രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് വൈറ്റ് ഫംഗസും കൂടുതലും പിടിപെടാനുള്ള സാധ്യത. പ്രമേഹ രോഗികള്‍ക്കും ദീര്‍ഘകാലത്തേക്ക് സ്റ്റിറോയിഡുകള്‍ എടുക്കുന്നവര്‍ക്കും വൈറ്റ് ഫംഗസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു.

കൊവിഡിനെ പിന്നാലെ രാജ്യത്തെ ഭീതിയിലാഴ്ത്തി ബ്ലാക്ക് ഫംഗസ് പടരുകയാണ്. അതിനിടെ ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയെന്ന് കരുതുന്ന മറ്റൊരു രോഗം കൂടി കണ്ടെത്തിയിരിക്കുകയാണ്. ബ്ലാക്ക് ഫംഗസിനെക്കാള്‍ കൂടുതല്‍ അപകടകാരിയാണ് വൈറ്റ് ഫംഗസ് എന്നാണ് വിദ​ഗ്ധർ പറയുന്നത്. ബീഹാറിലെ പട്‌നയിലാണ് വൈറ്റ് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. പട്‌നയിലെ ഒരു ഡോക്ടര്‍ക്കും രോഗം ബാധിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

എന്താണ് വെെറ്റ് ഫം​ഗസ്...? 

ഈ അപൂര്‍വ ഫംഗസ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കൊറോണ വൈറസ് അണുബാധയ്ക്ക് സമാനമാണെന്ന് ഡോക്ടർമാർ പറയുന്നു. ഈ ഫംഗസ് ശ്വാസകോശത്തെ ആക്രമിക്കുന്നതിനാല്‍, രോഗം ബാധിച്ച രോഗിക്ക് 'എച്ച്ആര്‍സിടി'(High-resolution computed tomography) പരിശോധന നടത്തി രോഗം കണ്ടെത്താനാകും. എന്നിരുന്നാലും, ഈ പുതിയ അണുബാധയെ കൂടുതല്‍ അപകടകാരിയാക്കുന്നത് എന്താണ് എന്നതിന് ഇതുവരെ കൃത്യമായ ഉത്തരം കണ്ടെത്താനായിട്ടില്ല.

ബ്ലാക്ക് ഫംഗസില്‍ നിന്ന് വ്യത്യസ്തമായി ഒരാളുടെ ശ്വാസകോശം, വൃക്ക, കുടല്‍, ആമാശയം, സ്വകാര്യ ഭാഗങ്ങള്‍, നഖങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സുപ്രധാന അവയവങ്ങളിലേക്ക് വൈറ്റ് ഫംഗസ് അണുബാധ കൂടുതല്‍ എളുപ്പത്തില്‍ വ്യാപിക്കുകയും വ്യാപകമായ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് പരാസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും ഹെഡ് റെസ്പിറേറ്ററി മെഡിസിൻ / പൾമോണോളജി വിഭാ​ഗം ഡോ. അരുണേഷ് കുമാർ പറഞ്ഞു.

ബീഹാറിൽ നാല് പേർക്ക് 'വെെറ്റ് ഫംഗസ്' റിപ്പോർട്ട് ചെയ്തു

ആർക്കൊക്കെ പിടിപെടാം...

രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് വൈറ്റ് ഫംഗസും കൂടുതലും പിടിപെടാനുള്ള സാധ്യത. പ്രമേഹ രോഗികള്‍ക്കും ദീര്‍ഘകാലത്തേക്ക് സ്റ്റിറോയിഡുകള്‍ എടുക്കുന്നവര്‍ക്കും വൈറ്റ് ഫംഗസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു. കാന്‍സര്‍ രോഗികളും വൈറ്റ് ഫംഗസിനെതിരെ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona