മദ്യപിക്കുന്നവര്‍ക്ക് മാത്രമാണോ കരള്‍വീക്കം പിടിപെടുന്നത്?

By Web TeamFirst Published Jun 12, 2021, 11:05 AM IST
Highlights

കരള്‍വീക്കം നിസാരമായൊരു രോഗമാണെന്നും അതില്‍ ആശങ്കപ്പെടാനില്ലെന്നുമെല്ലാമുള്ള പ്രചാരണവും ചിലപ്പോഴെങ്കിലും നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ ഇത് ശരിയായ വാദമല്ല. കരള്‍വീക്കം ബാധിക്കുന്നവരില്‍ മുപ്പത് ശതമാനത്തോളം പേരില്‍ രോഗം മൂര്‍ച്ഛിച്ച് 'ലിവര്‍ സീറോസിസ്' എന്ന അവസ്ഥയാകാറുണ്ട്

കരളില്‍ അമിതമായ അളവില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് കരള്‍വീക്കം അഥവാ 'ഫാറ്റി ലിവര്‍' എന്ന രോഗാവസ്ഥയിലുണ്ടാകുന്നത്. പല സന്ദര്‍ഭങ്ങളിലും രോഗികളില്‍ കൃത്യമായ ലക്ഷണങ്ങള്‍ കാണാത്തതും, പ്രകടമായ ലക്ഷണങ്ങള്‍ സമയബന്ധിതമായി പരിഗണിക്കപ്പെടാതിരിക്കുന്നതും രോഗം തീവ്രമാകുന്നതിലേക്ക് നയിക്കാറുണ്ട്. ഇതുമൂലം ജീവന്‍ നഷ്ടമാകുന്നവരും നിരവധിയാണ്.

കരള്‍വീക്കം മദ്യപാനികളെ ബാധിക്കുന്നൊരു രോഗമായാണ് ഇപ്പോഴും പലരും കണക്കാക്കുന്നത്. ഇത് മാത്രമല്ല, പല തരത്തിലുള്ള തെറ്റായ ധാരണകളും കരള്‍വീക്കം എന്ന രോഗവുമായി ബന്ധപ്പെട്ട് പൊതുവില്‍ നിലനില്‍ക്കുന്നുണ്ട്. അത്തരത്തില്‍ കരള്‍വീക്കവുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കാറുള്ള തെറ്റായ ചില പ്രചാരണങ്ങളെ കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്. 

'മദ്യപാനികള്‍ക്കേ കരള്‍വീക്കം പിടിപെടൂ...'

ആദ്യമേ സൂചിപ്പിച്ചത് പോലെ കരള്‍വീക്കമെന്ന് കേള്‍ക്കുമ്പോഴേക്ക് ഇത് മദ്യപാനികള്‍ക്ക് വരുന്ന രോഗമാണെന്ന് വിധിയെഴുതുന്നവര്‍ ഏറെയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ആര്‍ക്കും വരാവുന്ന രോഗമാണ്. മദ്യപാനികളില്‍ സാധ്യതകള്‍ കൂടുതലാണെന്ന് മാത്രം. ജീവിതരീതികളുമായി ബന്ധപ്പെട്ട ഘടകങ്ങള്‍, പ്രമേഹം, മരുന്നുകളുടെ അമിതോപയോഗം, കൊളസ്‌ട്രോള്‍, തൈറോയ്ഡ് വ്യതിയാനങ്ങള്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം കരള്‍വീക്കത്തിലേക്ക് നയിച്ചേക്കാം. 

'അമിതവണ്ണമുള്ളവര്‍ക്കാണ് കരള്‍വീക്ക സാധ്യതയുള്ളത്...'

മദ്യപാനം പോലെ തന്നെ കരള്‍വീക്കത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്ന മറ്റൊന്നാണ് അമിതവണ്ണം. മേല്‍പ്പറഞ്ഞത് പോലെ ജീവിതരീതികളുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ കരള്‍വീക്കത്തിന് കാരണമാകുന്നുണ്ട്. സ്വാഭാവികമായും അമിതവണ്ണവും അതിന്റെ അനുബന്ധ ആരോഗ്യാവസ്ഥകളും കരള്‍വീക്ക സാധ്യത കൂട്ടുന്നുണ്ട്. എന്നാല്‍ അമിതവണ്ണമുള്ളവര്‍ക്കേ കരള്‍വീക്കം പിടിപെടാന്‍ സാധ്യതയുള്ളൂ എന്ന പ്രചാരണം തീര്‍ത്തും തെറ്റാണ്. 

