Latest Videos

അഞ്ചാംപനി വ്യാപനം; കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം

By Web TeamFirst Published Nov 23, 2022, 6:54 PM IST
Highlights

അഞ്ചാംപനി വ്യാപനത്തെ കുറിച്ചുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സംഘത്തെ സംസ്ഥാനങ്ങളിലേക്ക് അയക്കുന്നത്. മലപ്പുറം, റാഞ്ചി, അഹമ്മദാബാദ് എന്നിവിടങ്ങൾ കേന്ദ്ര സംഘം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കും.

ദില്ലി: അഞ്ചാംപനി വ്യാപനം നിയന്ത്രിക്കാനായി കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയച്ച് ആരോഗ്യമന്ത്രാലയം. മലപ്പുറം, റാഞ്ചി, അഹമ്മദാബാദ് എന്നിവടങ്ങളിലേക്കാണ് കേന്ദ്ര സംഘത്തെ അയച്ചത്. രോഗവ്യാപനം നിരീക്ഷിക്കുന്നതിലും, പ്രതിരോധ മാർഗ്ഗങ്ങൾ നിർദേശിക്കുന്നതിലും സംഘം സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്കൊപ്പം ചേർന്ന് പ്രവർത്തിക്കും. സന്ദർശനത്തിന് ശേഷം കേന്ദ്ര സംഘം ആരോഗ്യ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും.

മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന വളരെ സാംക്രമിക രോഗമാണ് അഞ്ചാംപനി. പ്രാരംഭ ലക്ഷണങ്ങളിൽ പനി, പലപ്പോഴും 40 °C (104 °F), ചുമ, മൂക്കൊലിപ്പ്, വീക്കമുള്ള കണ്ണുകൾ എന്നിവ ഉൾപ്പെടുന്നു. വൈറസ് ശരീരത്തിലെത്തിയാൽ 10 മുതല് 14 ദിവസത്തിനുള്ളിലാണ് സാധാരണയായി ലക്ഷണങ്ങൾ കണ്ടുതുടുങ്ങുന്നത്.

ലക്ഷണങ്ങൾ ഇവയൊക്കെ...       

പനിയാണ് അഞ്ചാംപനിയുടെ ആദ്യത്തെ പ്രധാനപ്പെട്ട ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും. അത് കഴിഞ്ഞ് നാല് ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകിൽ നിന്ന് തുടങ്ങി മുഖത്തേക്ക് പടർന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകൾ കാണപ്പെടും. അപ്പോഴേക്കും പനി പൂർണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയും ഉണ്ടാകാം. അസുഖമുള്ള ഒരാളുടെ കണ്ണിൽ നിന്നുള്ള സ്രവത്തിൽ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയോ രോഗപ്പകർച്ചയുണ്ടാകാം. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പർക്കമുണ്ടായ 90 ശതമാനം ആൾക്കാർക്കും അഞ്ചാം പനി പിടിപെടാം.

Also Read: മുംബൈയില്‍ അഞ്ചാംപനി പടര്‍ന്നുപിടിക്കുന്നു ; വാക്സിനേഷൻ ഡ്രൈവുകൾ ആരംഭിച്ചു

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

  • വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണം.
  • രോഗിയുമായുള്ള സമ്പർക്കം കഴിവതും ഒഴിവാക്കുക.
  • കുട്ടികളിൽ രോഗം പെട്ടെന്ന് സങ്കീർണതകളിലേക്ക് പോകാൻ സാധ്യതയുണ്ട്. 
  • തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാലയോ മറ്റ് ഉപാധികളോ ഉപയോഗിച്ച് മൂക്കും വായും മറച്ചു പിടിക്കുക. 
  • രോഗലക്ഷണങ്ങൾ കണ്ടാല്‍ ഉടൻ ചികിത്സ തേടുക.
click me!