Covid 19 Treatment : കൊവിഡ് 19; വീട്ടിലിരുന്ന് ചികിത്സിക്കുന്നവര്‍ നിര്‍ബന്ധമായും അറിയേണ്ടത്...

By Web TeamFirst Published Jan 17, 2022, 7:23 PM IST
Highlights

കൊവിഡിന്റെ ഭാഗമായി അധികരിച്ച പനിയുണ്ടെങ്കില്‍ അതിനെ ശമിപ്പിക്കാന്‍ മരുന്ന് കഴിക്കാം. അതുപോലെ ചുമയും മറ്റ് വിഷമതകളും നേരിയ തോതിലല്ല, എങ്കില്‍ അതിന് ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശം തേടാം. അതല്ലാത്ത പക്ഷം, പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണം പിന്തുടരുകയും വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയുമാണ് ചെയ്യേണ്ടത്

ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാജ്യത്ത് കൊവിഡ് കേസുകള്‍ ( Covid 19 India ) കുത്തനെ വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൊവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ( Omicron India ) വ്യാപകമായ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും കൊവിഡ് കേസുകള്‍ ഉയരുന്നത്. 

നേരത്തെ അതിശക്തമായ രണ്ടാം തരംഗത്തിന് കാരണമായ ഡെല്‍റ്റ വകഭേദത്തെക്കാള്‍ മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താനാകുമെന്നതാണ് ഒമിക്രോണിന്റെ സവിശേഷത. ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കാന്‍ സാധിക്കുമെന്നതായിരുന്നു ഡെല്‍റ്റയുടെ പ്രത്യേകത. ഇതിനെക്കാളും മൂന്നിരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്തുമെന്ന് പറയുമ്പോള്‍ ഒമിക്രോണിന്റെ അപകടം നാം മനസിലാക്കേണ്ടതുണ്ട്. 

ഇപ്പോള്‍ വീണ്ടും കേസുകള്‍ കൂടുന്ന സാഹചരര്യത്തില്‍ വീട്ടില്‍ തന്നെ കൊവിഡിനെ കൈകാര്യം ചെയ്യുന്നവരുടെ എണ്ണവും വീണ്ടും കൂടിയിരിക്കുകയാണ്. നമുക്കറിയാം, കൊവിഡിന് പ്രത്യേകമായി മരുന്നുകളൊന്നും തന്നെ ലഭ്യമല്ല. കൊവിഡ് ലക്ഷണങ്ങളായി വരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടാം. എന്നാല്‍ അതും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമാണ് ചെയ്യേണ്ടത്.

പലരും പനി, ചുമ പോലുള്ള കൊവിഡ് അനുബന്ധ പ്രശ്‌നങ്ങളെ ഒതുക്കാന്‍ സ്വന്തം തീരുമാനപ്രകാരം ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിക്കും. എന്നാല്‍ തീര്‍ത്തും ചെയ്യരുതാത്ത ഒരു സംഗതിയാണിതെന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്. കൊവിഡ് വിഷമതകള്‍ നേരിടുന്നുണ്ടെങ്കില്‍ അത് ഒരു പരിധിയിലധികം തീവ്രമാണെങ്കില്‍ മരുന്നുകള്‍ കഴിക്കാം. പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകാതിരിക്കാന്‍ ഇത് കൂടിയേ തീരൂ. എന്നാല്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കും പ്രകാരം മാത്രം. 

'കൊവിഡ് 19 ഒരു വൈറല്‍ ബാധയാണ്. ഇതിനെതിരെ ആന്റിബയോട്ടിക്കുകള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് ആദ്യം മനസിലാക്കണം. സെക്കന്ഡറി ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകളെ മാത്രമാണ് ആന്റിബയോട്ടിക്കുകള്‍ക്ക് കൈകാര്യം ചെയ്യാനാവുക. അതുകൊണ്ട് തന്നെ കൊവിഡിനെ നേരിടാന്‍ ആന്റിബയോട്ടിക്കുകളെ ആശ്രയിക്കാതിരിക്കുക...' - കണ്‍സള്‍ട്ടന്റ് ചെസ്റ്റ് ഫിസീഷ്യനായ ഡോ. സതീഷ് കെ എസ് പറയുന്നു. 

എന്ന് മാത്രമല്ല, ആന്റിബയോട്ടിക്കുകള്‍ നിരന്തരം ഉപയോഗിക്കുന്നത് ഡോക്ടര്‍ വിലക്കുകയും ചെയ്യുന്നു. തുടരെ ഇവയുപയോഗിക്കുന്നത് നമ്മളില്‍ രോഗങ്ങളെ സൃഷ്ടിക്കുന്ന ബാക്ടീരിയകള്‍ക്ക് അനുകൂലമായ അന്തരീക്ഷമുണ്ടാക്കുമെന്നും അതിന് പുറമെ തളര്‍ച്ച, ഛര്‍ദ്ദി, യീസ്റ്റ് അണുബാധ, അലര്‍ജി, ശ്വാസതടസം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ആന്റിബയോട്ടിക് ഉപയോഗം കാരണമാകാമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. 

കൊവിഡിന്റെ ഭാഗമായി അധികരിച്ച പനിയുണ്ടെങ്കില്‍ അതിനെ ശമിപ്പിക്കാന്‍ മരുന്ന് കഴിക്കാം. അതുപോലെ ചുമയും മറ്റ് വിഷമതകളും നേരിയ തോതിലല്ല, എങ്കില്‍ അതിന് ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശം തേടാം. അതല്ലാത്ത പക്ഷം, പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണം പിന്തുടരുകയും വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയുമാണ് ചെയ്യേണ്ടത്.

Also Read:- ഒമിക്രോണ്‍ ബാധിതരില്‍ കാണപ്പെടുന്ന സാധാരണ നാല് ലക്ഷണങ്ങൾ; ആരോഗ്യവിദഗ്ധര്‍ പറയുന്നു

click me!