 

 

'ഇന്ത്യയില്‍ സാധാരണമല്ല...'

'ഫാറ്റി ലിവര്‍' രോഗം ഇന്ത്യയില്‍ അത്ര സാധാരണമല്ലെന്നും പാശ്ചാത്യരാജ്യങ്ങളിലാണ് ഇത് അധികമായി കണ്ടുവരുന്നതെന്നും വാദിക്കുന്നവരുണ്ട്. ഈ വാദം തികച്ചും അടിസ്ഥാനരഹിതമാണ്. ആഗോളതലത്തില്‍ തന്നെ പ്രതിവര്‍ഷം കരള്‍വീക്ക രോഗികളുടെ എണ്ണം കൂടുകയാണ്. ഇന്ത്യയിലും സമാനമായ അവസ്ഥയാണുള്ളത്. 

'വൈനും ബിയറും അത്ര പ്രശ്‌നമല്ല...'

മദ്യത്തിന്റെ വകഭേദങ്ങളും അത് കഴിക്കുന്ന രീതിയും മാറുന്നതിന് അനുസരിച്ച് അതിന്റെ ദോഷവശങ്ങളിലും മാറ്റം വരാം. അടിസ്ഥാനപരമായി കഴിക്കുന്ന മദ്യത്തിന്റെ അളവാണ് പ്രശ്‌നമാകുന്നത്. വൈനും ബിയറും അത്ര അപകടമുള്ളതല്ലെന്ന് പറയുന്നവരുണ്ട്. എന്നാല്‍ ആല്‍ക്കഹോള്‍ അടങ്ങിയ ബിയറും വൈനുമാണെങ്കില്‍ -കഴിക്കുന്ന അളവില്‍ മിതത്വം പാലിച്ചില്ലെങ്കില്‍ അതും ഭീഷണി തന്നെയാണ്. 

'കരള്‍വീക്കം അത്ര ഗുരുതരമായ രോഗമല്ല!'

കരള്‍വീക്കം നിസാരമായൊരു രോഗമാണെന്നും അതില്‍ ആശങ്കപ്പെടാനില്ലെന്നുമെല്ലാമുള്ള പ്രചാരണവും ചിലപ്പോഴെങ്കിലും നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ ഇത് ശരിയായ വാദമല്ല. കരള്‍വീക്കം ബാധിക്കുന്നവരില്‍ മുപ്പത് ശതമാനത്തോളം പേരില്‍ രോഗം മൂര്‍ച്ഛിച്ച് 'ലിവര്‍ സീറോസിസ്' എന്ന അവസ്ഥയാകാറുണ്ട്. ഇത് ബാധിക്കപ്പെട്ടാല്‍ പിന്നീട് രക്ഷയില്ലാത്ത വിധം പോരാടിക്കൊണ്ട് തുടരേണ്ട സാഹചര്യമാണ് പിന്നീട് വരിക. ഇതിനിടെ ജീവന്‍ നഷ്ടമായവരാണ് ഏറെയും എന്ന് മനസിലാക്കുക. 

 

 

Also Read:- അന്നനാളത്തിലെ അര്‍ബുദത്തിന് കാരണമാകുന്ന ചിലത്; ഇവ ഒഴിവാക്കാനുള്ള മാര്‍ഗങ്ങളും...

'കരള്‍വീക്കം ഒരിക്കല്‍ വന്നാല്‍ പിന്നെ ഭേദമാകില്ല...'

കരള്‍വീക്കം നിസാരമായ രോഗമാണെന്ന പ്രചാരണം പോലെ തന്നെയാണ് ഇത് ഒരിക്കല്‍ പിടിപെട്ടാല്‍ ഭേദമാകില്ല എന്ന പ്രചാരണവും. ആദ്യത്തേതിനെ പോലെ തന്നെ കഴമ്പില്ലാത്തതാണ് രണ്ടാമത്തെ വാദവും. കരള്‍നീക്കം ചികിത്സയിലൂടെയും ജീവിതരീതികള്‍ മാറ്റുന്നതിലൂടെയും ഭേദപ്പെടുത്താനാകും.

Also Read:- അമിതവണ്ണമുള്ളവര്‍ മദ്യപിക്കുമ്പോള്‍; പുതിയ പഠനം പറയുന്നത് കേള്‍ക്കൂ...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!