
കൊവിഡ് 19 മഹാമാരിയുമായുള്ള യുദ്ധത്തില്‍ തന്നെയാണ് ലോകം. രോഗത്തിനെതിരായ വാക്‌സിനുകളെത്തിയെങ്കിലും ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ വീണ്ടും ആശങ്കയ്ക്ക് ഇടയാക്കുകയാണ്. അത്തരത്തില്‍ ഇന്ത്യയില്‍ കണ്ടെത്തപ്പെട്ട ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസാണ് 'ഡെല്‍റ്റ'.
ഈ വകഭേദത്തില്‍ പെടുന്ന വൈറസ് ആണ് രാജ്യത്ത് രണ്ടാം തരംഗം രൂക്ഷമാകാന്‍ കാരണമായതെന്ന് പിന്നീട് കണ്ടെത്തപ്പെട്ടിരുന്നു. 'ഡെല്‍റ്റ' വൈകാതെ തന്നെ പുറംരാജ്യങ്ങളിലുമെത്തി. യുഎസും യുകെയും അടക്കം പല രാജ്യങ്ങളിലും 'ഡെല്‍റ്റ' വകഭേദം വലിയ തോതിലാണ് കൊവിഡ് പ്രതിസന്ധി ഉയര്‍ത്തിയത്.
ചുരുങ്ങിയ സമയത്തിനകം കൂടുതല്‍ പേരിലേക്ക് രോഗം പകര്‍ത്താന്‍ സാധിക്കുമെന്നതാണ് 'ഡെല്‍റ്റ' വകഭേദത്തിന്റെ പ്രത്യേകത. വാക്‌സിന്‍ സ്വീകരിച്ചവരില്‍ പോലും കയറിപ്പറ്റാന്‍ ഇവയ്ക്ക് എളുപ്പത്തില്‍ കഴിയുമെന്നതും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗമെത്തിച്ചതില്‍ ഏറ്റവും അധികം പങ്കുള്ളത് 'ഡെല്‍റ്റ'യ്ക്കാണെന്ന തരത്തിലുള്ള പഠനറിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ 'ഡെല്‍റ്റ'യുയര്‍ത്തുന്ന അപകടഭീഷണി എത്രത്തോളമാണെന്ന് വ്യക്തമാക്കുന്ന പുതിയൊരു റിപ്പോര്‍ട്ട് കൂടി എത്തിയിരിക്കുകയാണ്. ചിക്കന്‍ പോക്‌സ് പോലെ, അത്രയും വേഗതയില്‍ പടരുന്ന വൈറസ് വകഭേദമാണ് 'ഡെല്‍റ്റ' എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. യുഎസിലെ 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍' (സിഡിസി) ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 'ദ വാഷിംഗ്ടണ്‍ പോസ്റ്റ്'ല്‍ ആണ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്.
വാക്‌സിന്‍ ഡോസ് മുഴുവന്‍ സ്വീകരിച്ചവരില്‍ പോലും 'ഡെല്‍റ്റ' എത്താമെന്നും മറ്റുള്ളവരെ പോലെ തന്നെ ഇവരിലൂടെയും വൈറസ് കാര്യമായി പകരുമെന്നം റിപ്പോര്‍ട്ട് അടിവരയിട്ട് പറയുന്നു. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗത്തിന്റെ തീവ്രത കുറഞ്ഞിരിക്കുമെന്നും അതുമൂലം ആശുപത്രി പ്രവേശനത്തിന്റെ സാധ്യതയും കുറവായിരിക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
'സാര്‍സ്, എബോള പോലുള്ള രോഗങ്ങളെക്കാള്‍ വേഗതയില്‍ ഡെല്‍റ്റ വകഭേദം കൊവിഡ് പടര്‍ത്തും. ഇതിനെ നിലവില്‍ താരതമ്യപ്പെടുത്താനാവുക ചിക്കന്‍ പോക്‌സ് വൈറസുമായാണ്. അത്രയും എളുപ്പത്തില്‍ ഇത് രോഗം കൈമാറ്റം ചെയ്യുന്നുണ്ട്. വാക്‌സിന്‍ സ്വീകരിക്കാത്തവരാണെങ്കില്‍ ഡെല്‍റ്റ വകഭേദം മൂലമുണ്ടാകുന്ന കൊവിഡ് രോഗം തീവ്രമാകാനുള്ള സാധ്യതകളും ഏറെയാണ്...'- റിപ്പോര്‍ട്ട് പറയുന്നു.
'ഡെല്‍റ്റ'യ്‌ക്കെതിരായ യുദ്ധമാണ് ഇനി നടക്കേണ്ടതെന്നും അതിനായി ആരോഗ്യപ്രവര്‍ത്തകരെയും ജനങ്ങളെയും ഒരുപോലെ ഉത്‌ബോധിപ്പിക്കുവാനാണ് തങ്ങള്‍ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും സിഡിസിയില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നു. 'ഡെല്‍റ്റ' വകഭേദത്തെ കുറിച്ച് ഇനിയും കൂടുതല്‍ വിവരങ്ങള്‍ കൂടി തങ്ങളുടെ പക്കലുണ്ടെന്നും അവയും വൈകാതെ തന്നെ പങ്കുവയ്ക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam