കയ്യിലും കാലിലും പത്തിലധികം വിരലുകളുമായി ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങള്‍

By Web TeamFirst Published Sep 18, 2019, 6:00 PM IST
Highlights

കുടുംബത്തിലെ 25 അംഗങ്ങള്‍ക്കാണ് ഇങ്ങനെ അധിക വിരലുകള്‍ ഉള്ളത്. ചിലര്‍ക്ക് 12, ചിലര്‍ക്ക് 14- അങ്ങനെ പോകുന്നു എണ്ണം. അധികവിരലുകള്‍ കയ്യില്‍ മാത്രമല്ല, കാലിലുമുണ്ട് ഇവര്‍ക്ക്

കയ്യിലോ കാലിലോ അഞ്ച് വിരലുകള്‍ കൂടാതെ അധികമായി ഒരു വിരല്‍ കൂടി ഉള്ളവരെ നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ടാകാം. അധികമായിരിക്കുന്ന ഈ ആറാം വിരലിനെ ചുറ്റിപ്പറ്റി ചില വിശ്വാസങ്ങള്‍ പോലും നമ്മുടെ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഭാഗ്യത്തിന്റെ അടയാളമെന്നോ ദുസ്സൂചനയെന്നോ എല്ലാം ആറാം വിരലിനെ വിശേഷിപ്പിച്ച് കാണാറുണ്ട്. എന്നാല്‍ കൃത്യമായും ശാരീരികമായ ഒരു പ്രത്യേകത മാത്രമാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

നമ്മുടെ ദൈനംദിന ജീവിതത്തില്‍ ശല്യമാകാത്തിടത്തോളം അധികവിരലിനെ നീക്കം ചെയ്യണമെന്ന് പോലുമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതായ ഘട്ടവുമുണ്ടാകാറുണ്ട്. 

പക്ഷേ, ആദ്യം സൂചിപ്പിച്ച പോലെ ആറാം വിരലിന് പകരം ഏഴും എട്ടും ഒക്കെയായാലോ? സാധാരണഗതിയിലെ ജീവിതത്തിന് ഇത് അല്‍പം തടസം സൃഷ്ടിക്കുക തന്നെ ചെയ്‌തേക്കാം. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുകയാണ് മദ്ധ്യപ്രദേശിലെ ബൈത്തൂല്‍ എന്ന ഗ്രാമത്തിലുള്ള ഒരു കുടുംബം.

കുടുംബത്തിലെ 25 അംഗങ്ങള്‍ക്കാണ് ഇങ്ങനെ അധിക വിരലുകള്‍ ഉള്ളത്. ചിലര്‍ക്ക് 12, ചിലര്‍ക്ക് 14- അങ്ങനെ പോകുന്നു എണ്ണം. അധികവിരലുകള്‍ കയ്യില്‍ മാത്രമല്ല, കാലിലുമുണ്ട് ഇവര്‍ക്ക്. എണ്ണത്തില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം മുഴുവന്‍ അംഗങ്ങള്‍ക്കും അധികവിരലുണ്ടെന്നാണ് കുടുംബാംഗമായ ബാല്‍ദേവ് യവാലേ പറയുന്നത്. 

പാരമ്പര്യമായി കിട്ടിയ പ്രത്യേകതയാകാം ഇതെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ സാമൂഹികമായ പല പ്രശ്‌നങ്ങളും കുടുംബത്തിന് നേരിടേണ്ടി വരുന്നുണ്ടെന്നും ഇതില്‍ പലര്‍ക്കും ജോലിയെടുത്ത് ജീവിക്കാനാകാത്ത സാഹചര്യമാണുള്ളതെന്നും ബാല്‍ദേവ് പറയുന്നു. 

'അധികവിരല്‍ മോശമായി കാണുന്ന ആളുകളാണ് ഇവിടെ ഏറ്റവുമധികമുള്ളത്. അതിനാല്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് സ്‌കൂളില്‍ പോകാനാകുന്നില്ല. അവിടെവച്ച് അവര്‍ വളരെയധികം പരിഹാസങ്ങള്‍ക്കാണ് പാത്രമാകുന്നത്. പല കുട്ടികള്‍ക്കും ഇത് സഹിച്ച് പഠനം തുടരാനാകുന്നില്ല. പലര്‍ക്കും ജോലി കിട്ടുന്നില്ല. ചിലര്‍ക്ക് ചെരിപ്പ് പോലും ധരിക്കാനാകില്ല. ഇങ്ങനെയെല്ലാമുള്ള സാഹചര്യമായതിനാല്‍ ഞങ്ങള്‍ക്ക് ചെറുതല്ലാത്ത ഒരു നിരാശയാണ് ഇപ്പോഴുള്ളത്. ഇനി സര്‍ക്കാര്‍ എന്തെങ്കിലും സഹായം നല്‍കുമോ എന്നുമാത്രമാണ് അന്വേഷിക്കുന്നത്...'- ബാല്‍ദേവ് പറയുന്നു. 

ഈ കുടുംബത്തിന്റെ പേരില്‍ മാത്രമാണ് ഇവരുടെ ഗ്രാമം ഇപ്പോള്‍ പ്രശസ്തമായിരിക്കുന്നത്. ഇടയ്ക്ക്, ദൂരപ്രദേശങ്ങളില്‍ നിന്നെല്ലാം ആളുകള്‍ ഇവരെ കാണാനായി ഇവിടെയെത്താറുണ്ട്. എന്നാല്‍ ശാരീരികമായി തങ്ങള്‍ക്കുള്ള സവിശേഷതയില്‍ ഇവരൊട്ടും സന്തോഷിക്കുന്നില്ല എന്നതാണ് സത്യം.

click me!