പ്രതിദിനം ഇന്ത്യയെക്കാള്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് അമേരിക്കന്‍ സ്റ്റേറ്റ്

By Web TeamFirst Published Dec 17, 2020, 3:04 PM IST
Highlights

ആവശ്യത്തിന് ഐസിയു ബെഡുകള്‍ ഇല്ലെന്നും, ആശുപത്രികള്‍ പ്രതിസന്ധിയിലാണെന്നും മോര്‍ച്ചറി സൗകര്യം ലഭ്യമല്ലെന്നുമെല്ലാം ആരോഗ്യമേഖലയില്‍ നിന്നുള്ളവര്‍ പറയുന്നുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിക്കൊണ്ട് ഭരണാധികാരികളും രംഗത്തുണ്ട്. വരും ദിവസങ്ങളിലെങ്കിലും പുതിയ കേസുകളുടെ എണ്ണവും മരണനിരക്കും കുറയ്ക്കാനാണ് ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്

കൊവിഡ് 19ന്റെ രണ്ടാം തരംഗത്തിലാണ് അമേരിക്കയിപ്പോള്‍. പലയിടങ്ങളിലും സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും ചിലയിടങ്ങളിലെങ്കിലും കാര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

യുഎസ് സ്റ്റേറ്റായ കാലിഫോര്‍ണിയയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വലിയ തോതിലാണ് പുതിയ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്നലെയോടെ പ്രതിദിനം ഇന്ത്യയെക്കാളധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് കാലിഫോര്‍ണിയ എത്തിയിരിക്കുന്നു. അതായത്, സ്വതന്ത്രമായ ഒരു രാജ്യമായിരുന്നുവെങ്കില്‍ കൊവിഡ് കേസുകളുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് മുകളില്‍ കാലിഫോര്‍ണിയ എത്തുമായിരുന്നുവെന്ന്. 

യുഎസിലെ ഏറ്റവും വലുതും സമ്പന്നവുമായ സ്റ്റേറ്റാണ് കാലിഫോര്‍ണിയ. ലോസ് ആഞ്ചല്‍സ്, സാന്‍ഡിയാഗോ തുടങ്ങി പ്രധാനപ്പെട്ട പല നഗരങ്ങളും ഇതിന്റെ പരിധിയ്ക്കകത്താണ് ഉള്‍ക്കൊള്ളുന്നത്. അവധിക്കാലം കൂടിയായതോടെ ഇവിടങ്ങളില്‍ കൊവിഡ് വ്യാപനം ശക്തി പ്രാപിക്കുകയായിരുന്നു. കടുത്ത നിയന്ത്രണങ്ങളാണ് പോയ പല ആഴ്ചകളിലായി കാലിഫോര്‍ണിയയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എങ്കില്‍പ്പോലും സ്ഥിതിഗതികള്‍ കൈവിട്ട് പോകുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. 

ആവശ്യത്തിന് ഐസിയു ബെഡുകള്‍ ഇല്ലെന്നും, ആശുപത്രികള്‍ പ്രതിസന്ധിയിലാണെന്നും മോര്‍ച്ചറി സൗകര്യം ലഭ്യമല്ലെന്നുമെല്ലാം ആരോഗ്യമേഖലയില്‍ നിന്നുള്ളവര്‍ പറയുന്നുണ്ട്. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിക്കൊണ്ട് ഭരണാധികാരികളും രംഗത്തുണ്ട്. വരും ദിവസങ്ങളിലെങ്കിലും പുതിയ കേസുകളുടെ എണ്ണവും മരണനിരക്കും കുറയ്ക്കാനാണ് ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ നിലവില്‍ ഏറെ ആശങ്കപ്പെടുത്തുന്ന സാഹചര്യം തന്നെയാണ് കാലിഫോര്‍ണിയയിലുള്ളത്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,000 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അടുത്ത ഏതാനും ദിവസങ്ങളില്‍ കൂടി ഇതേ ട്രെന്‍ഡ് തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതിന് ശേഷവും കേസുകളുടെ എണ്ണം താഴേക്ക് നീങ്ങിയില്ലെങ്കില്‍ വലിയ ദുരന്തചിത്രമായി കാലിഫോര്‍ണിയ മാറുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

Also Read:- കോഫി മണം കിട്ടുന്നുണ്ടോ? ഇങ്ങനെയും കൊവിഡ് ടെസ്റ്റ്!...

click me!