10 ദിവസത്തിനകം 500നടുത്ത് കുട്ടികളില്‍ കൊവിഡ്; ബെംഗലൂരുവിലെ സ്ഥിതി ആശങ്കാജനകമോ?

Web Desk   | others
Published : Aug 13, 2021, 12:21 PM ISTUpdated : Aug 13, 2021, 12:25 PM IST
10 ദിവസത്തിനകം 500നടുത്ത് കുട്ടികളില്‍ കൊവിഡ്; ബെംഗലൂരുവിലെ സ്ഥിതി ആശങ്കാജനകമോ?

Synopsis

ബെഗലൂരുവില്‍ കുട്ടികളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു എന്ന് തന്നെയാണ് വ്യാപകമായി ഉയരുന്ന ആക്ഷേപം. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ മാത്രമാണ് 300 കുട്ടികള്‍ ടെസ്റ്റ് പൊസിറ്റീവായിരിക്കുന്നത്. കര്‍ണാടകയില്‍ കൊവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് കുട്ടികളില്‍ ഇത്രയുമധികം കേസുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്ഥിരീകരിക്കപ്പെടുന്നത്

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗഭീഷണി നിലനില്‍ക്കുകയും അത് കുട്ടികളെയാണ് ഏറെയും ബാധിക്കുകയെന്ന പ്രചാരണം ശക്തമായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബെംഗലൂരുവില്‍ കുട്ടികളിലെ കൊവിഡ് ബാധ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ മാത്രം 499 കുട്ടികളെ കൊവിഡ് ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. 

ഒമ്പത് വയസ് തൊട്ട് 17 വരെ പ്രായമുള്ള കുട്ടികളാണ് ഇതിലുള്‍പ്പെടുന്നത്. 9 വയസുള്ള 194 കുട്ടികള്‍, 10 മുതല്‍ 17 വരെ പ്രായമുള്ള 305 കുട്ടികള്‍ എന്നിവരാണ് പത്ത് ദിവസത്തിനകം കൊവിഡ് പൊസിറ്റീവ് ആയിരിക്കുന്നത്. 

അതേസമയം മുമ്പുണ്ടായിരുന്ന കൊവിഡ് കേസുകളുടെ കണക്കില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളില്‍ കൊവിഡ് ബാധ വര്‍ധിച്ചിട്ടില്ലെന്നാണ് ഭരണാധികാരികള്‍ അറിയിക്കുന്നത്. കൊവിഡ് പൊസിറ്റീവായ മുതിര്‍ന്നവരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ പെട്ടവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ടെസ്റ്റ് പൊസിറ്റീവായ കുട്ടികളില്‍ മഹാഭൂരിപക്ഷമെന്നും 'ബൃഹത് ബെംഗലൂരു മഹാനഗര പാലികെ' (ബിബിഎംപി) അറിയിച്ചു. 

എന്നാല്‍ ബെഗലൂരുവില്‍ കുട്ടികളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു എന്ന് തന്നെയാണ് വ്യാപകമായി ഉയരുന്ന ആക്ഷേപം. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ മാത്രമാണ് 300 കുട്ടികള്‍ ടെസ്റ്റ് പൊസിറ്റീവായിരിക്കുന്നത്. കര്‍ണാടകയില്‍ കൊവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് കുട്ടികളില്‍ ഇത്രയുമധികം കേസുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്ഥിരീകരിക്കപ്പെടുന്നത്. ഇതോടെ നഗരവാസികള്‍ ആശങ്കയിലായിട്ടുണ്ട്. 

കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് സാധിക്കാത്ത സാഹചര്യത്തില്‍ മൂന്നാം തരംഗമുണ്ടായാല്‍ കുട്ടികളെയാണ് അത് ഏറെയും ബാധിക്കുകയെന്നാണ് പല ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെയാണ് ബെംഗലൂരുവില്‍ കുട്ടികളിലെ കൊവിഡ് കേസുകളില്‍ വര്‍ധനവ് കണ്ടിരിക്കുന്നത്. കര്‍ണാടകയില്‍ ഈ 23ന് 9 മുതല്‍ 12 വരെയുള്ള ക്ലാസുകാര്‍ക്ക് റഗുലര്‍ ക്ലാസ് പുനരാരംഭിക്കാനുള്ള തീരുമാനവും വന്നിരുന്നു. 

Also Read:- 'രണ്ട് ഡോസ് വാക്സീന്‍ എടുത്തവർക്ക് ആർടിപിസിആർ നിർബന്ധമാക്കരുത്'; സംസ്ഥനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം

PREV
click me!

Recommended Stories

Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