ഇനിയും പരിശോധിച്ചില്ലേ? തുടക്കത്തിൽ അറിഞ്ഞാൽ ചികിത്സിച്ച് മാറ്റാം; 10 ലക്ഷം സ്ക്രീനിങ്ങിൽ 86 പേര്‍ക്ക് കാൻസർ

Published : Mar 08, 2025, 04:35 PM IST
ഇനിയും പരിശോധിച്ചില്ലേ?  തുടക്കത്തിൽ അറിഞ്ഞാൽ ചികിത്സിച്ച് മാറ്റാം; 10 ലക്ഷം സ്ക്രീനിങ്ങിൽ 86 പേര്‍ക്ക് കാൻസർ

Synopsis

വനിതാ ദിനത്തില്‍ ചരിത്രം സൃഷ്ടിച്ച് കേരളം - ഒരു മാസത്തിനുള്ളില്‍ 10 ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ സ്‌ക്രീനിംഗ്  

തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തുകൊണ്ട് 10 ലക്ഷത്തിലധികം (10,69,703) പേര്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 1517 ആശുപത്രികളില്‍ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. 

സ്‌ക്രീന്‍ ചെയ്തതില്‍ 42,048 പേരെ കാന്‍സര്‍ സംശയിച്ച് തുടര്‍ പരിശോധനകള്‍ക്കായി റഫര്‍ ചെയ്തു. കാന്‍സര്‍ ക്യാമ്പയിന്‍ വിജയമാക്കിയ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ക്കും സ്ത്രീ സമൂഹത്തിനും മന്ത്രി നന്ദി അറിയിച്ചു. ഭയത്തെ അതിജീവിച്ച് കാന്‍സര്‍ രോഗത്തെ അതിജീവിക്കാന്‍ മുന്നോട്ടുവന്നതില്‍ അഭിനന്ദനം. ഏവര്‍ക്കും വനിതാദിന ആശംസകളും നേര്‍ന്നു.

9,66,665 സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം ഉണ്ടോയെന്നറിയാന്‍ സ്‌ക്രീനിംഗ് നടത്തി. അതില്‍ 20,530 പേരെ (2 ശതമാനം) സ്തനാര്‍ബുദം സംശയിച്ച് തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു. 7,72,083 പേരെ ഗര്‍ഭാശയഗളാര്‍ബുദത്തിന് സ്‌ക്രീന്‍ ചെയ്തതില്‍ 22,705 പേരെ (3 ശതമാനം) തുടര്‍ പരിശോധനയ്ക്കായും 6,52,335 പേരെ വായിലെ കാന്‍സറിന് സ്‌ക്രീന്‍ ചെയ്തതില്‍ 2,383 പേരെ തുടര്‍ പരിശോധനയ്ക്കായും റഫര്‍ ചെയ്തു. ഈ ക്യാമ്പയിനിലൂടെ നിലവില്‍ 86 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരിലും പ്രാരംഭഘട്ടത്തില്‍ തന്നെ കാന്‍സര്‍ കണ്ടുപിടിക്കാനായതിനാല്‍ ചികിത്സിച്ച് വേഗം ഭേദമാക്കാന്‍ സാധിക്കും.

ക്യാമ്പയിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിന്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാര്‍ബുദം, ഗര്‍ഭാശയഗള കാന്‍സര്‍ എന്നിവയോടൊപ്പം മറ്റ് കാന്‍സറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. പരിശോധനയില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് ചികിത്സയും തുടര്‍പരിചരണവും ലഭ്യമാക്കുന്നതാണ്. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് പൂര്‍ണമായും സൗജന്യമായിട്ടാണ് പരിശോധന. എപിഎല്‍ വിഭാഗക്കാര്‍ക്ക് മിതമായ നിരക്കിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുസമൂഹം തുടങ്ങി എല്ലാവരും സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രി, സ്വകാര്യ ലാബുകള്‍ എന്നിവരും സഹകരിക്കുന്നുണ്ട്. പല കാന്‍സറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ സാധിക്കും.

ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, സെക്രട്ടറിയേറ്റ് ജീവനക്കാര്‍, ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചു. അതിലെല്ലാം ബഹുഭൂരിപക്ഷം പേരും പങ്കെടുത്തു. ഇനിയും സ്ക്രീനിംഗിന് വിധേയമായിട്ടില്ലാത്തവർ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തിയാല്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്താവുന്നതാണ്. എല്ലാവരും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന സ്ത്രീകൾക്കായി ഇതാ കെഎസ്ആര്‍ടിസി പദ്ധതി, ഭക്ഷണമടക്കം ഒരുക്കി ബജറ്റ് ടൂറിസവും

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

മുടി തഴച്ച് വളരാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ
നിസാരക്കാരനല്ല ആര്യവേപ്പ് ; അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