അല്‍ഷിമേഴ്‌സ് തടയാൻ ഈ വ്യായാമം ശീലമാക്കൂ; പഠനം പറയുന്നത്

By Web TeamFirst Published Feb 6, 2020, 7:09 PM IST
Highlights

സ്ഥിരമായി എയ്റോബിക് വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കുന്നത് തലച്ചോറിന്റെ ബൗദ്ധിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. ബ്രെയ്ൻ പ്ലാസ്റ്റിസിറ്റി എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

അല്‍ഷിമേഴ്സ് തടയാൻ എയ്റോബിക്സ് വ്യായാമം സഹായിക്കുമെന്ന് പഠനം. അല്‍ഷിമേഴ്സ് രോഗത്തിന് ജനിതക സാധ്യതയുള്ള 23 ചെറുപ്പക്കാരിൽ പഠനം നടത്തുകയായിരുന്നു. ഇവർ വ്യായാമം ചെയ്യാത്തവരുമായിരുന്നുവെന്ന് യുഎസിലെ വിസ്കോൻസിൻ സർവകലാശാലയിലെ ഗവേഷകൻ ഒസിയോമ സി ഒകോൻക്വോ പറയുന്നു. 

ഇവർ കാര്‍ഡിയോ റെസ്പിറേറ്ററി ഫിറ്റ്നസ് പരിശോധന, ദിവസവുമുള്ള ശാരീരികപ്രവർത്തനങ്ങളുടെ അളവ്, ബ്രെയ്ൻ ഗ്ലൂക്കോസ് മെറ്റബോളിസം ഇമേജിങ്, ബുദ്ധി പരിശോധനകൾ എന്നിവയ്ക്ക് വിധേയരായി. ഇവരിൽ പകുതി പേർക്ക് ആക്ടീവ് ആയ ജീവിതശൈലി നിലനിര്‍ത്താനുള്ള വിവരങ്ങൾ പകർന്നു നൽകി. ബാക്കിയുള്ളവർക്ക് ഒരു പഴ്സനൽ ട്രെയ്നറെ വച്ച് ട്രെഡ്മിൽ പരിശീലനം നൽകി. 26 ആഴ്ച വരെ പരിശീലനം നീണ്ടു നിന്നു. 

സാധാരണ വ്യായാമം ചെയ്തവരേക്കാൾ ട്രെയ്നിങ് പ്രോഗ്രാമിൽ പങ്കെടുത്തവരുടെ കാർഡിയോ റസ്പിറേറ്ററി ഫിറ്റ്നസ് മെച്ചപ്പെട്ടതായും ബൗദ്ധിക പരീക്ഷകളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതായും പഠനത്തിൽ കണ്ടെത്താനായി. ശ്രദ്ധകേന്ദ്രീകരിക്കൽ, നിർദേശങ്ങൾ ഓർത്തുവയ്ക്കൽ എന്നിവയില്ലെലാം മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നത് കണ്ടെത്താനായെന്നും ഗവേഷകൻ ഒസിയോമ പറഞ്ഞു. 

സ്ഥിരമായി എയ്റോബിക് വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കുന്നത് തലച്ചോറിന്റെ ബൗദ്ധിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. ബ്രെയ്ൻ പ്ലാസ്റ്റിസിറ്റി എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.
 

click me!