മുഖത്ത് ബാറ്റ്മാനെ ഓര്‍മ്മിപ്പിക്കുന്ന മറുകുമായി കുഞ്ഞ്; മുഖം ഒളിപ്പിക്കാതെ അച്ഛനുമമ്മയും

By Web TeamFirst Published Oct 29, 2019, 6:40 PM IST
Highlights

മുഖം മുക്കാലും പരന്നുകിടക്കുന്ന മറുകാണ് ഇവള്‍ക്ക്. 'കണ്‍ജെനിറ്റല്‍ മെലനോസൈറ്റ് നേവസ്' എന്ന അവസ്ഥയാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബാറ്റ്മാന്റെ മുഖം മൂടിയെ ഓര്‍മ്മിക്കും പോലത്തെ മറുകായതിനാല്‍ കുഞ്ഞ് ലൂണയുടെ മറുകിനെ അങ്ങനെ തന്നെ രസകരമായി അവതരിപ്പിക്കുകയാണ് അച്ഛനുമമ്മയും

ജനിതകമായ കാരണങ്ങളാൽ ശരീരത്തില്‍ മറുകുകളും പാടുകളുമുണ്ടാകുന്നത് സ്വാഭാവികമാണ്. മുഖത്തും ഇത്തരത്തില്‍ മറുകുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഫ്‌ളോറിഡ സ്വദേശികളായ കരോള്‍ ഫെന്നറിനും ടിയാഗ ടവേറസിനും ജനിച്ച കുഞ്ഞിന്റെ അവസ്ഥ. 

മുഖം മുക്കാലും പരന്നുകിടക്കുന്ന മറുകാണ് ഇവള്‍ക്ക്. 'കണ്‍ജെനിറ്റല്‍ മെലനോസൈറ്റ് നേവസ്' എന്ന അവസ്ഥയാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബാറ്റ്മാന്റെ മുഖം മൂടിയെ ഓര്‍മ്മിക്കും പോലത്തെ മറുകായതിനാല്‍ കുഞ്ഞ് ലൂണയുടെ മറുകിനെ അങ്ങനെ തന്നെ രസകരമായി അവതരിപ്പിക്കുകയാണ് അച്ഛനുമമ്മയും. 

ഇരുവരും ബാറ്റ്മാന്‍ മുഖംമൂടിയെ പോലെ മുഖത്ത് പെയിന്റ് ചെയ്ത ശേഷം മകളുമായി നില്‍ക്കുന്ന ചിത്രങ്ങളെല്ലാം ഏറെ പ്രചരിക്കപ്പെട്ടതാണ്. എന്നാല്‍ അടുത്തിടെയുണ്ടായ ഒരു ദുരനുഭവം കരോളിന് വലിയ വിഷമമുണ്ടാക്കി. പള്ളിയില്‍ വച്ച് ഒരു സ്ത്രീ, ലൂണ പിശാചിന്റെ പ്രതിരൂപമാണെന്ന് ആരോപിച്ചു. ഇത് കരോളിനും ഭര്‍ത്താവിനും വലിയതോതില്‍ വിഷമമുണ്ടാക്കി. അവള്‍ വളര്‍ന്നുവരുമ്പോഴും ഇതുതന്നെയാകല്ലേ നേരിടേണ്ടിവരികയെന്നോര്‍ത്തു. അതോടെ, ആ മറുകിനെ മായ്ച്ചുകളയാനുള്ള മാര്‍ഗങ്ങള്‍ അവരന്വേഷിച്ച് തുടങ്ങി. 

ഇപ്പോള്‍ ഏഴ് മാസം പ്രായമേയുള്ളൂ ലൂണയ്ക്ക്. പല ചികിത്സാരീതികളും അവളുടെ മുഖത്ത് എന്തെങ്കിലും തരത്തിലുള്ള പാടുകളോ അടയാളങ്ങളോ അവശേഷിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏറെനാളത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ പാടുകള്‍ അവശേഷിക്കാത്ത തരത്തില്‍ മുഖത്തുനിന്ന് ആ മറുകിനെ മായ്ച്ചുകളയാനാകുന്ന ചികിത്സ ലഭ്യമാണെന്ന് അവര്‍ അറിഞ്ഞു. അതിനായി, ഇപ്പോള്‍ ഫ്‌ളോറിഡയില്‍ നിന്ന് റഷ്യയിലേക്കെത്തിയിരിക്കുകയാണവര്‍. കുഞ്ഞ് ലൂണയുടെ ചികിത്സയുടെ രണ്ട് ഘട്ടം പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വിജയകരമായ രീതിയിലാണ് ചികിത്സ മുന്നോട്ട് പോകുന്നതെന്നും മാതാപിതാക്കള്‍ അറിയിക്കുന്നു. 

ലേസറുപയോഗിച്ചുള്ള നൂതനചികിത്സയാണ് ലൂണയ്ക്ക് വിദഗ്ധരായ ഡോക്ടര്‍മാര്‍ ഇവിടെ നല്‍കുന്നത്. മകളുടെ മുഖം പാടുകളെല്ലാം മാറി, സുന്ദരമായി കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോക്ടര്‍മാരില്‍ വിശ്വാസമുണ്ടെന്നും കരോള്‍ റഷ്യയില്‍ നിന്ന് പ്രതികരിച്ചു. കുഞ്ഞ് ലൂണ ഊര്‍ജ്ജസ്വലയാണെന്നും ചികിത്സയോട് ആരോഗ്യകരമായ പ്രതികരണങ്ങളാണ് അവള്‍ നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

click me!