Attukal Pongala: ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Published : Feb 17, 2022, 11:01 AM ISTUpdated : Feb 17, 2022, 11:08 AM IST
Attukal Pongala: ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ ഇടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

Synopsis

കൊവിഡ് കേസുകള്‍ വേഗത്തില്‍ കുറഞ്ഞ് വരികയാണെങ്കിലും ഒമിക്രോണ്‍ വകഭേദമായതിനാല്‍ വളരെ വേഗം പടരും. ഗുരുതരാവസ്ഥ കുറവാണെങ്കിലും കുട്ടികളും പ്രായമായവരും മറ്റസുഖമുള്ളവരും വീട്ടിലുണ്ടെങ്കില്‍ അവരെ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.

കൊവിഡ് സാഹചര്യത്തില്‍ ആറ്റുകാല്‍ പൊങ്കാല  (Attukal Pongala Festival) വീടുകളില്‍ ഇടുമ്പോള്‍ കരുതല്‍ ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വീട്ടില്‍ പൊങ്കാലയിടുമ്പോള്‍ പ്രധാനമായും രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ബന്ധുക്കളും സുഹൃത്തുക്കളും അയല്‍പക്കക്കാരും ഒത്തുകൂടുന്ന സാഹചര്യമുണ്ടായാല്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. രണ്ടാമത്തേത് തീയില്‍ നിന്നും പുകയില്‍ നിന്നും സ്വയം സുരക്ഷ നേടണമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

കൊവിഡ് കേസുകള്‍ വേഗത്തില്‍ കുറഞ്ഞ് വരികയാണെങ്കിലും ഒമിക്രോണ്‍ വകഭേദമായതിനാല്‍ വളരെ വേഗം പടരും. ഗുരുതരാവസ്ഥ കുറവാണെങ്കിലും കുട്ടികളും പ്രായമായവരും മറ്റസുഖമുള്ളവരും വീട്ടിലുണ്ടെങ്കില്‍ അവരെ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍...

  • പുറത്ത് നിന്നുള്ളവര്‍ വീടുകളില്‍ എത്തുന്നുണ്ടെങ്കില്‍ എല്ലാവരും മാസ്‌ക് ധരിക്കുക.
  • പ്രായമായവരുമായും മറ്റസുഖമുള്ളവരുമായും അടുത്തിടപഴകരുത്.
  • പുറത്ത് നിന്നും വരുന്നവര്‍ കുഞ്ഞുങ്ങളെ എടുത്ത് ലാളിക്കുന്നത് ഒഴിവാക്കുക.
  • തൊണ്ടവേദന, മൂക്കൊലിപ്പ്, ജലദോഷം, പനി തുടങ്ങിയ അസുഖമുള്ളവര്‍ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക.
  • സോപ്പുപയോഗിച്ച് കൈ കഴുകാതെ വായ്, കണ്ണ്, മൂക്ക് എന്നിവ സ്പര്‍ശിക്കരുത്.
  •  ചൂടുകാലമായതിനാല്‍ തീപിടിക്കാതിരിക്കാന്‍ അതീവ ശ്രദ്ധ വേണം.
  • സാനിറ്റൈസര്‍ തീയുടെ അടുത്ത് സൂക്ഷിക്കരുത്.
  • കുട്ടികളെ തീയുടെ അടുത്ത് നിര്‍ത്തരുത്.
  • കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
  • അലക്ഷ്യമായി വസ്ത്രം ധരിക്കരുത്.
  • ഇടക്കിടയ്ക്ക് വെള്ളം കുടിക്കണം.
  • അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങള്‍ വയ്ക്കരുത്.
  • വീട്ടില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തൊട്ടടുത്ത് അടുപ്പ് കൂട്ടരുത്.
  •  തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം.
  • അടുപ്പില്‍ തീ അണയും വരെ ശ്രദ്ധിക്കണം.
  • ചടങ്ങുകള്‍ കഴിഞ്ഞ് അടുപ്പില്‍ തീ പൂര്‍ണമായും അണഞ്ഞു എന്നുറപ്പാക്കണം.
  •  തീപൊള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ ചെയ്യേണ്ടതാണ്.
  •  പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കേണ്ടതാണ്.
  • വസ്ത്രമുള്ള ഭാഗമാണെങ്കില്‍ വസ്ത്രം നീക്കാന്‍ ശ്രമിക്കരുത്.
  •  പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകള്‍ ഉപയോഗിക്കരുത്.
  •  ആവശ്യമെങ്കില്‍ ഡോക്ടറുടെ സേവനം തേടുക.
  •  ദിശ 104, 1056, ഇ സഞ്ജീവനി എന്നിവ വഴി ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്.

