
ചെന്നൈ: കൊവിഡ് 19 ബാധ സംശയിക്കുന്ന പൂച്ചയെ നാടുകടത്താന്‍ നീക്കം. എന്നാല്‍ പൂച്ചയെ മോചിപ്പിക്കണം എന്ന ആവശ്യവുമായി മൃഗസ്നേഹികളുടെ സംഘടനയായ പേറ്റ(പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഓഫ് അനിമല്‍സ്) രംഗത്തെത്തി.
ഇറച്ചിക്കും രോമത്തിനുമായി പൂച്ചയെ കൊല്ലുന്ന ചൈനയിലേക്ക് ഇതിനെ നാടുകടത്തരുതെന്നാണ് ഇവരുടെ ആവശ്യം. ചൈനയില്‍ നിന്ന് 20 ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു കണ്ടെയ്നറില്‍ പൂച്ച ചെന്നൈ തുറമുഖത്തെത്തിയത്. കൊവിഡ് 19 പൂച്ചകള്‍ വഴി പടരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പേറ്റ ചെന്നൈ പോര്‍ട്ട് അധികൃതര്‍ക്ക് കത്തയച്ചത്. വളര്‍ത്തു മൃഗങ്ങള്‍ വഴി കൊവിഡ് 19 പടരാന്‍ സാധ്യതയില്ലെന്ന് വിവിധ അന്താരാഷ്ട്ര ആരോഗ്യ സംഘടനകള്‍ സൂചിപ്പിച്ചതായി അമേരിക്കന്‍ വെറ്റിനറി മെഡിക്കല്‍ അസോസിയേഷന്‍ അവരുടെ വെബ്സൈറ്റില്‍ അറിയിച്ചിരുന്നു.
പൂച്ച ചൈനയില്‍ നിന്ന് തന്നെ എത്തുന്നതാണോ എന്ന സംശയവും പേറ്റ പ്രകടിപ്പിച്ചു. ചൈനയില്‍ നിന്ന് തുറമുഖം വിട്ട കപ്പല്‍ സിംഗപ്പൂര്‍, കൊളമ്പോ, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ചരക്ക് കയറ്റി ഇറക്കാനായി കണ്ടൈനര്‍ തുറക്കുമ്പോള്‍ പൂച്ച ഇതില്‍ കയറിപ്പറ്റാനുള്ള സാധ്യതയും ഉള്ളതായി പേറ്റ കൂട്ടിച്ചേര്‍ത്തു. 20 ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ പൂച്ച ജീവിച്ചു എന്നത് വിശ്വസിക്കാനാവില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷണത്തിനും രോമത്തിനുമായി പൂച്ചകളെ കൊല്ലുന്ന ചൈനയിലേക്ക് പൂച്ചയെ തിരിച്ചയച്ചാല്‍ വലിയ ക്രൂരത നേരിടേണ്ടി വരുമെന്നും പൂച്ചയ്ക്ക് സ്ഥിരമായ സംരക്ഷണം ഉറപ്പാക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും പേറ്റ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam