എല്ലുകളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ കാൽസ്യം മാത്രം പോരാ; നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Published : Jul 15, 2026, 05:36 PM IST
bone health

Synopsis

ആവശ്യത്തിന് കാൽസ്യം ശരീരത്തിൽ എത്തിയാൽ പോലും പലരിലും എല്ലുതേയ്മാനം, ചെറിയ വീഴ്ചകളിൽ പോലും സംഭവിക്കുന്ന ഒടിവുകൾ, സന്ധികളിലും പേശികളിലും വിട്ടുമാറാത്ത ബലഹീനത എന്നിവ കണ്ടുവരാറുണ്ട്.

ബലമുള്ള എല്ലുകൾ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഒരു ഗ്ലാസ് പാലോ അല്ലെങ്കിൽ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങളോ ആണ്. എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യം അത്യാവശ്യമാണെന്നത് ശരിയാണെങ്കിലും നമ്മുടെ അസ്ഥിവ്യൂഹത്തിന്റെ ആരോഗ്യത്തെ നിർണ്ണയിക്കുന്ന നിരവധി ഘടകങ്ങളിൽ ഒന്ന് മാത്രമാണിത്. ആവശ്യത്തിന് കാൽസ്യം ശരീരത്തിൽ എത്തിയാൽ പോലും പലരിലും എല്ലുതേയ്മാനം, ചെറിയ വീഴ്ചകളിൽ പോലും സംഭവിക്കുന്ന ഒടിവുകൾ, സന്ധികളിലും പേശികളിലും വിട്ടുമാറാത്ത ബലഹീനത എന്നിവ കണ്ടുവരാറുണ്ട്. എല്ലുകളുടെ ആരോഗ്യം എന്നത് പോഷകാഹാരം, ശാരീരിക വ്യായാമം, ഹോർമോണുകൾ, പേശീബലം, കൃത്യസമയത്തുള്ള രോഗനിർണ്ണയം തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

എല്ലുകൾക്ക് കാൽസ്യത്തേക്കാൾ ആവശ്യമുള്ളത് എന്താണ്?

എല്ലുകൾ നിരന്തരം സ്വയം പുനർനിർമ്മിച്ചുകൊണ്ടിരിക്കുന്ന സജീവമായ കോശങ്ങളാണ്. എല്ലുകൾക്ക് ആവശ്യമായ പിന്തുണ നൽകാൻ കാൽസ്യത്തിന് സാധിക്കും. എന്നാൽ ശരീരത്തിൽ ആവശ്യത്തിന് വിറ്റാമിൻ ഡി ഇല്ലെങ്കിൽ ഈ പ്രക്രിയ കൃത്യമായി നടക്കില്ല. എല്ലുകളിൽ മിനറലുകൾ അടിഞ്ഞുകൂടുന്നതിനുള്ള അടിസ്ഥാന ഘടനയൊരുക്കാൻ പ്രോട്ടീനുകൾ അത്യന്താപേക്ഷിതമാണ്. ഇതിനൊപ്പം മഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിൻ കെ തുടങ്ങിയ പോഷകങ്ങളും എല്ലുകളുടെ ഗുണനിലവാരം നിലനിർത്താൻ ആവശ്യമാണ്. അതിനാൽ സമീകൃതാഹാരവും ആരോഗ്യകരമായ ജീവിതശൈലിയും ഇല്ലെങ്കിൽ, ആവശ്യത്തിന് കാൽസ്യം കഴിച്ചാൽ പോലും എല്ലുകൾ ക്രമേണ ബലഹീനമായി മാറുന്നു.

