'വാക്‌സിനേഷന് ശേഷം സംഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, മരണം എന്നിവ വാക്‌സിനുമായി നേരിട്ട് കൂട്ടിക്കെട്ടരുത്'

By Web TeamFirst Published Jun 15, 2021, 7:55 PM IST
Highlights

'ഇതിനിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണെങ്കില്‍ വാക്‌സിനേഷന് പിന്നാലെ 2021 ജനുവരി 16നും 2021 ജൂണ്‍ 7നുമിടയിലായി 488 മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായതാണ്. അതായത് വാക്‌സിനേഷന് ഇതുമായി ബന്ധമില്ലെന്ന് സാരം...'

കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വ്യാജപ്രചാരണങ്ങളും നേരത്തേ മുതല്‍ തന്നെ നടന്നിരുന്നു. ഇത് പലയിടങ്ങളിലും ആളുകള്‍ വാക്‌സിന്‍ എടുക്കുന്നതില്‍ നിന്ന് പിന്തിരിയാനും കാരണമായിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ സര്‍ക്കാരുകളും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം കാര്യമായ ബോധവത്കരണമാണ് ഇപ്പോഴും നടത്തിവരുന്നത്. 

വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞാലുള്ള പാര്‍ശ്വഫലങ്ങളെ കുറിച്ചാണ് പ്രചാരണങ്ങള്‍ ഏറെയും വന്നിട്ടുള്ളത്. ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ മുതല്‍ മരണം വരെയുള്ള പാര്‍ശ്വഫലങ്ങളെ കുറിച്ച് വിവിധ രീതിയിലുള്ള വാദങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വാക്‌സിനേഷന് ശേഷം വ്യക്തിയില്‍ സംഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, മരണം എന്നിവയെ നേരിട്ട് വാക്‌സിനുമായി കൂട്ടിക്കെട്ടാന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. 

വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ 'അനാഫിലാക്‌സിസ്' (അലര്‍ജിക് റിയാക്ഷന്‍) മൂലം അറുപത്തിയെട്ടുകാരന്‍ മരിച്ചതായ വാര്‍ത്ത ഔദ്യോഗികമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. വാക്‌സിനേഷനെ തുടര്‍ന്നുണ്ടായ രാജ്യത്തെ ആദ്യ മരണമാണിതെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. എന്നാല്‍ വേറെയും ചില കേസുകള്‍ കൂടി സമാനമായി മരണം സംഭവിച്ചതാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ രംഗത്തെത്തിയിരിക്കുന്നത്. 

'ഇതിനിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണെങ്കില്‍ വാക്‌സിനേഷന് പിന്നാലെ 2021 ജനുവരി 16നും 2021 ജൂണ്‍ 7നുമിടയിലായി 488 മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായതാണ്. അതായത് വാക്‌സിനേഷന് ഇതുമായി ബന്ധമില്ലെന്ന് സാരം. എന്നാല്‍ ഏറെ തെറ്റിദ്ധാരണ പരത്തുന്നതായിരുന്നു പല റിപ്പോര്‍ട്ടുകളും...

...ഏത് രോഗത്തിനെതിരായ വാക്‌സിനാണെങ്കിലും അത് ശരീരത്തിലെത്തുന്നതോടെ ചില റിയാക്ഷനുകള്‍ വരും. അത് സ്വാഭാവികമാണ്. നമ്മുടെ ജനസംഖ്യയ്ക്ക് ആനുപാതികമായ വാക്‌സിനേഷന്‍ മരണങ്ങള്‍ ഇപ്പോഴും ഇവിടെ സംഭവിച്ചിട്ടില്ല. ഇതുവരെ 23.5 കോടി പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് വന്ന മരണനിരക്ക് 0.0002 ശതമാനം മാത്രമാണ്. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല. അതേസമയം കൊവിഡ് സ്ഥിരീകരിച്ചവരിലെ മരണനിരക്ക് നോക്കൂ. അത് ഇതിനെക്കാളെല്ലാം എത്രയോ കൂടുതലാണ്. അതിനാല്‍ തന്നെ നിലവില്‍ വാക്‌സിനില്‍ വിശ്വസിച്ച് മുന്നോട്ടുപോകല്‍ മാത്രമാണ് സ്വീകാര്യമായ മാര്‍ഗം...'- കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 

Also Read:- കൊവി‍ഡ് വാക്സിൻ പാർശ്വഫലത്താൽ രാജ്യത്ത് ആദ്യ മരണം; സ്ഥിരീകരിച്ച് കേന്ദ്ര സര്‍ക്കാര്‍...

click me!