'കൊറോണ'യ്ക്ക് മുമ്പും ശേഷവും; അത്‌ലറ്റിന്റെ ഞെട്ടിക്കുന്ന ചിത്രം

By Web TeamFirst Published Jul 1, 2020, 10:43 PM IST
Highlights

വെയിറ്റ് ലിഫ്റ്റിംഗ്, ബാസ്‌കറ്റ് ബോള്‍ എന്നീ ഇനങ്ങളില്‍ കഴിവ് തെളിയിച്ച താരമാണ് അഹമ്മദ് അയ്യാദ് എന്ന നാല്‍പതുകാരന്‍. മാര്‍ച്ച് ആദ്യവാരത്തില്‍, ഫ്‌ളോറിഡയിലെ ഒരു യാത്ര കഴിഞ്ഞ് വന്ന സമയത്താണ് അയ്യാദിന് ചില ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെടുന്നത്. ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ തീരെ അവശനിലയിലായി

കൊവിഡ് 19 രോഗം അത്ര ഭയപ്പെടാനുള്ളതല്ലെന്നും അത് വന്നത് പോലെയങ്ങ് പൊയ്‌ക്കോളുമെന്നുമെല്ലാം പറയുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഒന്നിനേയും അങ്ങനെ കുറച്ചുകാണരുതെന്ന മുന്നറിയിപ്പ് നല്‍കുകയാണ് രോഗം ഭേദമായ ചിലരുടെ അനുഭവങ്ങള്‍. ഇക്കൂട്ടത്തിലിപ്പോള്‍ ശ്രദ്ധേയമാകുന്നത് വാഷിംഗ്ടണ്‍ സ്വദേശിയായ ഒരു അത്‌ലറ്റിന്റെ കൊവിഡ് രോഗാനന്തരമുള്ള ചിത്രങ്ങളാണ്. 

വെയിറ്റ് ലിഫ്റ്റിംഗ്, ബാസ്‌കറ്റ് ബോള്‍ എന്നീ ഇനങ്ങളില്‍ കഴിവ് തെളിയിച്ച താരമാണ് അഹമ്മദ് അയ്യാദ് എന്ന നാല്‍പതുകാരന്‍. മാര്‍ച്ച് ആദ്യവാരത്തില്‍, ഫ്‌ളോറിഡയിലെ ഒരു യാത്ര കഴിഞ്ഞ് വന്ന സമയത്താണ് അയ്യാദിന് ചില ശാരീരികാസ്വസ്ഥതകള്‍ അനുഭവപ്പെടുന്നത്. ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ തീരെ അവശനിലയിലായി.

അങ്ങനെ അടുത്തുള്ള ആശുപത്രിയില്‍ ചെന്നു. മാര്‍ച്ച് പതിനഞ്ചോടെ അയ്യാദിനെ കൊവിഡ് 19 ആണെന്ന സ്ഥിരീകരണം വന്നു. വേറെയും ചില ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിയുള്ളതിനാല്‍ അദ്ദേഹത്തിന്റെ ശാരീരികാവസ്ഥ ഡോക്ടര്‍മാര്‍ കണക്കുകൂട്ടിയതിലും വേഗത്തില്‍ മോശമായിത്തുടങ്ങി. 

കടുത്ത ശ്വാസതടസം നേരിട്ടതോടെ അയ്യാദിനെ വൈകാതെ വെന്റിലേറ്ററിലേക്കും മാറ്റി. അപ്പോഴൊക്കെയും സംസാരിക്കാനാകാത്തതിനാല്‍ അയ്യാദ് പറയാനുള്ള കാര്യങ്ങള്‍ കടലാസില്‍ എഴുതിക്കാണിക്കുമായിരുന്നു. ഡോക്ടര്‍മാരും അയ്യാദിന്റെ കുടുംബവും അദ്ദേഹത്തിന് പറയാനുള്ളത് അങ്ങനെ തിരിച്ചറിഞ്ഞു. 

എന്നാല്‍ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അയ്യാദ് കോമ സ്‌റ്റേജിലെത്തിയതോടെ അദ്ദേഹം തിരിച്ച് ജീവിതത്തിലേക്ക് വരുമെന്ന പ്രതീക്ഷ എല്ലാവരില്‍ നിന്നും നഷ്ടമായി. വളരെ ഊര്‍ജ്ജസ്വലനായ, ആരോഗ്യവാനായ ഒരാളില്‍ ഇത്തരമൊരു മാറ്റം ആര്‍ക്കും സങ്കല്‍പിക്കാന്‍ പോലുമായില്ല. 25 ദിവസമാണ് അയ്യാദ് ആ കിടപ്പ് കിടന്നത്. 

പക്ഷേ, മരണവാര്‍ത്ത കേള്‍ക്കാന്‍ മനസുകൊണ്ട് തയ്യാറെടുത്ത് നിന്ന പ്രിയപ്പെട്ടവര്‍ക്ക് മുമ്പിലേക്ക് പിന്നീട് ഒരത്ഭുതം പോലെ അയ്യാദ് തിരിച്ചെത്തി. അപകടനില തരണം ചെയ്തതോടെ എല്ലാവരിലും പഴയ പ്രസരിപ്പ് പടര്‍ന്നു. അങ്ങനെ ഏപ്രില്‍ 22ന് രോഗം പൂര്‍ണ്ണമായി ഭേദമായി അയ്യാദ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി. 

'ബോധം തിരികെ കിട്ടി, എന്നെത്തന്നെ കണ്ടുകഴിഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടിത്തരിച്ചുപോയി. എന്റെ കയ്യും കാലുമെല്ലാം മെലിഞ്ഞുണങ്ങിപ്പോയി. നെഞ്ച് ആകെ ഇടുങ്ങിപ്പോയി. ഇത്രയും നാള്‍ ഞാന്‍ കിടന്ന കിടപ്പിലായിരുന്നു എന്നത് പോലും എനിക്ക് വിശ്വസിക്കാനായില്ല...'- അയ്യാദ് പറയുന്നു. 

കൊവിഡ് 19 പിടിപെട്ട് ആശുപത്രിയിലാകും മുമ്പ് 97 കിലോഗ്രാമായിരുന്നു അയ്യാദിന്റെ തൂക്കം. രോഗം ഭേദമായി തിരിച്ചുപോരുമ്പോള്‍ അത് 69 കിലോഗ്രാം ആയി ചുരുങ്ങി. കാഴ്ചയില്‍ തന്നെ മറ്റൊരാളായി മാറിയിരുന്നു അദ്ദേഹം. എന്തായാലും ജീവന്‍ തിരിച്ചുകിട്ടിയല്ലോയെന്ന സന്തോഷം മാത്രമേ ഇപ്പോള്‍ അയ്യാദിനും കുടുംബത്തിനും അനുഭവപ്പെടുന്നുള്ളൂ. പ്രായമായ മാതാപിതാക്കളും ഭാര്യയും മക്കളുമെല്ലാം താനില്ലാതായിപ്പോയിരുന്നെങ്കില്‍ അനാഥരാകുമായിരുന്നല്ലോ എന്ന ചിന്തയൊന്നില്‍, പോയ ആരോഗ്യത്തെയെല്ലാം അയ്യാദ് മറക്കുകയാണ്. അതെല്ലാം ഇനിയും ഉണ്ടാക്കാമല്ലോ എന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.

Also Read:- 'തടി കൂടുതലെന്ന് പറഞ്ഞ് കാമുകന്‍ ഉപേക്ഷിച്ചതോടെ നേരം തെളിഞ്ഞു'...

click me!