എല്ലുകളുടെ ബലത്തെ സ്വാധീനിക്കുന്ന ദൈനംദിന ശീലങ്ങൾ

നമ്മുടെ ആധുനിക ജീവിതശൈലി എല്ലുകളുടെ ആരോഗ്യത്തെ നിശ്ശബ്ദമായി തകർക്കുകയാണ്. മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നത്, വെയിൽ കൊള്ളാത്തത്, പ്രോട്ടീന്റെ കുറവ്, സംസ്കരിച്ച ഭക്ഷണങ്ങളെ അമിതമായി ആശ്രയിക്കുന്നത് എന്നിവ കാലക്രമേണ നമ്മുടെ പേശീ-അസ്ഥി വ്യൂഹത്തെ ദുർബലപ്പെടുത്തുന്നു. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇക്കാര്യങ്ങൾ ചെയ്യാം.

ശാരീരിക വ്യായാമങ്ങൾ

വേഗത്തിലുള്ള നടപ്പ്, പടികൾ കയറുന്നത്, റെസിസ്റ്റൻസ് ട്രെയിനിംഗ്, യോഗ തുടങ്ങിയ വ്യായാമങ്ങൾ എല്ലുകൾക്ക് ആവശ്യമായ സമ്മർദ്ദം നൽകുകയും പുതിയ അസ്ഥി കോശങ്ങളുടെ രൂപീകരണത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. പുകവലി, മദ്യപാനം, ശാരീരിക അധ്വാനമില്ലായ്മ എന്നിവ എല്ലുകളുടെ ബലക്ഷയം വേഗത്തിലാക്കുകയും ചെറിയ വീഴ്ചകളിൽ പോലും എല്ലുകൾ പൊട്ടാൻ കാരണമാവുകയും ചെയ്യും.

വിറ്റാമിൻ ഡി

ശരീരത്തിൽ കാൽസ്യം ശരിയായി ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി ആവശ്യമാണ്. ദിവസവും കൃത്യമായ അളവിൽ വെയിൽ കൊള്ളുന്നത് ശരീരത്തിൽ സ്വാഭാവികമായി വിറ്റാമിൻ ഡി ഉത്പാദിപ്പിക്കാൻ സഹായിക്കും.

ആരോഗ്യകരമായ ഭക്ഷണക്രമം

സപ്ലിമെന്റുകളെ മാത്രം ആശ്രയിക്കാതെ ദൈനംദിന ശീലങ്ങളിലൂടെയാണ് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത്. പാൽ, തൈര്, പനീർ, റാഗി, എള്ള്, പരിപ്പ് വർഗ്ഗങ്ങൾ, മുട്ട, മീൻ, ഇലക്കറികൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കാം. കൃത്യമായ വ്യായാമം, സൂര്യപ്രകാശം ഏൽക്കൽ, കൃത്യമായ ഇടവേളകളിലുള്ള ആരോഗ്യ പരിശോധനകൾ എന്നിവയും ഇതിനൊപ്പം പ്രധാനമാണ്.

ലക്ഷണങ്ങൾ കാണിക്കുന്നതിന് മുൻപ് തന്നെ എല്ലുകളുടെ ബലം കുറഞ്ഞുതുടങ്ങാം

എല്ലുതേയ്മാനം പ്രായമായ സ്ത്രീകളെ മാത്രമാണ് ബാധിക്കുന്നത് എന്നൊരു തെറ്റായ ധാരണ പലർക്കുമുണ്ട്. എന്നാൽ 40 വയസ്സിന് ശേഷം തന്നെ എല്ലുകളുടെ ബലക്ഷയം നിശ്ശബ്ദമായി ആരംഭിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. പ്രമേഹം, അമിതവണ്ണം, വിട്ടുമാറാത്ത വൃക്കരോഗം, ദീർഘകാലമായി സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നവർ, പുകയില ഉപയോഗിക്കുന്നവർ എന്നീ വിഭാഗങ്ങളിലെ പുരുഷന്മാർക്കും ഇതിനുള്ള സാധ്യത കൂടുതലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒലീവ് ഓയിലിന്റെ 8 ആരോ​ഗ്യ​ഗുണങ്ങൾ
എന്താണ് ഡയബറ്റിക് ന്യൂറോപ്പതി? ലക്ഷണങ്ങൾ എന്തെല്ലാം?