
തിരുവനന്തപുരം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബിസിജി വാക്സിനും ഇരുപതില്‍ കൂടുതല്‍ ആന്‍റിബയോട്ടിക്കുകളും ഉണ്ടായിരുന്നിട്ടും എല്ലാ സാംക്രമിക രോഗങ്ങളുടെയും മുകളിലായി ക്ഷയം തുടരുകയാണെന്ന് വിദഗ്ധൻ. പ്രതിവര്‍ഷം ലോകത്തില്‍ 1.5 ദശലക്ഷം മരണങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ടെന്ന് പ്രമുഖ മൈക്കോബയോളജിസ്റ്റും ഹൈദരാബാദിലെ സിഎസ്ഐആര്‍-സിസിഎംബി ഡയറക്ടറുമായ ഡോ. വിനയ് നന്ദിക്കൂരി പറഞ്ഞു. അതേസമയം മൈക്കോബാക്റ്റീരിയല്‍ സെല്‍ ഡിവിഷന്‍ ലാബുകളിലെ പുതിയ ഗവേഷണങ്ങളും പഠനങ്ങളും ഈ മാരകരോഗത്തെ ഫലപ്രദമായി നേരിടാന്‍ തക്കവിധത്തിലുള്ള പ്രതീക്ഷ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഡിലിനിയേറ്റിംഗ് സോളിക്യുലാര്‍ മെക്കാനിസംസ് ദാറ്റ് ഡ്രൈവ് ദ സര്‍വൈവല്‍ ഓഫ് മൈക്കോബാക്ടീരിയം ട്യൂബര്‍ക്യുലോസിസ്' എന്ന വിഷയത്തില്‍ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ (ആര്‍ജിസിബി) സംഘടിപ്പിച്ച പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ ചടങ്ങില്‍ സ്വാഗതം പറഞ്ഞു.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള രോഗങ്ങളിലൊന്നാണ് ക്ഷയം അഥവാ ടിബി. ഈജിപ്തിലെ മമ്മികളില്‍ പോലും അതിനുള്ള തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. എച്ച്ഐവിയും ക്ഷയവും കലര്‍ന്നുള്ള രോഗാവസ്ഥയില്‍ ക്രമാനുഗതമായ വർധനവ് സംഭവിച്ചിട്ടുണ്ട്. കൂടുതല്‍ ഫലപ്രദമായ മരുന്നുകള്‍ വികസിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ഡോ. വിനയ് നന്ദിക്കൂരി പറഞ്ഞു.
ലോകത്ത് ഏറ്റവുമധികം ടിബി രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇത് ശ്വാസകോശത്തെ മാത്രം ബാധിക്കുന്ന അസുഖം എന്നാണ് പൊതുവിലുള്ള ധാരണ. എന്നാല്‍ പ്രത്യുത്പാദന അവയവങ്ങളെയും കരള്‍, കണ്ണ്, അസ്ഥി എന്നിവയെയും ടിബി ബാധിക്കുന്നു. ശരിയായ രോഗനിര്‍ണയം നടത്തുക എന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ രോഗത്തെ നേരിടുക എന്നത് വളരെ വിഷമകരമാണ്. ക്ഷയം സ്ഥിരീകരിച്ചിട്ടുള്ളവര്‍ക്ക് രോഗത്തിന്‍റെ തോത് അനുസരിച്ച് നാല് മുതല്‍ ആറ് മാസം വരെയോ, ഒമ്പത് മാസം മുതല്‍ ഒരു വര്‍ഷം വരെയോ കൃത്യമായ ചികിത്സ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
സാര്‍സ്, കൊവിഡ് എന്നിവയുടെ കാര്യത്തിലെന്ന പോലെ ടിബി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്തുന്നതിനുള്ള ഗവേഷണം തുടരേണ്ടത് വളരെ പ്രധാനമാണ്. കൊവിഡ് മാത്രം 10 ദശലക്ഷം ആളുകളുടെ മരണത്തിന് ഇടയാക്കിയിട്ടുണ്ട്, എന്നാല്‍ ടിബി പ്രതിവര്‍ഷം 1.5 ദശലക്ഷം ആളുകളെ മരണത്തിലേയ്ക്ക് നയിക്കുന്നു. പ്രതിരോധ മരുന്ന് വികസിച്ചെടുക്കുക എന്നത് ഇപ്പോഴും അത്ര എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam