കൊറോണാ വൈറസിനെ മണത്തു കണ്ടുപിടിക്കാൻ നായ്ക്കളെ പരിശീലിപ്പിച്ചെടുക്കാനാകുമോ?

By Web TeamFirst Published May 21, 2020, 2:54 PM IST
Highlights

രണ്ട് വലിയ നീന്തൽക്കുളങ്ങളിൽ കൊള്ളുന്നത്ര വെള്ളത്തിൽ ഒരു ടീസ്പൂൺ പഞ്ചസാര കലക്കിയാൽ അതിന്റെ സ്വാദുപോലും തിരിച്ചറിയാൻ സാധിക്കുന്നത്ര സൂക്ഷ്മമാണ് ഗന്ധങ്ങളുടെ കാര്യത്തിൽ നായ്ക്കൾക്കുള്ള ശേഷി.

ഇംഗ്ലണ്ടിലുള്ള ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ( LSHTM) ഗവേഷകർ മെഡിക്കൽ ഡിറ്റക്ഷൻ ഡോഗ്‌സ് എന്ന ചാരിറ്റിയും ഡർഹാം യൂണിവേഴ്‌സിറ്റിയും ചേർന്നുകൊണ്ട്, ഏകദേശം 50 കോടിയോളം രൂപയ്ക്ക് തുല്യമായ ഗവൺമെന്റ് ഫണ്ടിങ്ങോടെ നായ്ക്കളിൽ നടത്തിക്കൊണ്ടിരിക്കുന്ന പുതിയ ഗവേഷണത്തെപ്പറ്റിയുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നല്ലോ. കൊറോണ വൈറസ് ബാധിച്ച രോഗികൾ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിനു മുമ്പുതന്നെ അവരിലെ രോഗബാധ മണത്തു കണ്ടുപിടിക്കാനുള്ള ശേഷി നായ്ക്കൾക്ക് ഉണ്ടോ എന്നറിയാനാണ് ഈ പഠനം നടക്കുന്നത്. 

ഇങ്ങനെ നായ്ക്കൾക്ക് മണത്തും മറ്റും കണ്ടെത്താവുന്ന ഒരസുഖമാണോ കൊവിഡ് ? അങ്ങനെ ഒരു പ്രവൃത്തി സാധ്യമാക്കും വിധം എന്ത് സവിശേഷതയാണ് നായ്ക്കളുടെ ഘ്രാണസംവിധാനത്തിലുള്ളത്?

പരീക്ഷണത്തിന്റെ ഒന്നാം ഘട്ടം 

ഇതേ ഗവേഷണസംഘം മുൻ കാലങ്ങളിൽ മലേറിയ, കാൻസർ, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങൾ ഇതുപോലെ മണത്തു കണ്ടെത്താൻ നായ്ക്കളെ വിജയകരമായി പരിശീലിപ്പിച്ചിട്ടുണ്ട് എന്നതാണ് പ്രതീക്ഷയ്ക്ക് വക നൽകുന്നത്. കോക്കർ സ്പാനിയൽ, ലാബ്രഡോർ ഇനങ്ങളിൽ പെട്ട ചില സ്‌നിഫർ നായ്ക്കളാണ് ഈ ആവശ്യത്തിനായി പരിശീലനത്തിന് വിധേയരാകുന്നത്. നാഷണൽ ഹെൽത്ത് സർവീസിൽ ലണ്ടനിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സുമാർ വഴി ശേഖരിക്കുന്ന രോഗികളുടെ ഗന്ധസാമ്പിളുകളിലാണ് നായ്ക്കളെ പരിശീലിപ്പിച്ചെടുക്കാൻ ശ്രമിക്കുന്നത്. ട്രയലിൽ നായ്ക്കൾ ഈ പണി വിജയകരമായി ചെയുന്നുണ്ട് എന്ന് തെളിഞ്ഞാൽ എയർപോർട്ടുകളിലും നായ്ക്കളെ ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് ഗവൺമെന്റ് ഉദ്ദേശിക്കുന്നത്. 

എന്തുകൊണ്ട് നായ്ക്കൾ?

നായ്ക്കളെ ഇതിനു മുമ്പും സ്ഫോടകവസ്തുക്കൾ, മയക്കുമരുന്ന്, ബോംബുകൾ തുടങ്ങിയവ കണ്ടെത്താൻ വേണ്ടി എയർപോർട്ടുകളിലും മറ്റും ഉപയോഗപ്പെടുത്തിയ ചരിത്രമുണ്ട്. ഫ്രണ്ടിയേഴ്‌സ് ഇൻ വെറ്ററിനറി സയൻസ് എന്ന മാസികയിൽ 2015 -ൽ പ്രസിദ്ധപ്പെടുത്തിയ ശാസ്ത്രലേഖനം പറയുന്നത് നായ്ക്കളുടെ ഘ്രാണേന്ദ്രിയങ്ങൾക്ക് പാര്‍‌‌ട്‌സ് പെർ ട്രില്യൺ (പതിനായിരം കോടിയിലൊന്ന്) വരെ കുറഞ്ഞ സാന്ദ്രതയിലുള്ള ഗന്ധങ്ങൾ മണത്തറിയാനുള്ള ശേഷിയുണ്ട് എന്നാണ്. പത്തു ലക്ഷത്തിൽ ഒന്ന് മാത്രമുള്ള ഗന്ധങ്ങളെപ്പോലും വേറിട്ടറിയാനും നായ്ക്കൾക്ക് സാധിക്കുമത്രേ. 

നായ്ക്കളുടെ മൂക്കിനുള്ളിലെ സങ്കീർണ്ണമായ ഘടനയാണ് അവരുടെ ഉയർന്ന ഘ്രാണ ശക്തിക്ക് കാരണം എന്നാണ് മെഡിക്കൽ ഡിറ്റക്ഷൻ ഡോഗ്സിന്റെ അഭിപ്രായം. മനുഷ്യന്റെ നാസാരന്ധ്രങ്ങളിൽ 50 ലക്ഷം ഘ്രാണസംവേദിനികൾ ഉണ്ടെങ്കിൽ, നായ്ക്കളിൽ അത് 30 കോടി എണ്ണമാണ്. അതായത് മനുഷ്യരിൽ ഉള്ളതിന്റെ അറുപതിരട്ടിയോളം.  നായ്ക്കളുടെ തലച്ചോറിന്റെ മുപ്പതു ശതമാനത്തോളവും ഘ്രാണസംവേദനം സംബന്ധിച്ച സിഗ്നലുകൾ പ്രോസസ് ചെയ്യാൻ വേണ്ടി മാറ്റിവെച്ചിരികയാണത്രെ. കഴിഞ്ഞ പത്തുവർഷത്തിനിടെ മെഡിക്കൽ ഡിറ്റക്ഷൻ ഡോഗ്സ് നടത്തിയിട്ടുള്ള ഗവേഷണങ്ങളിലൂടെ മനസ്സിലായിട്ടുള്ളത് നായ്ക്കൾക്ക് ഒരു മണിക്കൂറിൽ 250 -ലധികം പേരെ സ്‌ക്രീൻ ചെയ്യാനാകും എന്നാണ്. രണ്ട് വലിയ നീന്തൽക്കുളങ്ങളിൽ കൊള്ളുന്നത്ര വെള്ളത്തിൽ ഒരു ടീസ്പൂൺ പഞ്ചസാര കലക്കിയാൽ അതിന്റെ സ്വാദുപോലും തിരിച്ചറിയാൻ സാധിക്കുന്നത്ര സൂക്ഷ്മമാണ് ഗന്ധങ്ങളുടെ കാര്യത്തിൽ നായ്ക്കൾക്കുള്ള ശേഷി.

