Covid 19: ചില കൊവിഡ് രോഗികള്‍ക്ക് 10 ദിവസത്തിന് ശേഷവും വൈറസ് പരത്താനാകും; പഠനം

By Web TeamFirst Published Jan 17, 2022, 3:44 PM IST
Highlights

യുകെയിലെ എക്സെറ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 176 പേരില്‍ നടത്തിയ പഠനത്തില്‍ 13 ശതമാനത്തിനും 10 ദിവസങ്ങള്‍ക്ക് ശേഷവും ഉയര്‍ന്ന വൈറല്‍ ലോഡ് ഉണ്ടായിരുന്നതായി ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് ബാധിതരായ (Covid patients) ചില രോഗികള്‍ക്ക് 10 ദിവസം കഴിഞ്ഞാലും മറ്റുള്ളവരിലേയ്ക്ക് വൈറസ് പടര്‍ത്താന്‍ കഴിയുമെന്ന് പഠനം. യുകെയിലെ എക്സെറ്റര്‍ സര്‍വകലാശാലയിലെ (University of Exeter) ഗവേഷകരാണ് പഠനം നടത്തിയത്. 

176 പേരില്‍ നടത്തിയ പഠനത്തില്‍ 13 ശതമാനത്തിനും 10 ദിവസങ്ങള്‍ക്ക് ശേഷവും ഉയര്‍ന്ന വൈറല്‍ ലോഡ് ഉണ്ടായിരുന്നതായി ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ചിലരില്‍ 68 ദിവസം വരെ ഉയര്‍ന്ന വൈറല്‍ ലോഡ് തുടര്‍ന്നു എന്നും പഠനം പറയുന്നു. സ്വയം ഐസൊലേഷന്‍ ചെയ്യാനുള്ള കാലാവധി കുറയ്ക്കുന്നത് കൂടുതല്‍ പേര്‍ക്ക് രോഗമുണ്ടാകാനുള്ള സാഹചര്യം ഒരുക്കുമെന്നാണ് ഈ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ വിദഗ്ധര്‍ പറയുന്നത്. 

അതേസമയം 2020ല്‍ ശേഖരിക്കപ്പെട്ട സാംപിളുകള്‍ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഡെല്‍റ്റയും ഒമിക്രോണും പോലുള്ള വകഭേദങ്ങള്‍ പ്രബലമായ നിലവിലെ സാഹചര്യത്തില്‍ ഈ പഠനത്തിന് എത്ര മാത്രം പ്രസക്തിയുണ്ടെന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്. 

കൊവിഡ് ബാധിതര്‍ക്ക് ഇന്ത്യയില്‍ ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്ന ഐസൊലേഷന്‍ കാലാവധി ഏഴ് ദിവസമായി കുറച്ചിരുന്നു. യുകെ പോലുള്ള ചില രാജ്യങ്ങളില്‍ അഞ്ച് ദിവസമാണ് ഐസൊലേഷന്‍ കാലാവധി.  

Also Read: ഈ രാജ്യത്തെ 60 കഴിഞ്ഞവര്‍ വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ഇനി പിഴ അടക്കേണ്ടി വരും!

click me!