വായുമലിനീകരണവും കൊവിഡ് മരണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം

By Web TeamFirst Published Apr 11, 2020, 11:19 PM IST
Highlights

ഇറ്റലിയില്‍ കൊവിഡ് വൈറസ് ബാധ മൂലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് വടക്കന്‍ മേഖലയിലെ നഗരങ്ങളായ ലൊംബാര്‍ഡിയിലും എമില റൊമാഗ്‌നയിലുമാണ്. ഇറ്റലിയിലെ മറ്റ് നരഗങ്ങളില്‍ കൊവിഡ് ബാധ മൂലമുള്ള മരണനിരക്ക് 4.5 ശതമാനമാണെങ്കില്‍ ഈ നഗരങ്ങളില്‍ അത് 12 ശതമാനമാണ്. യൂറോപ്പിലെ തന്നെ ഏറ്റവുമധികം വായുമലിനീകരണമുള്ള രണ്ട് നഗരങ്ങളാണ് ഇവ രണ്ടുമെന്നതാണ് ഇക്കാര്യത്തില്‍ ശ്രദ്ധേയമാകുന്നത്

വായു മലിനീകരണവും കൊവിഡ് വൈറസ് രോഗം ബാധിച്ചുള്ള മരണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. വായുമലിനീകരണം ഉയര്‍ന്ന തോതിലുള്ള സ്ഥലങ്ങളിലെ കൊവിഡ് രോഗികളില്‍ രോഗം മാരകമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.  

വായുമലിനീകരണ തോത് ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നുള്ള കൊവിഡ് ബാധിതരില്‍ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് മരണനിരക്ക് 4.5 ഇരട്ടി കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. അന്തരീക്ഷത്തിലെ അതിസൂക്ഷ്മ മാലിന്യകണങ്ങളുമായുള്ള (പി.എം. 2.5) നിരന്തര സമ്പര്‍ക്കം ഇവരില്‍ പലരെയും ശ്വാസ, ഹൃദയ സംബന്ധമായ രോഗബാധിതര്‍ ആക്കിയിരിക്കാമെന്നും ഇതാണ് ഇവരില്‍ കൊവിഡ് വൈറസ് ബാധ കൂടുതല്‍ മാരകമാകാന്‍ കാരണമാകുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

ഇറ്റലിയില്‍ കൊവിഡ് രോഗം മൂലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രണ്ട് നഗരങ്ങളില്‍ മരണനിരക്കും മറ്റിടങ്ങളിലെ മരണനിരക്കും തമ്മില്‍ താരതമ്യം ചെയ്ത ഡെന്‍മാര്‍ക്കിലെ ആര്‍ഹസ് യൂണിവേഴ്‌സിറ്റിയിലെയും ഇറ്റലിയിലെ സിയേന യൂണിവേഴ്‌സിറ്റിയിലെയും പരിസ്ഥിതി ശാസ്ത്രജ്ഞരും അന്തരീക്ഷ മലിനീകരണവും കൊവിഡ് മണനിരക്കും തമ്മിലുള്ള ബന്ധം ശരിവയ്ക്കുന്നു.

ഇറ്റലിയില്‍ കൊവിഡ് വൈറസ് ബാധ മൂലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് വടക്കന്‍ മേഖലയിലെ നഗരങ്ങളായ ലൊംബാര്‍ഡിയിലും എമില റൊമാഗ്‌നയിലുമാണ്. ഇറ്റലിയിലെ മറ്റ് നരഗങ്ങളില്‍ കൊവിഡ് ബാധ മൂലമുള്ള മരണനിരക്ക് 4.5 ശതമാനമാണെങ്കില്‍ ഈ നഗരങ്ങളില്‍ അത് 12 ശതമാനമാണ്. യൂറോപ്പിലെ തന്നെ ഏറ്റവുമധികം വായുമലിനീകരണമുള്ള രണ്ട് നഗരങ്ങളാണ് ഇവ രണ്ടുമെന്നതാണ് ഇക്കാര്യത്തില്‍ ശ്രദ്ധേയമാകുന്നത്. രോഗികളുടെ പ്രായവും ജനസംഖ്യയും ഈ നഗരങ്ങളിലെ മരണനിരക്ക് ഉയര്‍ത്തിയ പ്രധാന ഘടകങ്ങളാണെങ്കിലും പരിസ്ഥിതി മലനീകരണവും രോഗതീവ്രത കൂട്ടാനുള്ള കാരണമായിട്ടുണ്ടെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പറയുന്നത്.   

click me!