Also Read: ആറ്റുകാല്‍ പൊങ്കാല; കേരള ആരോഗ്യശാസ്ത്ര സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

ആറ്റുകാൽ പൊങ്കാല ഇന്ന്; ക്ഷേത്ര പരിസരത്ത് പണ്ടാരഅടുപ്പ് മാത്രം;ഭക്തർ വീടുകളിൽ പൊങ്കാലയിടും

പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം ഇന്ന്. കൊവിഡിന്റെ (Covid) പശ്ചാത്തലത്തിൽ ക്ഷേത്ര പരിസരത്ത് ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല ഉണ്ടാവുക. 1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ഭക്തർ വീടുകളിൽ പൊങ്കാല ഇടും.

രാവിലെ 10.50ന് ആണ് പണ്ടാര അടുപ്പിൽ തീ പകരുന്നത്. വി​ഗ്രഹത്തിന് മുന്നിൽ നിന്നും പകരുന്ന അ​ഗ്നി ഇത് ചെറിയ തിടപ്പള്ളിയിലും വലിയ തിടപ്പള്ളിയിലുമുളള അടുപ്പുകളിൽ പകർന്ന ശേഷം പണ്ടാര അടുപ്പിൽ എത്തിക്കുന്നതോട‌െ പൊങ്കാലക്ക് തുടക്കമാകും. ​ക്ഷേത്ര മേൽശാന്തിയാണ് പണ്ടാര അടുപ്പിൽ തീ പകരുക. ഈ സമയത്ത് തന്നെ വീടുകളിൽ പൊങ്കാല ഇടുന്ന ഭക്തരും അടുപ്പുകളിൽ തീ കത്തിക്കും. ഇതോടെ പൊങ്കാലക്ക് തുടക്കമാകും.  ഉച്ചക്ക് ഒന്ന് ഇരുപതിന് ആണ് പൊങ്കാല നിവേദ്യം. പൊങ്കാല നിവേദിക്കുന്നതിന് ക്ഷേത്രത്തിൽ നിന്ന് പൂജാരിമാരെ നേരത്തെ നിയോഗിച്ചിരുന്നു. എന്നാൽ ഇത്തവണ ക്ഷേത്രത്തിൽ നിന്ന് പൂജാരിയെ നിയോഗിക്കില്ല.

തുടർച്ചയായി ഇത് രണ്ടാം വർഷമാണ് പൊങ്കാല വീടുകളിൽ മാത്രമായി ഒതുങ്ങുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ പോലെ ക്ഷേത്രത്തിൽ പണ്ടാര അടുപ്പിൽ മാത്രമേ പൊങ്കാലയുള്ളു. 1500 പേർക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കുന്നവരെ തെരഞ്ഞെടുക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ഇപ്പോൾ കൊവിഡ് കുറഞ്ഞ് വരുകയാണ്. പൊങ്കാലയിൽ ജനകൂട്ടമെത്തിയാൽ വീണ്ടും രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇതൊക്കെ കണക്കിലെടുത്താണ് പണ്ടാര അടുപ്പിൽ മാത്രം പൊങ്കാല മതിയെന്ന് തീരുമാനിച്ചത്. എഴുന്നള്ളത്തിനും നിയന്ത്രണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടവും പണ്ടാര ഓട്ടവും മാത്രമാണ് നടത്തുന്നത്. കുത്തിയോട്ടത്തിനായി തെരഞ്ഞെടുത്ത ഒരു കുട്ടി മാത്രമാണ് ഉള്ളത്. ചടങ്ങുകൾ മുടങ്ങാതിരിക്കാൻ വേണ്ടി മാത്രമാണ് ഈ ക്രമീകരണം ഒരുക്കിയത്. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