വൃദ്ധസദനത്തിലാക്കിയ അച്ഛന്‍ മരിച്ചത് ഉറുമ്പുകടിയേറ്റ്; പരാതിയുമായി മകള്‍

By Web TeamFirst Published Sep 18, 2019, 1:32 PM IST
Highlights

അച്ഛന്റെ മാംസം ഉറുമ്പുകൾ ഭക്ഷണമാക്കിയിട്ടും കെയർ ഹോം അധികൃതർ അതൊന്നും അറിഞ്ഞില്ല  എന്നത് വിശ്വസിക്കാനാവുന്നല്ലെന്ന്  മകൾ ലാക്വിന ആരോപിച്ചു

ലാക്വിന റോസിന്റെ അച്ഛൻ ജോയൽ മാരബിൽ ഒരു വിയറ്റ്‌നാം യുദ്ധ ഹീറോ ആയിരുന്നു. അമേരിക്കൻ വ്യോമസേനയിലെ വിമുക്തഭടൻ. എഴുപത്തിനാലുകാരനായ അച്ഛന്റെ ആരോഗ്യം പാടെ മോശമാണ് എന്നറിഞ്ഞ് കെയർ ഹോമിൽ അദ്ദേഹത്തെ സന്ദർശിക്കാൻ ചെന്ന ലാക്വിന അച്ഛന്റെ കൈ പിടിച്ചു തഴുകി. എന്നാൽ പതിവിനു വിരുദ്ധമായി ഒരു ഞരക്കത്തോടെ അദ്ദേഹം തന്റെ കൈ പിൻവലിച്ചു. തന്റെ സ്പർശം പോലും അച്ഛന് വേദനയുണ്ടാക്കുന്നു എന്ന് അവർ തിരിച്ചറിഞ്ഞു. 

അറ്റ്‌ലാന്റയിലെ അറിയപ്പെടുന്ന വി എ ഹെൽത്ത് കെയർ സിസ്റ്റത്തിൽ ആയിരുന്നു ലാക്വിന അച്ഛനെ പാർപ്പിച്ചിരുന്നത്. ഒരു ബിസിനസ്സ് ട്രിപ്പ് കഴിഞ്ഞ് ലാക്വിന അച്ഛനെ കാണാൻ വന്നപ്പോഴാണ് വിവരമറിയുന്നത്. ഉറുമ്പുകളാൽ പൊതിഞ്ഞ അവസ്ഥയിൽ കണ്ട അച്ഛൻ മരിച്ചുപോയെന്നാണ് തങ്ങൾ ആദ്യം കരുതിയത് എന്ന് ആശുപത്രിയിലെ നേഴ്‌സുമാർ ലാക്വിനയോട് പറഞ്ഞു. കുപ്പായം അഴിച്ച് അച്ഛന്റെ ദേഹം പരിശോധിച്ചപ്പോൾ ലാക്വിനയ്ക്ക് ഉറുമ്പുകടിയേറ്റതിന്റെ പാടുകളായിരുന്നു. ആകെ ചുവന്നു തടിച്ച് വീങ്ങിയിരുന്നു. അദ്ദേഹത്തെ പാർപ്പിച്ചിരുന്ന മുറിയുടെ ചുവരിലും, സീലിങ്ങിലും, കിടക്കയിലും ഒക്കെ ചോണനുറുമ്പുകളായിരുന്നു.

 സ്വന്തം രാജ്യത്തിനു വേണ്ടി യുദ്ധത്തിൽ കഷ്ടതകൾ അനുഭവിച്ച അച്ഛൻ കുറേക്കൂടി അന്തസ്സുള്ള ഒരു മരണം അർഹിച്ചിരുന്നു എന്ന് ലാക്വിന സങ്കടം അറിയിച്ചു. ഒരു ഉറുമ്പുകടിയൊക്കെ ചിലപ്പോൾ ഏത് ആശുപത്രിയിലും എത്ര ശ്രദ്ധിച്ചാലും രോഗികൾക്ക് കിട്ടിയെന്നിരിക്കും. എന്നാൽ തന്റെ അച്ഛനെ നൂറുകണക്കിന് ഉറുമ്പുകൾ പൊതിഞ്ഞ് അവസാന നിമിഷങ്ങളിൽ മണിക്കൂറുകളോളം കടിക്കുകയായിരുന്നു എന്ന് അവർ പറഞ്ഞു. അച്ഛന്റെ മാംസം ഉറുമ്പുകൾ ഭക്ഷണമാക്കിയിട്ടും കെയർ ഹോം അധികൃതർ അതൊന്നും അറിഞ്ഞില്ല എന്ന് പറഞ്ഞാൽ അത് അവിശ്വസനീയമാണെന്നും, അത് സൂചിപ്പിക്കുന്നത് ആശുപത്രിയുടെ ശോചനീയാവസ്ഥയാണെന്നും ലാക്വിന ആരോപിച്ചു. 

എന്തായാലും, ഈ ഭടന്റെ മരണശേഷം കെയർ ഹോമിലെ  സകല മുറികളിലും പെസ്റ്റ് കൺട്രോൾ നടത്തിയതായി അധികൃതർ അറിയിച്ചു. ആശുപത്രിയിൽ ഹൗസ് കീപ്പിംഗ് ചുമതലയുണ്ടായിരുന്ന ഏഴോളം ജീവനക്കാരെ പിരിച്ചുവിട്ടുകഴിഞ്ഞു. ഇനി ഇങ്ങനെ ഒരു സംഭവം ആവർത്തിക്കാതിരിക്കാൻ വേണ്ടത് ചെയ്യുമെന്നും അധികൃതർ ഉറപ്പു നൽകിയിട്ടുണ്ട്. 

ജോയലിന്റെ ആരോഗ്യം വളരെ മോശമായ അവസ്ഥയിലായിരുന്നു. സംസാരിക്കാൻ പോലും ആവാത്തത്ര മോശം അവസ്ഥയിലായിരുന്നു. ഉറുമ്പുകടിയേൽക്കുമ്പോൾ വേദനകൊണ്ട് പുളയുന്നുണ്ടായിരുന്നിട്ടും അതേപ്പറ്റി ആരോടും പരാതിപ്പെടാൻ ആവാത്ത അവസ്ഥയിലായിരുന്നു ജോയൽ എന്നതാണ് അത് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചത്. ആശുപത്രി അധികൃതർ തന്റെ അച്ഛനെ തികഞ്ഞ ശ്രദ്ധയോടെ തന്നെയാണ് പരിചാരിച്ചിരുന്നത് എന്നും നഴ്‌സുമാരുടെ സേവനത്തിൽ താൻ പൂർണ തൃപ്തയായിരുന്നു എന്നും ലാക്വിന സമ്മതിക്കുന്നുണ്ട്. അവർക്ക് മനസ്സിലാവാത്തത് ഒരു കാര്യം മാത്രം, ഇങ്ങനെയുള്ള സാഹചര്യങ്ങൾ തിരിച്ചറിയാനുള്ള സംവിധാനങ്ങൾ എന്തേ ആശുപത്രികളിൽ ഇല്ല. ആരെങ്കിലും ഒരാൾ മരിച്ചാൽ മാത്രമാണോ അധികൃതർക്ക് ഇതേപ്പറ്റിയൊക്കെ ബോധമുദിക്കുന്നത്..? അവർ ചോദിക്കുന്നു. 
 

click me!