കൊവിഡ് 19; വീണ്ടും മറ്റൊരു മരുന്നിനായി ഇന്ത്യക്ക് മുമ്പില്‍ ലോകരാജ്യങ്ങള്‍...

By Web TeamFirst Published Apr 11, 2020, 11:06 PM IST
Highlights

കൊവിഡ് 19ന് പ്രത്യേകം മരുന്നുകള്‍ കണ്ടെത്താന്‍ സമയമെടുക്കുമെന്നതിനാല്‍ ഇതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നത് വഴി രോഗത്തിന്റെ തീവ്രത ശമിപ്പിക്കാനും അതിലൂടെ രോഗിയെ രക്ഷിക്കാനുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഇതിന് ഫലപ്രദമായി ഉപയോഗിക്കാവുന്ന 'ഹൈഡ്രോക്‌സി ക്ലോറോക്വിന്‍' എന്ന മരുന്ന് ഏറ്റവുമധികം ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മലേരിയ ഉള്‍പ്പെടെ ഏതാനും രോഗങ്ങള്‍ക്ക് നല്‍കിവരുന്ന മരുന്നാണിത്
 

ലോകരാജ്യങ്ങളെയൊട്ടാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊറോണ വൈറസ് വ്യാപനം തുടരുമ്പോള്‍ ആഗോളതലത്തില്‍ തന്നെ ആരോഗ്യ മേഖല കടുത്ത പ്രയത്‌നത്തിലാണ്. കൊവിഡ് 19ന് പ്രത്യേകം മരുന്നുകള്‍ കണ്ടെത്താന്‍ സമയമെടുക്കുമെന്നതിനാല്‍ ഇതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നത് വഴി രോഗത്തിന്റെ തീവ്രത ശമിപ്പിക്കാനും അതിലൂടെ രോഗിയെ രക്ഷിക്കാനുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

ഇതിന് ഫലപ്രദമായി ഉപയോഗിക്കാവുന്ന 'ഹൈഡ്രോക്‌സി ക്ലോറോക്വിന്‍' എന്ന മരുന്ന് ഏറ്റവുമധികം ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മലേരിയ ഉള്‍പ്പെടെ ഏതാനും രോഗങ്ങള്‍ക്ക് നല്‍കിവരുന്ന മരുന്നാണിത്. ഈ മരുന്ന് ആവശ്യപ്പെട്ട് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരത്തേ ഇന്ത്യയെ സമീപിച്ചിരുന്നു. 

തുടര്‍ന്ന്, നിര്‍ത്തിവച്ച മരുന്ന് കയറ്റുമതി ഇന്ത്യ ഭാഗികമായി പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ മറ്റൊരു മരുന്നിന് കൂടി ആഗോളതലത്തില്‍ ഡിമാന്‍ഡ് ഏറുകയാണ്. മറ്റൊന്നുമല്ല, നമ്മള്‍ നിത്യജീവിതത്തില്‍ ഏറ്റവുമധികം വാങ്ങിയുപയോഗിച്ചിട്ടുള്ള പാരസെറ്റമോളാണ് ഇതിലെ താരം. പനി, വേദനകള്‍ എന്നിവയ്ക്ക് ആശ്വാസം പകരാനാണ് പൊതുവില്‍ പാരസെറ്റമോള്‍ ഉപയോഗിക്കുന്നത്.

Also Read:- കൊവിഡ് 19; അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയോട് ആവശ്യപ്പെട്ട മരുന്നിന് ഇവിടെ ക്ഷാമമോ?...

കൊവിഡ് 19ന്റെ സുപ്രധാന ലക്ഷണമാണ് കടുത്ത പനിയും മേലുവേദനയും. അതിനാല്‍ തന്നെ പാരസെറ്റമോളിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

പ്രതിവര്‍ഷം 5,600 മെട്രിക് ടണ്‍ പാരസെറ്റമോളാണ് ഇന്ത്യ ഉത്പാദിപ്പിക്കുന്നത്. ഇതില്‍ 200 മെട്രിക് ടണ്‍ മാത്രമേ രാജ്യത്തിന് ആവശ്യമായി വരാറുള്ളൂ. ബാക്കി മരുന്ന് ഇറ്റലി, ജര്‍മ്മനി, യുകെ, യുഎസ്, സ്‌പെയിന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് പതിവ്. 

എന്നാല്‍ കൊവിഡ് 19 വ്യാപകമായതോടെ പാരസെറ്റമോളിന്റെ ഉപയോഗം രാജ്യത്തിനകത്തും വര്‍ധിച്ചു. അതോടെ കയറ്റുമതിയില്‍ നിയന്ത്രണവും വന്നിരുന്നു. നേരത്തേ 'ഹൈഡ്രോക്‌സി ക്ലോറോക്വിന്‍' കയറ്റുമതിയിലെ നിയന്ത്രണം ഭാഗികമായി നീക്കിയതിനൊപ്പം പാരസെറ്റമോള്‍ കയറ്റുമതി നിയന്ത്രണ്തതിലും രാജ്യം അയവുവരുത്തിയിരുന്നു. ഇതിന് പുറമെ യുകെ ഇന്ത്യയോട് പ്രത്യേക ആവശ്യമറിയിച്ചതിനെ തുടര്‍ന്ന് യുകെയിലേക്ക് മരുന്ന് കയറ്റിയയച്ചു. 

ഇതിന് ശേഷം യുഎസ്, ദക്ഷിണ കൊറിയ, കാനഡ എന്നീ രാജ്യങ്ങള്‍ കൂടി പാരസെറ്റമോളിനായി ഇന്ത്യയെ സമീപിച്ചിരിക്കുകയാണിപ്പോള്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയെ മരുന്നിനായി സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

click me!