Long Covid : കൊവിഡ് ബാധിക്കപ്പെട്ട ശേഷം നിങ്ങളില്‍ ഈ മാറ്റം ഉണ്ടായിട്ടുണ്ടോ? പരിശോധിക്കാം...

By Web TeamFirst Published May 22, 2022, 7:44 PM IST
Highlights

കൊവിഡിന് ശേഷം ഇത്തരത്തില്‍ കൊവിഡ് അനുബന്ധ പ്രശ്നങ്ങള്‍ ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന അവസ്ഥയെ 'ലോംഗ് കൊവിഡ്' എന്നാണ് വിളിക്കുന്നത്. ആഴ്ചകള്‍ തുടങ്ങി മാസങ്ങളോളം ഇത് വ്യക്തികളില്‍ നിലനില്‍ക്കുന്നു. 

കൊവിഡ് 19 രോഗം ഏതെല്ലാം രീതിയിലാണ് നമ്മെ ബാധിക്കുകയെന്നത് പ്രവചിക്കുക സാധ്യമല്ല. ശാരീരികമായും മാനസികമായുമെല്ലാം ( Physical and Mental ) കൊവിഡ് നമ്മെ ബാധിക്കുന്നുണ്ട്. രോഗബാധയുണ്ടായി അതില്‍ നിന്ന് മുക്തി നേടിയ ശേഷവും ( Post Covid ) ഈ അനുബന്ധ പ്രശ്നങ്ങള്‍ ദീര്‍ഘകാലം നേരിടുന്നവരുണ്ട്. 

കൊവിഡിന് ശേഷം ഇത്തരത്തില്‍ കൊവിഡ് അനുബന്ധ പ്രശ്നങ്ങള്‍ ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന അവസ്ഥയെ 'ലോംഗ് കൊവിഡ്' എന്നാണ് വിളിക്കുന്നത്. ആഴ്ചകള്‍ തുടങ്ങി മാസങ്ങളോളം ഇത് വ്യക്തികളില്‍ നിലനില്‍ക്കുന്നു. 

'ലോംഗ് കൊവിഡി'ല്‍ ഏറെ പേരെ വലയ്ക്കുന്നൊരു പ്രശ്നമാണ് 'ബ്രെയിന്‍ ഫോഗ്'. ഇതെന്താണെന്ന് പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. എന്നാല്‍ അനുഭവത്തില്‍ വന്നവര്‍ തീര്‍ച്ചയായും ഏറെയായിരിക്കും. 

എന്താണ് 'ബ്രെയിന്‍ ഫോഗ്'?

ഇതിനെ ഒരു അസുഖമായി കണക്കാക്കാന്‍ സാധിക്കില്ല. തലച്ചോറുമായി ബന്ധപ്പെട്ട് ബാധിക്കപ്പെടുന്ന ഒരുകൂട്ടം പ്രശ്നങ്ങളാണ് 'ബ്രെയിന്‍ ഫോഗ്'. ചിന്തകള്‍ പതുക്കെയാവുക, കാര്യങ്ങളില്‍ അവ്യക്തത, ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥ, ഓര്‍മ്മക്കുറവ് എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. 

സാധാരണഗതിയില്‍ ബ്രെയിന്‍ ഫോഗ് തനിയെ തന്നെ സമയമെടുത്ത് മാറേണ്ടതാണ്. ചിലരില്‍ ഇത് ഗുരുതരമായ അവസ്ഥയിലേക്കും നീങ്ങാം. ചിലപ്പോള്‍ ആഴ്ചകള്‍ക്ക് പകരം ഭേദപ്പെടാന്‍ മാസങ്ങള്‍ എടുത്തേക്കാം. അത്തരം സാഹചര്യങ്ങളില്‍ നിത്യജീവിതത്തിലെ ജോലി അടക്കമുള്ള കാര്യങ്ങള്‍ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. അതിനാല്‍ തന്നെ ഡോക്ടറെ കണ്ട് വേണ്ട ചികിത്സ എടുക്കാവുന്നതാണ്. 

