കൊറോണയെ തുരത്താന്‍ ഗോമൂത്രം കുടിച്ചയാള്‍ക്ക് ദേഹാസ്വാസ്ഥ്യം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

By Web TeamFirst Published Mar 18, 2020, 6:45 PM IST
Highlights

അസമില്‍ ബിജെപി എംഎല്‍എയായ സുമന്‍ ഹരിപ്രിയ, ഉത്തരാഖണ്ഡിലെ ലക്‌സറില്‍ നിന്നുള്ള ബിജെപി എംഎല്‍എ സഞ്ജയ് ഗുപ്ത എന്നിവര്‍ പരസ്യമായാണ് കൊറോണ വൈറസിനെ ചെറുക്കാന്‍ ഗോമൂത്രം കുടിക്കണമെന്നാവശ്യപ്പെട്ടിരുന്നത്. ഇതിന് ശേഷം ഹിന്ദുമഹാസഭ ഒരു ഗോമൂത്ര 'സല്‍ക്കാരം' തന്നെ സംഘടിപ്പിക്കുകയുണ്ടായി. സമാനമായി കൊല്‍ക്കത്തയിലും പശുവിനെ ആരാധിക്കുന്നതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടി നടത്തിയ ഒരു പരിപാടിയില്‍ ഗോമൂത്രം വിതരണം ചെയ്തിരുന്നു
 

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഗോമൂത്രമാണ് ഏറ്റവും മികച്ച ഔഷധമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഇന്ത്യയില്‍ പലയിടങ്ങളിലായി നടന്നുവരുന്നുണ്ട്. എന്നാലിത് അപകടകരമായ പ്രചരണമാണെന്നും തികച്ചും അശാസ്ത്രീയമായ വാദമാണെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് പലതവണ ആരോഗ്യരംഗത്ത് നിന്നുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ശേഷവും ഇത്തരം അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങള്‍ തുടരുക തന്നെയാണ്. 

അസമില്‍ ബിജെപി എംഎല്‍എയായ സുമന്‍ ഹരിപ്രിയ, ഉത്തരാഖണ്ഡിലെ ലക്‌സറില്‍ നിന്നുള്ള ബിജെപി എംഎല്‍എ സഞ്ജയ് ഗുപ്ത എന്നിവര്‍ പരസ്യമായാണ് കൊറോണ വൈറസിനെ ചെറുക്കാന്‍ ഗോമൂത്രം കുടിക്കണമെന്നാവശ്യപ്പെട്ടിരുന്നത്. ഇതിന് ശേഷം ഹിന്ദുമഹാസഭ ഒരു ഗോമൂത്ര 'സല്‍ക്കാരം' തന്നെ സംഘടിപ്പിക്കുകയുണ്ടായി. 

Also Read:- കൊറോണയെ നേരിടാന്‍ ഗോമൂത്ര സത്കാരം; തുടക്കമിട്ട് ഹിന്ദുമഹാസഭ

സമാനമായി കൊല്‍ക്കത്തയിലും പശുവിനെ ആരാധിക്കുന്നതിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കാന്‍ വേണ്ടി നടത്തിയ ഒരു പരിപാടിയില്‍ ഗോമൂത്രം വിതരണം ചെയ്തിരുന്നു. ബിജെപിയുടെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്. 

എന്നാല്‍ ഈ പരിപാടിക്കിടെ ഗോമൂത്രം കഴിച്ചൊരാള്‍ക്ക് പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം പരിപാടിക്കെതിരെ പൊലീസില്‍ പരാതിയും നല്‍കി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റിലായത്. 

Also Read:- 'ഗോമൂത്രം കൊണ്ട് കൊറോണ നേരിടാനാകില്ല'...

ജൊറസാഖോ സ്വദേശിയായ നാരായണ്‍ ചാറ്റര്‍ജി എന്ന നാല്‍പതുകാരനാണ് അറസ്റ്റിലായിരിക്കുന്നത്. അതേസമയം അറസ്റ്റില്‍ ബിജെപിയുടെ പ്രാദേശിക ഘടകം പ്രതിഷേധം രേഖപ്പെടുത്തിയിട്ടുമുണ്ട്. നാരായണ്‍ ചാറ്റര്‍ജി ആരെയും നിര്‍ബന്ധിപ്പിച്ച് ഗോമൂത്രം കുടിച്ചിട്ടില്ലെന്നും അതിന്റെ ഗുണങ്ങള്‍ വിവരിച്ച ശേഷം വിതരണം ചെയ്യവേ പരാതിക്കാരന്‍ സ്വമേധയാ വന്ന് കുടിച്ചതാണെന്നും ബിജെപി വക്താവ് സയന്തന്‍ ബസു പറയുന്നു. 

പരാതിക്കാരന്റെ ആരോഗ്യം നിലവില്‍ തൃപ്തികരമാണെന്നാണ് സൂചന. ഗോമൂത്രം കുടിച്ചതിന് ശേഷം ഉദരസംബന്ധമായ പ്രശ്‌നം നേരിടുകയും തുടര്‍ന്ന് അവശനായതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു ഇദ്ദേഹം. 

click me!