കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സവാള സഹായിക്കുമോ?

By Web TeamFirst Published May 19, 2020, 2:27 PM IST
Highlights

ശരിയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യകരമായ ജീവിത ശൈലികളിലൂടെയുമെല്ലാം കൊളസ്ട്രോളിനെ നിയന്ത്രിച്ചു നിര്‍ത്താം.  മാത്രമല്ല, വീട്ടില്‍  തന്നെയുള്ള പല ഭക്ഷണ വസ്തുക്കളും ഇതിനുളള നല്ലൊരു മരുന്ന് കൂടിയാണ്. 

ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കൊളസ്‌ട്രോള്‍. ജീവിതശൈലിയും ഭക്ഷണവും വ്യായാമക്കുറവും ഒരു പരിധി വരെ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. ഹൃദയപ്രശ്‌നങ്ങളുള്‍ക്ക് വരെ വഴിവയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. 

ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍  കൊളസ്‌ട്രോള്‍ എന്നും അറിയപ്പെടുന്നു. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇതാണ് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്കും വഴി വയ്ക്കുന്നത്. 

 

ശരിയായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യകരമായ ജീവിത ശൈലികളിലൂടെയുമെല്ലാം കൊളസ്ട്രോളിനെ നിയന്ത്രിച്ചു നിര്‍ത്താം. മാത്രമല്ല, വീട്ടില്‍ തന്നെയുള്ള പല ഭക്ഷണ വസ്തുക്കളും ഇതിനുളള നല്ലൊരു മരുന്ന് കൂടിയാണ്. 

സവാളയും ചെറിയുള്ളിയും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പോലും പറയുന്നത്.  ചുവന്ന നിറത്തിലുള്ള സവാളയും ചുവന്നുള്ളിയുമാണ് കൊളസ്‌ട്രോള്‍ തടയാന്‍ ഏറെ സഹായിക്കുന്നവ. ഉള്ളിയിലും സവാളയിലും 'ഫ്‌ളേവനോയ്ഡുകള്‍' അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിയുന്നത് തടയാന്‍ ഈ ഫ്‌ളേവനോയ്ഡുകള്‍ സഹായിക്കുമെന്നാണ് 'ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനി'ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. 

അതിനാല്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഉള്ളിയും സവാളയും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താനും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയവ കൂടിയാണിത്. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള വൈറ്റമിന്‍ ബി, വൈറ്റമിന്‍ ബി6, ഫോളിക് എന്നിവയും ആന്റി ഓക്‌സിഡന്‍റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട് . 

 

ഉള്ളിയിലെയും സവാളയിലെയും 'ക്വര്‍സെറ്റിന്‍' എന്ന ഘടകം രക്തം കട്ട പിടിക്കാന്‍ സഹായിക്കും. ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഉള്ളിയിലെ ക്വര്‍സെറ്റിന് നമ്മുടെ ശരീരത്തിലെ 'ഓക്‌സിഡേറ്റീവ് സ്‌ട്രെസ്' കുറയ്ക്കാന്‍ സാധിക്കും. പ്രമേഹരോഗികള്‍ സവാള/ ഉള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ചര്‍മ്മത്തിനുണ്ടാകുന്ന എക്‌സീമ, ഡ്രൈ സ്‌കിന്‍ പ്രശ്‌നങ്ങള്‍ക്കും ഇവ നല്ലതാണ്. 

കൊളസ്ട്രോൾ കുറയ്ക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടി നോക്കാം...

കൊളസ്ട്രോള്‍ കൂടുതലുള്ള ഭക്ഷണം നിത്യാഹാരത്തിൽ കുറയ്ക്കുക. എണ്ണയില്‍ പൊരിച്ച ഭക്ഷണം , 'ജങ്ക്ഫുഡ്' തുടങ്ങിയവ ഒഴിവാക്കുക. 'റെഡ് മീറ്റ്' കഴിക്കുന്നതും കുറയ്ക്കുക. ഓട്സ് , പഴങ്ങള്‍ , ചീര, മുരിങ്ങയില, ഉലുവ, വെളുത്തുള്ളി, കറിവേപ്പില, മത്തി, ഇവയൊക്കെ ദൈനംദിനാഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. അമിതവണ്ണം ഒഴിവാക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും വ്യായാമം ചെയ്യുന്നത് നല്ലതാണ്. ദിവസവും പതിനഞ്ച് മുതല്‍ മുപ്പത് മിനിറ്റ് വരെ വ്യായാമം ചെയ്യാം. 

Also Read: കൊളസ്‌ട്രോളിനെ തുരത്താം; കഴിക്കാം ഈ പത്ത് തരം ഭക്ഷണം...

click me!