
അപൂര്‍വമായ ശാരീരികസവിശേഷതകളോടെ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് എല്ലായ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പല കാരണങ്ങളും ഇത്തരത്തില്‍ നവജാതശിശുക്കളില്‍ ശാരീരികമായ സവിശേഷതകളുണ്ടാകുന്നതിന് കാരണമാകാറുണ്ട്. പ്രധാനമായും ജനിതക കാരണങ്ങള്‍ തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കാറ്.
ഇപ്പോഴിതാ ശരീരത്തിലെ 60 ശതമാനം ഭാഗവും മറുകിനാലും രോമങ്ങളാലും മൂടിയ നിലയില്‍ ഒരു കുഞ്ഞ് ജനിച്ചതാണ് വാര്‍ത്തകളില്‍ ഇടം തേടുന്നത്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം.
കുഞ്ഞിന്‍റെ മുതുക് ഭാഗത്താണ് വലിയ മറുകുള്ളത്. കമഴ്ന്നുകിടക്കുമ്പോള്‍ തലമുടിയും പുറംഭാഗവും വേര്‍തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിലാണ് ഇതുള്ളത്. മറുകിന് മുകളിലായി നിറയെ രോമവുമുണ്ട്.
കുഞ്ഞ് ജനിക്കുന്നത് വരെ ഇത് സംബന്ധിച്ച സൂചനകളൊന്നും ഡോക്ടര്‍മാര്‍ക്ക് ലഭിച്ചിരുന്നില്ല. കാരണം പരിശോധനകളില്‍ കാണുന്ന തരത്തിലുള്ളൊരു പ്രശ്നവും അല്ലായിരുന്നു ഇത്. എന്നാല്‍ കുഞ്ഞ് ജനിച്ചതോടെ ആദ്യം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തന്നെ അതിശയപ്പെടുകയായിരുന്നു.
തന്‍റെ 22 വര്‍ഷത്തെ കരിയറില്‍ ഇത്തരമൊരു കേസ് കണ്ടിട്ടില്ലെന്നാണ് യുവതിയെ പ്രസവത്തിന് പ്രവേശിപ്പിച്ച ആശുപത്രിയിലെ സൂപ്രണ്ടായ ഡേ. പങ്കജ് മിശ്ര അറിയിക്കുന്നത്. വളരെ അപൂര്‍വമായൊരു അവസ്ഥയാണിതെന്നും ഇദ്ദേഹം സൂചിപ്പിക്കുന്നു.
'ജയന്‍റ് കണ്‍ജെനിറ്റല്‍ മെലനോസൈറ്റിക് നെവസ്' എന്നാണത്രേ ചര്‍മ്മത്തെ ബാധിക്കുന്ന ഈ അവസ്ഥയുടെ പേര്. സാധാരണഗതിയില്‍ ഇത് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാക്കേണ്ടതല്ല. എന്നല്ല ചില കേസുകളില്‍ ഇത് പിന്നീട് സ്കിൻ ക്യാൻസര്‍ അഥവാ ചര്‍മ്മത്തെ ബാധിക്കുന്ന അ്ര്‍ബുദമായി മാറാം. നിലവില്‍ ഈ കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. എങ്കിലും കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി ലക്നൗവിലേക്ക് മാറ്റിയിട്ടുണ്ട്.
കുഞ്ഞിന്‍റെ അമ്മയുടെ ആരോഗ്യനിലയും തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. അപൂര്‍വാവസ്ഥയുമായി ജനിച്ച കുഞ്ഞിനെ കാണാൻ ആശുപത്രിയില്‍ വൻ തിരക്കായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Also Read:- മുഖമടക്കം ശരീരം മുഴുവൻ രോമം; അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗവുമായി കൗമാരക്കാരൻ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam