ബ്ലാക്ക് ഫംഗസ് തടയുന്നതിന് പ്രധാനമായി ശ്രദ്ധിക്കേണ്ടത് മൂന്ന് കാര്യങ്ങളെന്ന് ഡോ. രൺദീപ് ഗുലേരിയ

By Web TeamFirst Published May 21, 2021, 4:08 PM IST
Highlights

കൊവിഡ് ചികിത്സയിൽ സ്റ്റിറോയ്ഡ് മരുന്നുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതാണ് ബ്ലാക്ക് ഫംഗസിന്റെ പ്രധാന കാരണമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേരിയ പറഞ്ഞു. 

കൊവിഡ് പോസിറ്റീവായവരിലും ഭേദമായവരിലും കണ്ടുവരുന്ന അപകടകരമായ അണുബാധയാണ് 'മ്യൂക്കോമൈക്കോസിസ്' അഥവാ 'ബ്ലാക്ക് ഫംഗസ്'. ബ്ലാക്ക് ഫംഗസ് ബാധ തടയൽ, ചികിത്സ, ലക്ഷണങ്ങൾ എന്നിവ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക നിർദേശങ്ങളും വന്നുകഴിഞ്ഞു. 

കൊവിഡ് ചികിത്സയിൽ സ്റ്റിറോയ്ഡ് മരുന്നുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതാണ് ബ്ലാക്ക് ഫംഗസിന്റെ പ്രധാന കാരണമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേരിയ പറഞ്ഞു. മുഖം, മൂക്ക്, കണ്ണ്, തലച്ചോർ എന്നിവയെ ബാധിക്കുന്ന ബ്ലാക്ക് ഫംഗസ് കാഴ്ച നഷ്ടപ്പെടാനും മരണത്തിലേക്കും നയിക്കാനുള്ള സാധ്യതയും ഏറെയാണെന്ന് ഡോ. ഗുലേരിയ മുന്നറിയിപ്പ് നൽകി. 

രക്തത്തിലെ പഞ്ചസാരയുടെ അളവ്  നിയന്ത്രിക്കുക, സ്റ്റിറോയിഡ് ഉപയോ​ഗിക്കുന്നവർ പതിവായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക, സ്റ്റിറോയിഡുകളുടെ അമിത ഉപയോഗം നിയന്ത്രിക്കുക എന്നിവയാണ് ബ്ലാക്ക് ഫം​ഗസ്  തടയുന്നതിന് പ്രധാനമായി ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളെന്ന് വാർത്താ ഏജൻസി എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗുലേറിയ പറഞ്ഞു. 

2002 ൽ സാർസ് പൊട്ടിപ്പുറപ്പെട്ട സമയത്തും മ്യൂക്കോമൈക്കോസിസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. അനിയന്ത്രിതമായ പ്രമേഹം മ്യൂക്കോമൈക്കോസിസിന്റെ വളർച്ചയ്ക്ക് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

എന്താണ് 'വെെറ്റ് ഫം​ഗസ്'; ആർക്കൊക്കെ പിടിപെടാം?

പ്രമേഹമുള്ളവരിലും കൊവിഡ് പോസിറ്റീവായവരിലും സ്റ്റിറോയ്ഡ് മരുന്ന് കഴിക്കുന്നവരിലും ബ്ലാക്ക് ഫംഗസ് ഉണ്ടാകാൻ സാധ്യത ഏറെയാണ്. ഇതിനാൽ തന്നെ സ്റ്റിറോയ്ഡ് ദുരുപയോഗം കുറയ്ക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് ഗുലേരിയ നിർദ്ദേശിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!