Covid 19 : കൊവിഡ് രോഗിയെ പരിചരിക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ പാലിക്കാൻ മറക്കരുത്

By Web TeamFirst Published Jan 20, 2022, 3:53 PM IST
Highlights

നിങ്ങൾ കൊവിഡ്-19 ബാധിച്ച ഒരു വ്യക്തിയെ പരിചരിക്കുന്ന ആളാണെങ്കിൽ ചില പ്രതിരോധ നടപടികൾ പാലിക്കേണ്ടത് പ്രധാനമാണ്. 

കൊവിഡിന്റെ ഭീതിയിലാണ് ലോകം. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. കൊവിഡ് പോസിറ്റിവ് ആകുന്ന എല്ലാ രോഗികൾക്കും ആശുപത്രിവാസം ആവശ്യമില്ല. നേരിയ ലക്ഷണങ്ങൾ ഉള്ളവർ വീടുകളിൽ തന്നെ ഹോം ക്വറന്റൈൻ കഴിയാവുന്നതാണ്. 

ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശമനുസരിച്ച് കൊവിഡ് 19 പോസിറ്റിവ് ആയ ഒരാൾ വായുസഞ്ചാരമുള്ള ഒരു ഒറ്റ മുറിയിൽ ഹോം ഐസൊലേഷനിൽ കഴിയണം എന്നാണ് നിർദേശിക്കപ്പെടുന്നത്. യാതൊരു കാരണവശാലും വീട്ടിലെ മറ്റുള്ളവർ രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തുകയോ രോഗിയുടെ മുറി ഉപയോഗിക്കുകയോ ചെയ്യുന്നത് കഴിവതും ഒഴിവാക്കുക.

നിങ്ങൾ കൊവിഡ് 19 ബാധിച്ച ഒരു വ്യക്തിയെ പരിചരിക്കുന്ന ആളാണെങ്കിൽ ചില പ്രതിരോധ നടപടികൾ പാലിക്കേണ്ടത് പ്രധാനമാണ്. ഇടയ്ക്കിടെ ഇളം ചൂടുവെള്ളം കുടിക്കുക, ആവശ്യത്തിന് വിശ്രമം, പുതുതായി തയ്യാറാക്കിയ ഭക്ഷണം കഴിക്കുക തുടങ്ങിയവ പരിചരിക്കുന്നവർ പാലിക്കേണ്ട ചില നടപടികളാണ്. വീട്ടിൽ കൊവി‍ഡ് രോ​ഗിയെ പരിചരിക്കുന്നവർ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് ആയുഷ് മന്ത്രാലയം വ്യക്തമാക്കുന്നു.

ഒന്ന്...

മാസ്ക് ധരിക്കാനും, സാമൂഹിക അകലം പാലിക്കാനും, രോഗബാധിതമായ ഏതെങ്കിലും പ്രതലത്തിൽ സ്പർശിച്ചതിന് ശേഷം സോപ്പ് ഉപയോഗിച്ച് കൈ കഴുകാനും ശ്രദ്ധിക്കുക. 

രണ്ട്...

ഒരു നുള്ള് മഞ്ഞളും ഉപ്പും ചേർത്ത ചെറുചൂടു വെള്ളം ഉപയോ​ഗിച്ച് വായ കഴുകുക. ഭക്ഷണം പുതുതായി തയ്യാറാക്കിയതും എളുപ്പത്തിൽ ദഹിക്കുന്നതുമായിരിക്കണം. ആവശ്യത്തിന് ഉറങ്ങുക (7-8 മണിക്കൂർ). 

മൂന്ന്...

രോഗബാധിതരായ വ്യക്തികൾ ഉള്ള വീട്ടിൽ ഉറങ്ങുമ്പോൾ ഒഴികെ കുടുംബത്തിലെ മറ്റ് അംഗങ്ങളെല്ലാം N95 മാസ്ക് ധരിക്കേണ്ടത് ഏറ്റവും പ്രധാനമാണെന്ന കാര്യം ഓർമയിൽ വയ്ക്കുക.

നാല്...

ജീരകം, പുതിനയില, യൂക്കാലിപ്റ്റസ് ഓയിൽ (1-5 തുള്ളി), കർപ്പൂരം എന്നിവ ഉപയോഗിച്ച് ഒരു നേരം ആവി പിടിക്കുക. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും യോഗാസനം, ധ്യാനം എന്നിവ ശീലമാക്കുക.

അഞ്ച്...

പ്രതിരോധശേഷി വർധിപ്പിക്കാൻ മഞ്ഞൾ, ജീരകം, മല്ലിയില, വെളുത്തുള്ളി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ആയുഷ് മാർഗ്ഗനിർദ്ദേശങ്ങൾ നിർദ്ദേശിക്കുന്നു. ഒരു ഗ്ലാസ് ചൂടുള്ള പാലിൽ അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കുടിക്കുന്നതും അണുബാധയെ അകറ്റി നിർത്താൻ വളരെ സഹായകരമാണ്.

Read more : വാക്സിൻ എടുക്കാതിരിക്കാൻ കൊവിഡ് വരുത്തിവച്ചു; ഒടുവിൽ മരണത്തിന് കീഴടങ്ങി

click me!