
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടില്‍ത്തന്നെ മുഴുവന്‍ സമയം ചിലവിടുന്ന സാഹചര്യത്തിലാണ് നമ്മളുള്ളത്. രു വിഭാഗം ആളുകള്‍ വീട്ടിലിരുന്ന് കൊണ്ട് ഓണ്‍ലൈനായി ജോലി ചെയ്യുന്നു. മറ്റുള്ളവരാകട്ടെ, സിനിമ കണ്ടും സോഷ്യല്‍ മീഡിയ നോക്കിയും ഗെയിം കളിച്ചുമെല്ലാം സമയം കളയുന്നു.
ഈ രണ്ട് വിഭാഗക്കാരും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നിനെക്കുറിച്ചാണ് ഡോക്ടര്‍മാര്‍ ഈ ഘട്ടത്തില്‍ ഓര്‍മ്മിപ്പിക്കുന്നത്. മറ്റൊന്നുമല്ല, കണ്ണിന്റെ ആരോഗ്യത്തെ കുറിച്ചാണ് പറയുന്നത്. ലോക്ക്ഡൗണ്‍ തുടങ്ങിയ ശേഷം കണ്ണിന് പ്രശ്‌നങ്ങളുമായി തങ്ങളെ ബന്ധപ്പെട്ടവര്‍ നിരവധിയാണെന്നാണ് ഒപ്താല്‍മോളജിസ്റ്റുകള്‍ അവകാശപ്പെടുന്നത്.
മുഴുവന്‍ സമയം വീട്ടില്‍ത്തന്നെ ആയതോടെ കംപ്യൂട്ടറിനോ മൊബൈല്‍ ഫോണിനോ മുന്നില്‍ ചിലവിടുന്ന സമയം ഗണ്യമായി കൂടിയതായും ഇതുമൂലം 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം' എന്ന അവസ്ഥ പലരിലും കണ്ടുവരുന്നതായും ഇവര്‍ പറയുന്നു.
'സാധാരണഗതിയില്‍ ഒരു മിനുറ്റിനകം നമ്മള്‍ 12 മുതല്‍ 14 തവണ വരെ കണ്ണ് ചിമ്മുന്നുണ്ട്. എന്നാല്‍ സ്‌ക്രീന്‍ സമയം കൂടും തോറും ഈ എണ്ണം കുറഞ്ഞുവരും. അത് കണ്ണ് ഡ്രൈ ആകാനും കണ്ണില് ചൊറിച്ചില്‍ അനുഭവപ്പെടാനുമെല്ലാം ഇടയാക്കും. കാലാവസ്ഥ, എസി- ഫാന്‍ എന്നിവയുടെ ഉപയോഗം എന്നിവയെല്ലാം ഈ അവസ്ഥയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും...'- കോര്‍ണിയ സ്‌പെഷ്യലിസ്റ്റായ ഡോ. റിതിന്‍ ഗോയല്‍ പറയുന്നു.
അധികസമയം സ്‌ക്രീനില്‍ നോക്കിയിരിക്കുന്നത് കണ്ണിന്റെ മറ്റ് ഭാഗങ്ങളെ ബാധിച്ചേക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
'ലാപ്‌ടോപ്പിലോ മൊബൈല്‍ ഫോണിലോ ഏറെ നേരം നോക്കിയിരിക്കുന്നത് കണ്ണിന്റെ ഫോക്കസിംഗ് പവറിനെ പ്രതികൂലമായി ബാധിക്കും. ഇത് കണ്ണിന് ക്ഷീണമുണ്ടാക്കുകയും, കണ്ണ് തുറക്കാന്‍ പ്രയാസം തോന്നുന്ന തരത്തില്‍ കനം അനുഭവപ്പെടുത്തുകയും ചെയ്യുന്നു...' കണ്‍സള്‍ട്ടന്റ് ഒപ്താല്‍മോളജിസ്റ്റായ ഡോ. ഗഗന്‍ജീത്ത് സിംഗ് ഗുജ്‌റാള്‍ പറയുന്നു.
Also Read:- കൊവിഡ്; കണ്ണുകളിലൂടെ വൈറസുകൾ ശരീരത്തിനുള്ളിൽ പ്രവേശിക്കുമോ? ഡോക്ടര്‍ പറയുന്നു...
ചിലരില്‍ ഈ പ്രശ്‌നങ്ങളുടെ തീവ്രത കൂടുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കണ്ണിന് സര്‍ജറികള്‍ കഴിഞ്ഞവര്‍, ഹോര്‍മോണ്‍ പ്രശ്‌നമുള്ളവര്‍, റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങളുള്ളവര്‍ എല്ലാം ഇക്കൂട്ടത്തില്‍ പെടും. ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ വലിയൊരു പരിധി വരെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും കണ്ണിനെ സുരക്ഷിതമാക്കാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
സ്‌ക്രീനിലേക്ക് തുടര്‍ച്ചയായി നോക്കിയിരിക്കാതെ എല്ലാം 20 മിനുറ്റിലും ഇടവേളയെടുക്കുക, സ്‌ക്രീനും കണ്ണും തമ്മിലുള്ള അകലം കൂട്ടുക, നിര്‍ബന്ധിതമല്ലാത്ത സാഹചര്യത്തില്‍ ലാപ്‌ടോപ്- മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്ത് മറ്റ് വിനോദങ്ങളില്‍ മുഴുകുക, കണ്ണിന്റെ ആരോഗ്യത്തിനാവശ്യമായ തരത്തിലുള്ള ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുക എന്നിവയാണ് ഇതില്‍ പ്രധാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam