക്കാം. ഭക്ഷണം കഴിച്ചാലും ക്ഷീണം അനുഭവപ്പെടുന്നത് തുടരാം.
മിക്കപ്പോഴും നമ്മുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന ചില ഘടകങ്ങളുടെയെങ്കിലും കുറവ് മൂലമാണിങ്ങനെ നിരന്തരം ക്ഷീണം നേരിടുന്നത്. എന്തായാലും ഇതിനെ മറികടക്കാൻ നിങ്ങള്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന മൂന്ന് ആരോഗ്യകരമായ വിഭവങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ആശാളിവിത്ത് എന്നറിയപ്പെടുന്ന ഒരിനം വിത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ? പലര്‍ക്കും ഇതിനെ കുറിച്ച് അറിവില്ലായിരിക്കും. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള വിത്താണിത്. ഇവ രക്തത്തില്‍ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനാണ് പ്രധാനമായും സഹായിക്കുക. ഇത് തളര്‍ച്ച മാറ്റാൻ വലിയ രീതിയില്‍ സഹായിക്കും.
രണ്ട്...
പരിപ്പ്- പയര്‍- കടല വര്‍ഗങ്ങളും ക്ഷീണത്തെ മറികടക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ഇവ നന്നായി അഞ്ചോ ആറോ മണിക്കൂര്‍ കുതിര്‍ത്തുവച്ച ശേഷം ഒരു മസ്ലിൻ ക്ലോത്തില്‍ പൊതിഞ്ഞ് മുളപ്പിച്ചെടുക്കണം. ശേഷം കറി വച്ചോ, സ്റ്റ്യൂ ആക്കിയോ, സലാഡാക്കിയോ എല്ലാം കഴിക്കാവുന്നതാണ്.
മൂന്ന്...
അണ്ടിപ്പരിപ്പും ഇത്തരത്തില്‍ ക്ഷീണം നേരിടാൻ യോജിച്ച ഭക്ഷണമാണ്. ശരീരത്തില്‍ നല്ലയിനം കൊളസ്ട്രോള്‍ ഉയര്‍ത്തുന്നതിനാണ് അണ്ടിപ്പരിപ്പ് സഹായിക്കുക. അതുപോലെ മഗ്നീഷ്യത്തിന്‍റെയും നല്ലൊരു ഉറവിടമാണ് അണ്ടിപ്പരിപ്പ്. ഇവയെല്ലാം തന്നെ ക്ഷീണത്തെ മറികടക്കാൻ നമ്മെ ഏറെ സഹായിക്കുന്ന ഘടകങ്ങളാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam