
മറവിരോഗം എന്ന് കേള്‍ക്കുമ്പോള്‍ ( Alzheimer's Disease ) തന്നെ മിക്കവരും ഓര്‍ക്കുന്നത് അല്‍ഷിമേഴ്സ് എന്ന രോഗത്തെ കുറിച്ചായിരിക്കും. പ്രധാനമായും പ്രായമായവരിലാണ് അല്‍ഷിമേഴ്സ് ബാധിക്കപ്പെടുന്നത്. ആദ്യം വര്‍ത്തമാനകാല സാഹചര്യവും ക്രമേണ അതിന് പിന്നിലേക്കുള്ള കാര്യങ്ങളുമെല്ലാം മറന്ന് ( Memory Loss ) കുട്ടികളെ പോലെ ആയി മാറുന്ന അവസ്ഥയാണ് അല്‍ഷിമേഴ്സിലുണ്ടാകുന്നത്.
ഇത് ചികിത്സയിലൂടെ ഭേദപ്പെടുത്താവുന്ന അസുഖമല്ല. രോഗിയെക്കാള്‍ ഒരുപക്ഷേ രോഗിക്ക് ചുറ്റുമുള്ളവര്‍ കൂടുതലായി ബാധിക്കപ്പെടുന്ന ചുരുക്കം അസുഖങ്ങളിലൊന്ന് കൂടിയാണ് അല്‍ഷിമേഴ്സ്.
എന്തുകൊണ്ടാണ് അല്‍ഷിമേഴ്സ് ( Alzheimer's Disease ) പിടിപെടുന്നത് കൃത്യമായി വിശദീകരിക്കാൻ സാധ്യമല്ല. ജനിതക ഘടകങ്ങളടക്കം പല കാരണങ്ങള്‍ ഇതിലേക്ക് നയിക്കുന്നുവെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ഈ രോഗത്തെ ചെറുക്കാനോ, പിടിച്ചുകെട്ടാനോ പരിഹരിക്കാനോ ഒന്നും സാധ്യമല്ല.
എന്നാല്‍ രോഗം ഭാവിയില്‍ വരാമെന്ന് മുൻകൂട്ടി അറിയാനായാലോ? അത് കൊള്ളാമെന്ന് തോന്നുന്നുണ്ടോ?
അതെ, അല്‍ഷിമേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത് ഏറ്റവും ലളിതമായൊരു രക്തപരിശോധനയിലൂടെ അടുത്ത പതിനേഴ് വര്‍ഷത്തിനുള്ളില്‍ അല്‍ഷിമേഴ്സ് പിടിപെടുമോയെന്നത് അറിയാൻ സാധിക്കുമെന്നാണ്. ഉറപ്പിച്ചുപറയുക അല്ല, മറിച്ച് സൂചനകളിലേക്കാണ് പഠനം വെളിച്ചം വീശുന്നത്.
രക്തത്തില്‍ കാണുന്ന ഒരിനം പ്രോട്ടീനാണത്രേ അല്‍ഷിമേഴ്സ് രോഗത്തിലേക്ക് വിരല്‍ചൂണ്ടുന്നത്. ഇത് ലളിതമായ പരിശോധനയിലൂടെ കണ്ടെത്താമെന്നാണ് ഗവേഷര്‍ അവകാശപ്പെടുന്നത്.
ഈ പ്രോട്ടീൻ പിന്നീട് തലച്ചോറില്‍ അടിഞ്ഞുകൂടുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുകയാണത്രേ.
'ഈ പ്രോട്ടീൻ തലച്ചോറിലെത്തി അവിടെ അടിഞ്ഞുകൂടി കിടക്കാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ നമുക്ക് രോഗവിവരം അറിയാൻ സാധിക്കും. ഇതുകൊണ്ടുള്ള ഫലം എന്തെന്നാല്‍ നമുക്ക് നേരത്തെ തെറാപ്പി തുടങ്ങിവയ്ക്കാൻ സാധിക്കും. രോഗം ഗുരുതരമാകുന്നതും രോഗം രോഗിയെ കടന്നുപിടിക്കുന്നതും നമുക്ക് ഫലപ്രദമായ തെറാപ്പിയിലൂടെയും ജീവിതരീതികളിലൂടെയും നീട്ടിവയ്ക്കാൻ സാധിക്കും...'- പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകരിലൊരാളായ പ്രൊഫസര്‍ ക്ലോസ് ഗെര്‍വെര്‍ട്ട് പറയുന്നു.
വര്‍ഷങ്ങളോളം നീണ്ട പഠനമാണ് ഇതിനായി ഗവേഷകര്‍ നടത്തിയത്. മറവിരോഗത്തെ കുറിച്ചും ഓര്‍മ്മകള്‍ നശിച്ചുപോകുന്ന ( Memory Loss ) ദാരുണമായ അവസ്ഥയെ കുറിച്ചും നേരത്തെ അറിയാൻ സാധിച്ചാൽ അത് തീര്‍ച്ചയായും ശാസ്ത്രത്തിന്‍റെ വലിയ നേട്ടം തന്നെയായി കണക്കാക്കാം.
Also Read:- ആളുകളോട് സംസാരിക്കാനും ഇടപെടാനും ഇഷ്ടമില്ല? തലച്ചോറിന് 'പണി' വരാതെ നോക്കണേ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam