വായിലൂടെ ഉറുമ്പരിക്കുന്ന അവസ്ഥയില്‍ കിടപ്പിലായ കൊവിഡ് രോഗി; വീഡിയോ ചര്‍ച്ചയാകുന്നു

By Web TeamFirst Published Jul 30, 2021, 10:27 PM IST
Highlights

സര്‍ക്കാര്‍ ആശുപത്രി ആയതിനാല്‍ തന്നെ വീഡിയോ വൈറലായതോടെ ആരോഗ്യവകുപ്പ് വെട്ടിലായിരിക്കുകയാണ്. ആദ്യം ആശുപത്രി അധികൃതര്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചെങ്കിലും പിന്നീട് ഏതെങ്കിലും ജീവനക്കാര്‍ക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചു

കൊവിഡ് കാലത്ത് ആരോഗ്യമേഖല നേരിട്ട പ്രതിസന്ധികള്‍ ചില്ലറയല്ല. എങ്കിലും രോഗികളെ മാന്യമായ രീതിയില്‍ പരിചരിക്കുകയെന്നത് ആരോഗ്യപ്രവര്‍ത്തകരുടെ ധാര്‍മ്മികമായ ചുമതല തന്നെയാണ്. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെ കൂടി പഴി കേള്‍പ്പിക്കാനായി ചിലപ്പോഴെങ്കിലും ഈ മേഖലയില്‍ നിന്ന് മനുഷ്യത്വരഹിതമായ വാര്‍ത്തകള്‍ നമ്മെ തേടിയെത്താറുണ്ട്. 

അത്തരത്തില്‍ ഗുജറാത്തിലെ വഡോദരയില്‍ നിന്ന് പുറത്തുവന്നൊരു വാര്‍ത്ത ഇന്ന് ഏറെ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കുകയാണ്. കൊവിഡ് ബാധയെ തുടര്‍ന്ന് സര്‍ സയാജിറാവു ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന കിടപ്പിലായ രോഗിയുടെ വായിലൂടെ ഉറുമ്പരിക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. 

രോഗിയായ സ്ത്രീയുടെ ബന്ധുവാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ ഉറുമ്പരിക്കുന്നത് കാണുന്നില്ല. എന്നാല്‍ വായുടെ ഭാഗത്തും ചുണ്ടുകളിലുമെല്ലാം ചെറിയ മുറിവുകള്‍ കാണുന്നുണ്ട്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ട്യൂബ് വഴിയാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നത്.

വീഡിയോയില്‍ ഉടനീളം അവര്‍ തല കുലുക്കി അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. കിടപ്പിലായതിനാല്‍ മറ്റൊന്നും ചെയ്യാനുമാകാത്ത അവസ്ഥയാണ്. പിന്നീടാണ് വീഡിയോ പകര്‍ത്തുകയായിരുന്ന ബന്ധു വായില്‍ നിന്ന് ഉറുമ്പുകള്‍ പുറത്തേക്ക് അരിച്ചുവരുന്നത് കണ്ടത്. ഇതോടെ അദ്ദേഹം നഴ്‌സിനെ വിളിച്ച് വിവരം അറിയിച്ചെങ്കിലും ദിവസത്തിലൊരിക്കല്‍ രോഗിയുടെ ശരീരം വൃത്തിയാക്കുന്നുണ്ടെന്നും അത് ഭക്ഷണം നല്‍കുന്ന ട്യൂബില്‍ നിന്ന് അവശിഷ്ടം പുറത്താകുമ്പോള്‍ ഉറുമ്പ് വരുന്നതാണെന്നുമായിരുന്നുവേ്രത മറുപടി. 

സര്‍ക്കാര്‍ ആശുപത്രി ആയതിനാല്‍ തന്നെ വീഡിയോ വൈറലായതോടെ ആരോഗ്യവകുപ്പ് വെട്ടിലായിരിക്കുകയാണ്. ആദ്യം ആശുപത്രി അധികൃതര്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചെങ്കിലും പിന്നീട് ഏതെങ്കിലും ജീവനക്കാര്‍ക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ചു. നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും പങ്കുവയ്ക്കുന്നത്. യൂട്യൂബിലും വീഡിയോ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഏറെ അസ്വസ്ഥതപ്പെടുത്തുന്ന വീഡിയോ വലിയ മനുഷ്യത്വവിരുദ്ധതയാണ് തുറന്നുകാട്ടുന്നത്.

Also Read:- ബാലികയുടെ മൃതദേഹം കരണ്ടുതിന്നുന്ന തെരുവുപട്ടി; യുപിയില്‍ നിന്ന് ഞെട്ടിക്കുന്ന ദൃശ്യം

click me!