കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ

Web Desk   | Asianet News
Published : Jan 29, 2020, 09:12 AM IST
കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ

Synopsis

കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ. മത്സ്യം അതില്‍ ഒന്നാണ്. മീനുകളില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഒമേഗ-3 കണ്ണിലെ ഇന്‍ട്രാ ഒകുലര്‍ പ്രഷര്‍ കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. 

സ്ഥിരമായി കംപ്യൂട്ടറില്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണിന് പ്രശ്‌നമുണ്ടാകുന്നത് സ്വാഭാവികമാണ്. കംപ്യൂട്ടര്‍ മാത്രമല്ല, സ്‌മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് എന്നിവയൊക്കെ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കും കണ്ണിനും പ്രശ്‌നമുണ്ടാകുന്നത് സ്വാഭാവികമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തുള്ള 1.3 ബില്ല്യണ്‍ ജനങ്ങള്‍ക്ക് കാഴ്ച സംബന്ധിച്ച് പ്രശ്‌നങ്ങള്‍ ഉണ്ട്. 

കാഴ്‌ചക്കുറവ് ആണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നം. ശാരീരിക-മാനസിക സംഘര്‍ഷങ്ങള്‍, പോഷകാഹാര കുറവ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം, ജങ്ക് ഫുഡ്, ദേഹമനങ്ങാതെയുള്ള ഇരിപ്പ് എന്നിവ കണ്ണിന്റെ ആരോഗ്യത്തിനെ മോശമായി ബാധിക്കുന്നു. ഇതോടൊപ്പം ജീവിത ശൈലിയില്‍ ഉണ്ടായ മാറ്റങ്ങളും കാഴ്ച്ചക്കുറവിന് കാരണമാകുന്നു. കാഴ്‌ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ഒമേഗ-3 ഫാറ്റി ആസിഡ് ....

കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ. മത്സ്യം അതില്‍ ഒന്നാണ്. മീനുകളില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഒമേഗ-3 കണ്ണിലെ ഇന്‍ട്രാ ഒകുലര്‍ പ്രഷര്‍ കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. തന്മൂലം കണ്ണിലെ മര്‍ദ്ദം കുറയുകയും ഗ്ലോക്കോമ സാധ്യതയില്‍ നിന്ന് കണ്ണുകളെ രക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മീനുകള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുക. മത്തി, അയല, ചൂര, എന്നീ മീനുകള്‍ കഴിക്കുന്നത് ശീലമാക്കുക.

ഇലക്കറികള്‍...

കണ്ണുകളെ സംരക്ഷിക്കുന്നതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ് ഇലക്കറികള്‍. ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള ലൂട്ടെന്‍, സിയക്‌സാന്തിന്‍ എന്നീ പദാര്‍ത്ഥങ്ങള്‍ കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കും. ഒപ്പം ഇവയിലെ വിറ്റാമിന്‍ സി കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. മുരിങ്ങയിലയിലെ വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്.

‌സിട്രസ് പഴങ്ങൾ...

 കണ്ണുകളുടെ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ‌സിട്രസ് പഴങ്ങൾ. ഓറഞ്ച്, മുന്തിരി, നാരങ്ങ എന്നിങ്ങനെയുള്ള സിട്രസ് പഴങ്ങള്‍ കണ്ണിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. ഇവയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ആന്റി ഓക്‌സിഡന്റുകളായി പ്രവര്‍ത്തിച്ച് പ്രായമാകുമ്പോള്‍ കണ്ണുകള്‍ക്ക് ഉണ്ടാകുന്ന തകരാറുകള്‍ കുറയ്ക്കും. ഒപ്പം തിമിര സാധ്യത കുറക്കാനും ഓറഞ്ച് പോലെയുള്ള പഴങ്ങള്‍ നല്ലതാണ്. സ്‌ട്രോബെറി, തക്കാളി എന്നിവയിലും വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.

ഉണങ്ങിയ പഴങ്ങള്‍....

ഉണങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് കാഴ്ച ശക്തി കൂട്ടാന്‍ നമ്മെ സഹായിക്കും. ഇവയില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ പ്രായം മൂലം കണ്ണിന് സംഭവിക്കുന്ന തകരാറുകളെ ഇല്ലാതാക്കുന്നു. അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ബദാം, കപ്പലണ്ടി, വാല്‍നട്ട്, അവോകാഡോ എന്നിങ്ങനെയുള്ള ഉണങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് ശീലമാക്കുക.

പയറുവര്‍ഗങ്ങള്‍ ....

പയറുവര്‍ഗങ്ങള്‍ കഴിക്കുന്നത് കണ്ണിന് ഗുണം ചെയ്യും. പയറില്‍ ധാരാളം സിങ്ക് അടങ്ങിയിരിക്കുന്നു. സിങ്ക് കരളില്‍ നിന്നും റെറ്റിനയിലേക്ക് വിറ്റാമിന്‍ എയെ എത്തിക്കുന്നു. ഇത് മെലാനിന്‍ ഉത്പാദനത്തിന് കാരണമാകുന്നു. കണ്ണുകളുടെ നിറത്തിനും കൂടിയ വെളിച്ചത്തില്‍ നിന്നുള്ള സംരക്ഷണത്തിനും കാരണമായ ഇവയുടെ ഉത്പാദനത്തിന് പയറുവര്‍ഗങ്ങള്‍ ആക്കം കൂട്ടും. ഒപ്പം കണ്ണുകളില്‍ പ്രായം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കുറക്കാനും ഇവ സഹായിക്കും. തിമിര സാധ്യത കുറച്ച് കാഴ്ച ശക്തി മെച്ചപെടുത്താന്‍ ഇത് നല്ലതാണ്.

ക്യാരറ്റ്....

ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. ഇവ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുമ്പോള്‍ വിറ്റാമിന്‍ എ ആയി മാറുന്നു. കാഴ്ച ശക്തി വര്‍ധിപ്പിക്കാനുള്ള ഘടകമായി ഇത് പ്രവര്‍ത്തിക്കുന്നു. വിറ്റാമിന്‍ എയുടെ കുറവ് മൂലം ഉണ്ടാകുന്ന നിശാന്ധത പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ക്യാരറ്റ് കഴിക്കുന്നത് ഉത്തമമാണ്. ബീറ്റാ കരോട്ടിന്‍ അടങ്ങിയ മത്തങ്ങാ, മധുരക്കിഴങ്ങ്, ചേന, ചീര എന്നിവയും ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കുമല്ലോ.

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