പല രോഗങ്ങൾക്കും അവയുമായി ബന്ധപ്പെട്ട ഒരു സവിശേഷമായ ഗന്ധത്തിന്റെ പാറ്റേൺ ഉണ്ടായിരിക്കും. അത് തിരിച്ചറിയാൻ നായ്ക്കളുടെ ഈ സവിശേഷമായ ഘ്രാണശേഷി പ്രയോജനപ്പെടുത്തിയാൽ അത് ഒരുപാടുപേരെ ഒന്നിച്ചു കൊവിഡ് സ്ക്രീനിങ് ചെയ്യേണ്ടി വരുന്നിടത്ത് പ്രയോജനപ്പെടുത്താവുന്നതാണ്.  കൊവിഡ് പോലുള്ള ശ്വസനസംബന്ധിയായ മാരകവ്യാധികളെ, അവയോടു ബന്ധപ്പെട്ടുകിടക്കുന്ന ചില ഗന്ധങ്ങള്‍ വഴി വേർതിരിച്ചറിയാൻ പരിശീലിപ്പിച്ചുകൊണ്ട്, നായ്ക്കളെ വെച്ചുതന്നെ രോഗബാധ കണ്ടെത്താൻ സാധിക്കും എന്നാണ് പ്രതീക്ഷ എന്ന് LSHTM ലെ ഡിസീസസ് കൺട്രോൾ ഡിപ്പാർട്ടുമെന്റ് തലവനായ ജെയിംസ് ലോഗൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഓരോ രോഗവുമായും ബന്ധപ്പെട്ടുകൊണ്ട് ഓരോ അനന്യമായ 'വൊളട്ടയിൽ ബയോ മാർക്കർ'മാർ ഉണ്ടായിരിക്കും. അവയാണ് ആ രോഗത്തിന്റെ 'വൊളട്ടയിൽ ഓർഗാനിക് കോമ്പൗണ്ട്' (VOC) സിഗ്നേച്ചറിന്റെ ഭാഗമാകുക. ഇത്തരം VOC സിഗ്നേച്ചറുകൾ രോഗിയുടെ മൂത്രം, വിയർപ്പ്, നിശ്വാസം, മലം തുടങ്ങിയവയിൽ ദൃശ്യമാകും. അത് രോഗിയുടെ മെറ്റബോളിക് കണ്ടിഷനെ സൂചിപ്പിക്കുന്ന ഒന്നാവും. മറ്റൊരാളിൽ ഈ രോഗം ബാധിക്കുമ്പോൾ, അയാളിൽ നിന്നും ഇതേ സിഗ്നേച്ചർ ഗന്ധം പുറപ്പെടും. അതിനെ മണത്തുപിടിച്ചാൽ അത് അയാളിൽ നമ്മൾ കണ്ടെത്താൻ ശ്രമിക്കുന്ന രോഗം ഉണ്ടെന്നതിന്റെ സൂചനയാകും. ഇങ്ങനെ VOC പാറ്റേണുകൾ മണത്തറിഞ്ഞാൽ  കൊവിഡ് പോലുള്ള സാംക്രമിക രോഗങ്ങൾ കണ്ടെത്താനുള്ള വഴിയായി നായ്ക്കളെയും  ഉപയോഗപ്പെടുത്താം എന്ന് ജേർണൽ ഓഫ് ബയോകെമിസ്ട്രിയിൽ പ്രസിദ്ധപ്പെടുത്തിയ മറ്റൊരു പഠനം പറഞ്ഞിരുന്നു. 


അപ്പോൾ നായ്ക്കൾക്ക് കൊവിഡ് പകരില്ലേ? 

നായ്ക്കളിലേക്ക് കൊവിഡ് പകർന്നതിന്റെ അപൂർവം ചില കേസുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, നായ്ക്കളെ ഈ രോഗം അപകടകരമാം വിധം ബാധിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അമേരിക്കയിൽ ഒന്നും, ഹോങ്കോങ്ങിൽ രണ്ടും വീതം നായ്ക്കൾക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടിരുന്നു എങ്കിലും അതൊന്നും തന്നെ അവയ്ക്ക് ഗുരുതരമായ ആരോഗ്യലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാക്കിയിട്ടില്ല. നായ്ക്കൾ കൊവിഡ് പരത്തുന്നതായും റിപ്പോർട്ടുകളില്ല എന്നാണ് ലോകാരോഗ്യ സംഘടന അവരുടെ വെബ്സൈറ്റിൽ തന്നെ പ്രതികരിച്ചിട്ടുള്ളത്. കൊവിഡ് എന്ന മഹാമാരി മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വന്നതാണ് എങ്കിലും അത് തല്ക്കാലം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് മാത്രമേ പടരുന്നുള്ളൂ എന്നാണ് WHO പറയുന്നത്. 

click me!