പേടിപ്പെടുത്തുന്ന രൂപങ്ങള്‍ കാണും, കാഴ്ചയ്ക്കും തകരാര്‍; വിചിത്രമായ രോഗം

By Web TeamFirst Published Jan 24, 2023, 9:54 PM IST
Highlights

പത്ത് ലക്ഷത്തില്‍ അധികം പേരെയെങ്കിലും 'ചാള്‍സ് ബോണെറ്റ് സിൻഡ്രോം' (സിബിഎസ്) എന്ന അസാധാരണമായ പ്രശ്നം പിടികൂടിയിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ആയിരത്തിലധികം ആരോഗ്യവിദഗ്ധരില്‍ നിന്നാണ് സംഘടന പ്രധാനമായും വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്.

നാം വായിച്ചോ പറഞ്ഞുകേട്ടോ അനുഭവിച്ചോ അറിയാത്ത എത്രയോ ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമുണ്ട്. പലപ്പോഴും വാര്‍ത്തകളിലൂടെയാണ് ഇത്തരത്തിലുള്ള പല അസുഖങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് നാമറിയുന്നത്. സമാനമായ രീതിയില്‍ ഇപ്പോള്‍ യുകെയില്‍ ആരോഗ്യവിദഗ്ധര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ് കണ്ണിനെ ബാധിക്കുന്നൊരു പ്രശ്നം.

യുകെയിലുള്ള സന്നദ്ധ സംഘടനയായ 'എസ്മ്സ് അംബര്‍ല്ല'യാണ് കണ്ണിനെ ബാധിക്കുന്ന, അസാധാരണമായ പ്രശ്നത്തെ കുറിച്ച് അന്വേഷണം നടത്തിയത്. ഞെട്ടിക്കുന്ന കണക്കാണ് തങ്ങളുടെ അന്വേഷണത്തിനൊടുവില്‍ ഇവര്‍ പങ്കുവച്ചിരിക്കുന്നത്. 

പത്ത് ലക്ഷത്തില്‍ അധികം പേരെയെങ്കിലും 'ചാള്‍സ് ബോണെറ്റ് സിൻഡ്രോം' (സിബിഎസ്) എന്ന അസാധാരണമായ പ്രശ്നം പിടികൂടിയിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ആയിരത്തിലധികം ആരോഗ്യവിദഗ്ധരില്‍ നിന്നാണ് സംഘടന പ്രധാനമായും വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. ഇവരില്‍ 37 ശതമാനം പേര്‍ക്കും സിബിഎസിനെ കുറിച്ച് അറിവില്ലയെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. 

ഇല്ലാത്ത കാഴ്ചകള്‍ കാണുക, പ്രത്യേകിച്ച് പേടിപ്പെടുത്തുന്ന രൂപങ്ങള്‍- അത് പ്രേതമാണോ, 'സോമ്പി' പോലുള്ള ജീവികളാണോ എന്നെല്ലാം രോഗിക്ക് തോന്നാം. ഇതാണ് സിബിഎസിന്‍റെ പ്രധാന ലക്ഷണവും പ്രശ്നവും. കണ്ണിനെ ബാധിക്കുന്ന തിമിരം, മറ്റ് കാഴ്ചപ്രശ്നങ്ങള്‍, പെട്ടെന്നുണ്ടാകുന്ന പരുക്കുകളെ തുടര്‍ന്നുള്ള കാഴ്ചാപ്രശ്നങ്ങള്‍ എന്നിവയ്ക്ക് പിന്നാലെയാണത്രേ സിബിഎസ് ഉണ്ടാകാനുള്ള സാധ്യത തുറക്കുന്നത്.

ഇതില്‍ കാഴ്ചാപ്രശ്നങ്ങളുള്ള അഞ്ചിലൊരാള്‍ക്കെങ്കിലും സിബിഎസ് സാധ്യത വരുമത്രേ. ഇതോടോ കണ്ണില്‍ നിന്ന് തലച്ചോറിലേക്ക് സന്ദേശങ്ങള്‍ പോകുന്നത് 60 ശതമാനത്തോളം ഇല്ലാതാകുന്നു. അങ്ങനെ യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത കാഴ്ചകള്‍ രോഗികള്‍ കാണുന്നു. പരിപൂര്‍ണമായും മാനസികപ്രശ്നമായാണ് ഇതിനെ കണക്കാക്കി വന്നിരുന്നത്. എന്നാലിപ്പോള്‍ മറ്റ് തലങ്ങളിലേക്കും ഇത് സംബന്ധിച്ച പഠനങ്ങള്‍ നീങ്ങുന്നത് കാണാം. 

'ഒരു പരുക്കിന് ശേഷം സര്‍ജറി നടത്തുകയും  ആ സര്‍ജറി കഴിഞ്ഞ് ഉണരുകയും ചെയ്തപ്പോഴാണ് ആദ്യമായി ഞാനിത് അനുഭവിക്കുന്നത്. വിവിധ നിറങ്ങള്‍ ഇങ്ങനെ കണ്‍മു്നനില്‍ വന്നുപോകുന്നതായിരുന്നു ആദ്യ സൂചന. പിന്നീട് രൂപങ്ങളായി. പ്രേതങ്ങളാണോ എന്ന് നമുക്ക് പേടി തോന്നും...'
 സിബിഎസ് ബാധിക്കപ്പെട്ട നിന ചെസ്‍വര്‍ത് എന്ന സ്ത്രീ പറയുന്നു.

സിബിഎസ് ചികിത്സയിലൂടെ ഭേദപ്പെടുത്താൻ സാധിക്കുന്നതല്ല. എന്നാല് ലൈഫ്സ്റ്റൈല്‍ പരിശീലനത്തോടെ ഇതിന്‍റെ കാഠിന്യവും തവണകളും കുറയ്ക്കാൻ സാധിക്കും. 

Also Read:- കണ്ണുകളെ ദോഷകരമായി ബാധിക്കുന്ന നിങ്ങളുടെ അഞ്ച് ശീലങ്ങള്‍...

tags
click me!