2020ല്‍ നടന്നൊരു പഠനപ്രകാരം കൊവിഡ് ബാധിക്കപ്പെട്ട് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരില്‍ രോഗമുക്തിക്ക് ശേഷം നൂറ് ദിവസത്തേക്കെങ്കിലും കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായി. എന്നുവച്ചാല്‍ ഇത്രയും തോതില്‍ രോഗമുക്തിക്ക് ശേഷം ആളുകളില്‍ 'ബ്രെയിന്‍ ഫോഗ്' വരാം. 

കൊവിഡ് ബാധിക്കപ്പെട്ട് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരില്‍ തന്നെയാണ് അധികവും 'ലോംഗ് കൊവിഡ്' കാണപ്പെടുന്നത്. ഇക്കാര്യവും പഠനങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. 

സാധ്യത കൂടുതല്‍ ആരില്‍? 

'ലോംഗ് കൊവിഡി'ന്‍റെ ഭാഗമായി 'ബ്രെയിന്‍ ഫോഗ്'പിടിപെടാന്‍ സാധ്യത കൂടുതലും ആരിലാണെന്ന സംശയവും സ്വാഭാവികമായി ഉയരാം. എന്തായാലും പ്രായം കൂടുതലുള്ളവരില്‍ തന്നെയാണ് ഇതിന് സാധ്യത കൂടുതല്‍. എന്നുവച്ച് ചെറുപ്പക്കാരില്‍ ഉണ്ടാകുന്നില്ലെന്നല്ല. 

പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ 'ജമാ നെറ്റ്വര്‍ക്ക് ഓപ്പണി'ല്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം 38 മുതല്‍ 59 വരെ പ്രായമുള്ളവരില്‍ 24 ശതമാനം പേരിലും തലച്ചോറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൊവിഡ് മുക്തിക്ക് ശേഷം കാണപ്പെടുന്നുണ്ട്. ഇതില്‍ ഓര്‍മ്മശക്തി കുറയുന്നതും, ചിന്ത പതുക്കെയാകുന്നതും, കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കാത്തതുമെല്ലാം ഉള്‍പ്പെടുന്നു. 

സ്വയം പരിശോധിക്കാം...

നിങ്ങള്‍ക്ക് കൊവിഡിന് ശേഷം 'ബ്രെയിന്‍ ഫോഗ്' ഉണ്ടായിട്ടുണ്ടോ? സ്വയം പരിശോധിക്കാം. അതിനായി ബ്രെയിന്‍ ഫോഗില്‍ കാണപ്പെടുന്ന ചില ലക്ഷണങ്ങള്‍ കൂടി അറിയാം...

1. ശ്രദ്ധ കുറയുക.
2. ആശയക്കുഴപ്പം.
3. ചിന്തകളുടെ വേഗത കുറയുക. 
4. അവ്യക്തമായ ചിന്തകള്‍.
5. മറവി.
6. സംസാരിക്കുമ്പോള്‍ വാക്കുകള്‍ കിട്ടാതോ പോവുക. 
7. മാനസികമായ തളര്‍ച്ച. 

മറ്റ് പല ആരോഗ്യാവസ്ഥകളുടെ ഭാഗമായും 'ബ്രെയിന്‍ ഫോഗ്' കാണാം. വിഷാദരോഗം, മാനസികസമ്മര്‍ദ്ദം, ഉത്കണ്ഠ പോലുള്ള മാനസികരോഗങ്ങളുള്ളവരില്‍, ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകളില്‍, തലയ്ക്ക് പരിക്കേറ്റവരില്‍ എല്ലാം ഇത്തരത്തില്‍ 'ബ്രെയിന്‍ ഫോഗ്' കാണുന്നത് സാധാരണമാണ്. 

Also Read:- കൊവിഡിന് ശേഷം രാത്രി മാത്രം ബാധിക്കുന്ന ചില പ്രശ്നങ്ങള്‍...

click me!