ഭീതി പരത്തി വെസ്റ്റ് നൈല്‍ വൈറസ് ബാധ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By Web TeamFirst Published Mar 14, 2019, 10:36 PM IST
Highlights

വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ വൈറസ് ബാധ. 

മലപ്പുറത്ത് 6 വയസുകാരന് വെസ്റ്റ് നൈല്‍ വൈറസ് ബാധ ഉണ്ടായ സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കി  പ്രത്യേക മെഡിക്കല്‍ സംഘം. കാലാവസ്ഥാ വ്യതിയാനം കാരണം പലതരം പകര്‍ച്ചവ്യാധികള്‍ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ജനങ്ങള്‍ അവബോധിതരാകണം. മാത്രമല്ല ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മലപ്പുറത്ത് നിന്നും മഞ്ഞപ്പിത്തവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലുള്‍പ്പെടെ എല്ലാ ചികിത്സാ സ്ഥാപനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എന്താണ് വെസ്റ്റ് നൈല്‍?

വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ വൈറസ് ബാധ. കൊതുക് വഴിയാണ് ഈ രോഗം പകരുന്നത്. മനുഷ്യനില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് വലുതായി ബാധിക്കുന്ന രോഗമല്ല വെസ്റ്റ് നൈല്‍. ഇത്തരം വൈറസ് ബാധയേല്‍ക്കുന്നവരില്‍ 150ല്‍ ഒരാള്‍ക്ക് മാത്രമാണ് രോഗം മൂര്‍ഛിക്കാറുള്ളത്. രോഗം ഗുരുതരാവസ്ഥയില്‍ എത്തിയാല്‍ 10 ശതമാനം മാത്രമാണ് മരണം സംഭവിക്കുക. അതേസമയം, ജപ്പാന്‍ ജ്വരം തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നതിനാല്‍ മരണ സംഖ്യ 30 ശതമാനത്തോളമാകാറുണ്ട്. വെസ്റ്റ് നൈല്‍ മുതിര്‍ന്നവരേയാണ് സാധാരണ ബാധിക്കുന്നത്.

രോഗകാരണം

വെസ്റ്റ് നൈല്‍ വൈറസാണ് രോഗമുണ്ടാക്കുന്നത്. ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് രോഗം പ്രധാനമായും പരത്തുന്നത്. പക്ഷികളില്‍ നിന്നും പക്ഷികളിലേക്കും രോഗം പരത്തുന്നു. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ല്‍ ആലപ്പുഴയിലാണ് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം നിപ വൈറസ് ബാധ സമയത്ത് കോഴിക്കോട് ഒരു യുവതിയ്ക്ക് ഈ രോഗം വന്നതായി സംശയിച്ചെങ്കിലും അത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. 

ലക്ഷണങ്ങള്‍

തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ബഹുഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവാം. 

രോഗപ്രതിരോധവും ചികിത്സയും

കൊതുകളാണ് രോഗവാഹകര്‍ എന്നതിനാല്‍ ഏറ്റവും നല്ല പ്രതിരോധമാണ് കൊതുകുകളില്‍ നിന്നും രക്ഷനേടുക എന്നത്. വെസ്റ്റ് നൈല്‍ പനിക്ക് നിലവില്‍ പ്രത്യേക വാക്‌സിന്‍ ലഭ്യമല്ല എങ്കിലും രോഗ ലക്ഷണങ്ങള്‍ക്കുള്ള ചികിത്സ ഫലപ്ദമായി നടത്തനാകും.

സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതിനാല്‍ പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

click me!